
ന്യൂഡല്‍ഹി: വായ്പാ പ്രതിസന്ധിയില്‍പ്പെട്ട് വന്‍തോതില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സ്വകാര്യ വിമാനക്കമ്പനിയായ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് പുതുക്കിയ വിമാന സമയക്രമം (ഷെഡ്യൂള്‍) വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറലിന് (ഡി.ജി.സി.എ) സമര്‍പ്പിച്ചു. 28 വിമാനങ്ങളുപയോഗിച്ച് പ്രതിദിനം 175 സര്‍വീസുകള്‍ നടത്താനാണ് കമ്പനി പുതുക്കിയ ഷെഡ്യൂളിലൂടെ പദ്ധതിയിട്ടിരിക്കുന്നത്.
കിങ്ഫിഷര്‍ വന്‍തോതില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ഷെഡ്യൂള്‍ പുനക്രമീകരിക്കാന്‍ 24 മണിക്കൂര്‍ സമയമാണ് ഡി.ജി.സി.എ കമ്പനിയ്ക്ക് നല്‍കിയിരുന്നത്.
സര്‍വീസുകള്‍ മുടങ്ങി യാത്രക്കാര്‍ ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ കടക്കെണിയിലായ കമ്പനിയെ എങ്ങനെ മുന്നോട്ട് കൊണ്ട് പോവുമെന്നത് സംബന്ധിച്ച് കിങ്ഫിഷറിന്റെ സി.ഇ.ഒയോട് ഡി.ജി.സി.എ മേധാവി ഭരത് ഭൂഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ആദായ നികുതി വകുപ്പ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സാഹചര്യത്തിലാണ് കമ്പനി സര്‍വീസുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചത്. മൊത്തം 64 വിമാനങ്ങളില്‍ 24 എണ്ണം മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് കമ്പനിയുടെ സേവനം വന്‍തോതില്‍ മുടങ്ങുന്നത്.
ചൊവ്വാഴ്ച മാത്രം കമ്പനിയുടെ 40ഓളം ആഭ്യന്തര സര്‍വീസുകള്‍ മുടങ്ങി. എന്നാല്‍, സേവനങ്ങള്‍ മുടക്കിയതിനെതിരെ ഡി.ജി.സി.എ കമ്പനിയോട് കടുത്ത നിലപാടെടുത്തേക്കില്ല. യാത്രക്കാര്‍ നേരിട്ട ബുദ്ധിമുട്ട് നീക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഡി.ജി.സി.എ പറഞ്ഞു. എയര്‍ക്രാഫ്റ്റ് നിയമത്തിലെ സെക്ഷന്‍ 140 എ അനുസരിച്ച് വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നതിന് ഡി.ജി.സി.എയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ഇത് പാലിക്കാത്ത പക്ഷം കമ്പനിയുടെ ഫ്ലൈറ്റ് പെര്‍മിറ്റ് റദ്ദാക്കാന്‍ വരെയുള്ള അധികാരം ഡി.ജി.സി.എയ്ക്കുണ്ട്.
കിങ്ഫിഷര്‍ വീണ്ടും വിമാനങ്ങള്‍ റദ്ദാക്കി; കടാശ്വാസം ലഭിച്ചേക്കും