റീട്ടെയില്‍ കമ്പനികള്‍ റിലയന്‍സ് ലയിപ്പിക്കുന്നു

Posted on: 21 Jan 2013മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിവിധ റീട്ടെയില്‍ കമ്പനികള്‍ ഒറ്റക്കമ്പനിക്ക് കീഴിലാക്കുന്നു. റിലയന്‍സ് ഫ്രഷ് എന്ന കമ്പനിയില്‍ മറ്റു റീട്ടെയില്‍ കമ്പനികള്‍ ലയിപ്പിക്കാനാണ് റിലയന്‍സ് ഒരുങ്ങുന്നത്.

ഇതോടെ റിലയന്‍സ് റീട്ടെയില്‍ എന്ന ഹോള്‍ഡിങ് കമ്പനിക്ക് കീഴില്‍ റിലയന്‍സ് ഫ്രഷ് എന്ന ഒറ്റക്കമ്പനിയായി ചുരുങ്ങും. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റിലയന്‍സ് ഫ്രഷ്, വസ്ത്ര ശൃംഖലയായ റിലയന്‍സ് ട്രെന്‍ഡ്‌സ്, ഗൃഹോപകരണ ശൃംഖലയായ റിലയന്‍സ് ഡിജിറ്റല്‍, പാദരക്ഷകള്‍ക്കായുള്ള റിലയന്‍സ് ഫൂട്ട്പ്രിന്റ്‌സ്, വാഹന ഘടകങ്ങള്‍ക്കായുള്ള റിലയന്‍സ് ഓട്ടോസോണ്‍ , റിലയന്‍സ് ലീഷര്‍ , റിലയന്‍സ് ജെംസ് ആന്‍ഡ് ജ്വല്ലേഴ്‌സ്, റിലയന്‍സ് റീപ്ലേ ഗെയിമിങ് എന്നിവയൊക്കെ ഇതോടെ ഒറ്റ കമ്പനിക്ക് കീഴിലാകും. ഇതിനായി ബോംബേ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

പ്രവര്‍ത്തനക്ഷമത കൂട്ടാനും ഏകോപനം എളുപ്പമാക്കാനുമാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. 2006ല്‍ ഒറ്റ സംരംഭമായി തുടങ്ങിയ റിലയന്‍സ് റീട്ടെയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിവിധ സംരംഭങ്ങളായി വിഭജിക്കുകയായിരുന്നു.

നിലവില്‍ വിവിധ ഫോര്‍മാറ്റിലായി 1,400 സ്‌റ്റോറുകളാണ് ഉള്ളത്. 2012 ഏപ്രില്‍ - ഡിസംബര്‍ കാലയളവില്‍ 7,749 കോടി രൂപയാണ് റിലയന്‍സ് റീട്ടെയിലിന്റെ വിറ്റുവരവ്. 2016 ഓടെ 50,000 കോടി രൂപയുടെ വില്‍പനയാണ് റിലയന്‍സ് റീട്ടെയില്‍ ലക്ഷ്യമിടുന്നത്.

Tags: Reliance Retail to merge all arms into Fresh
»  News in this Section