
സോള്‍: ബ്ലാക്‌ബെറിയുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനിയെ ഏറ്റെടുക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്‌സ് വ്യക്തമാക്കി. ഏറ്റെടുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു സാംസങ് വൃത്തങ്ങള്‍. ഏറ്റെടുക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സാംസങ് നേരത്തെയും തള്ളിക്കളഞ്ഞിരുന്നു.
റിമ്മിനെ ഏറ്റെടുക്കാനോ അവരുടെ പുതിയ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ 'ബ്ലാക്‌ബെറി 10'ന്റെ ലൈസന്‍സ് എടുക്കാനോ പദ്ധതിയില്ലെന്ന് കമ്പനി വിശദീകരിച്ചു.
ഏറ്റെടുക്കല്‍ സംബന്ധിച്ച ഊഹാപോഹങ്ങളെത്തുടര്‍ന്ന് ബുധനാഴ്ച റിമ്മിന്റെ ഓഹരി വില അഞ്ച് ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു.
രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ബ്ലാക്‌ബെറി നിര്‍മാതാക്കള്‍. കഴിഞ്ഞ ത്രൈമാസത്തില്‍ 51.8 കോടി ഡോളറാണ് കമ്പനിയുടെ നഷ്ടം. പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. ആപ്പിള്‍, സാംസങ് എന്നിവ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ ചുവടുറപ്പിച്ചതോടെയാണ് ബ്ലാക്‌ബെറി പ്രതിസന്ധിയിലായത്.