കൈവശം 75,000 കോടി; എന്നിട്ടും റിലയന്‍സ് കടമെടുക്കുന്നു

Posted on: 30 Jan 2013മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 75,000 കോടി രൂപയുടെ കരുതല്‍ ധനം. ഈ പണം ഉപയോഗിക്കാതെതന്നെ കൂടുതല്‍ തുക വായ്പയെടുക്കുകയാണ് കമ്പനി.

അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും താഴ്ന്ന നിലയിലാണ് പലിശനിരക്കുകള്‍ ഇപ്പോള്‍. ഈ സാധ്യത പ്രയോജനപ്പെടുത്തി, കുറഞ്ഞ ചെലവില്‍ കൂടുതല്‍ പണം കടമെടുക്കുകയാണ് റിലയന്‍സിന്റെ ഉദ്ദേശ്യം. ഇപ്പോഴത്തെ കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാല വായ്പ എടുക്കാനാണ് കമ്പനിയുടെ പദ്ധതി. ഹോങ്കോങ്, സിംഗപ്പൂര്‍ വിപണികളില്‍ ബോണ്ടുകളിറക്കി ഏതാണ്ട്, 2,700 കോടി രൂപ കടമെടുക്കുകയാണ് കമ്പനി.

അടുത്ത 4-5 വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിക്ക് ഏതാണ്ട് ഒരു ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വൈവിദ്യവത്കരണ പദ്ധതികള്‍ക്ക് മുതല്‍മുടക്കാനാണ് ഇത്.

തങ്ങളുടെ പക്കലുള്ള കരുതല്‍ധനം നിലനിര്‍ത്തിക്കൊണ്ട് തത്ക്കാലം വായ്പയെടുത്താല്‍ ഭാവിയില്‍ വായ്പാപലിശ കൂടുന്ന വേളയില്‍ കരുതല്‍ധനം തുണയാകുമെന്നാണ് മുകേഷ് അംബാനിയുടെ വിലയിരുത്തല്‍. മാത്രമല്ല, വന്‍തുക കരുതല്‍ധനമുള്ളതിനാല്‍ റേറ്റിങ് ഏജന്‍സികളില്‍ നിന്ന് മികച്ച ക്രെഡിറ്റ് റേറ്റിങ് ലഭിക്കും. കുറഞ്ഞ പലിശയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വായ്പ ലഭിക്കാന്‍ ഇത് ഉപകരിക്കും.

റിലയന്‍സ് കരുതല്‍ധനം കുമിച്ചുകൂട്ടുന്നതായുള്ള ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് ഇത്തരമൊരു തന്ത്രം കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്.

Tags: RIL will hold on to its Rs75000 crore cash pile, borrow more
»  News in this Section