ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനില്ലെന്ന് സിസ്റ്റമ

Posted on: 28 Nov 2012
മുംബൈ: ഇന്ത്യയില്‍ കോടികള്‍ നിക്ഷേപിക്കാനുള്ള നീക്കത്തില്‍ നിന്ന് റഷ്യന്‍ ടെലികോം കമ്പനിയായ സിസ്റ്റമ പിന്‍മാറി. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് വാര്‍ത്ത ഏജന്‍സിയായ ബ്ലൂംബര്‍ഗിനോട് നിക്ഷേപത്തിന് സുരക്ഷ നല്‍കിയാല്‍ ഇന്ത്യയില്‍ കോടികള്‍ നിക്ഷേപിക്കുമെന്ന് സിസ്റ്റമ പറഞ്ഞത്. എന്നാല്‍, ഇന്ത്യയില്‍ ഇനി നിക്ഷേപിക്കാനില്ലെന്നാണ് കമ്പനിയുടെ നിലവിലെ നിലപാട്. മറ്റൊരു ടെലികോം കമ്പനിയായ എയര്‍സെല്ലിനെ ഏറ്റെടുക്കുമെന്ന വാര്‍ത്തകളും സിസ്റ്റമ നിഷേധിച്ചിട്ടുണ്ട്.

സിസ്റ്റമ-ശ്യാം ടെലിസര്‍വീസീസലുള്ള പങ്കാളിത്തം കുറയ്ക്കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്. സിസ്റ്റമയ്ക്ക് സിസ്റ്റമ ശ്യാമില്‍ 57 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. സിസ്റ്റമ ശ്യാം ടെലിസര്‍വീസസിന് ലഭിച്ച 21 രണ്ടാം തലമുറ(2ജി) റേഡിയോ സ്‌പെക്ട്രം ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കിയതാണ് സിസ്റ്റമയ്ക്ക് ഇന്ത്യയിലേറ്റ തിരിച്ചടി.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ് കമ്പനിയുടെ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താനുള്ള നല്ല മാര്‍ഗമെന്നാണ് സിസ്റ്റമ ഇപ്പോള്‍ കരുതുന്നത്. 2ജി ലൈസന്‍സുകള്‍ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യ വിടാന്‍ തീരുമാനിക്കുന്ന ആദ്യ കമ്പനിയല്ല സിസ്റ്റമ. നോര്‍വീജിയന്‍ കമ്പനിയായ ടെലിനോറും ബഹറിനില്‍ വേരുകളുള്ള എസ് ടെലും നേരത്തേ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ കമ്പനികളില്‍ വീഡിയോകോണ്‍ തങ്ങളുടെ പ്രവര്‍ത്തനം ആറ് സര്‍ക്കിളുകളിലേക്ക് വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. യു.എ.ഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എത്തിസലാത്തും ഇന്ത്യയില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചിരുന്നു.

Tags: Sistema to scale down its India exposure
»  News in this Section