
ന്യൂഡല്‍ഹി: നടപ്പു വര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനമായിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതി ചെയര്‍മാന്‍ സി.രംഗരാജന്‍. ആഗോള സമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 8 ശതമാനം വരെയാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
2011-12 വര്‍ഷത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 7.1 ശതമാനമാണെന്നാണ് കരുതുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം 6.5 ശതമാനമായി കുറയുമെന്നും 2012-13 വര്‍ഷത്തില്‍ ഇത് 5-6 ശതമാനമാവുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2011 നവംബര്‍ മാസത്തിന് ശേഷം പണപ്പെരുപ്പം കുറഞ്ഞിരുന്നു. 2012 മാര്‍ച്ച് മാസത്തോടെ ഇത് 6.5 ശതമാനത്തിലേക്ക് താഴുമെന്നാണ് കരുതുന്നത്.
നടപ്പു വര്‍ഷത്തെ മൊത്ത ആഭ്യന്തര ഉത്പാദനം ബജറ്റില്‍ പ്രതീക്ഷിച്ചതിലും താഴെയായിരിക്കും. കഴിഞ്ഞ വര്‍ഷം നേടിയ 8.4 ശതമാനം വളര്‍ച്ചയ്ക്കും താഴെയായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഉയര്‍ന്ന പലിശ നിരക്കും ആഗോള സാമ്പത്തിക രംഗത്തെ പ്രശ്‌നങ്ങളുമാണ് സമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണം.
അതേസമയം, കാര്‍ഷിക മേഖലയിലെയും കെട്ടിട നിര്‍മാണ മേഖലയിലെയും വളര്‍ച്ച നേരത്തെ പ്രതീക്ഷിച്ചിരുന്നതിലും കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പന്ന നിര്‍മാണ മേഖലയുടെ വളര്‍ച്ച 3.9 ശതമാനമായിരിക്കുമെന്നും കെട്ടിട നിര്‍മാണ മേഖലയുടേത് 6.2 ശതമാനമായിരിക്കുമെന്നുമാണ് കരുതുന്നത്. 2011-12 വര്‍ഷത്തിലെ ആദ്യ മൂന്ന് ത്രൈമാസക്കാലത്തെ വളര്‍ച്ച കുറവായിരിക്കും. എന്നാല്‍ നാലാം ത്രൈമാസത്തോടെ നില മെച്ചപ്പെടുമെന്നാണ് കരുതുന്നത്.