
കൊച്ചി: ആഗോള തലത്തില്‍ ഐബിഎമ്മിന്റെ കോര്‍പ്പറേറ്റ് സര്‍വീസ് കോര്‍പ്‌സ് (സിഎസ്‌സി) പ്രോഗ്രാമിന്റെ ഭാഗമായി നാലു പദ്ധതികള്‍ കമ്പനി കൊച്ചിയില്‍ നടപ്പാക്കുന്നു. ഇന്ത്യ@ 75, ലോക്കല്‍ ഇക്കണോമിക് ഡെവലപ്‌മെന്റ് സൊസൈറ്റി, കാര വെഞ്ച്വേഴ്‌സ്, നവഭാരത് ഫൗണ്ടേഷന്‍ എന്നീ സന്നദ്ധ സംഘടനകളുമായി ചേര്‍ന്നാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമാകാനായി ഫ്രാന്‍സ്, കാനഡ, സ്വീഡന്‍, ബ്രസീല്‍, യുഎസ്എ, ഓസ്‌ട്രേലിയ, സ്ലോവാക്യ, ജര്‍മനി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്നായി 12 അംഗ ഐബിഎം സംഘം കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ആറുമാസക്കാലം ഈ പദ്ധതികളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഐബിഎം സംഘം ഓരോ മാസക്കാലം അതത് പദ്ധതി മേഖലയിലുണ്ടാവും.
ഇന്ത്യയിലെ അതിദ്രുതം വളരുന്ന നാഗരിക മേഖലയായ കൊച്ചിക്ക് അവശ്യം വേണ്ട ചില രംഗങ്ങളിലാണ് ഐബിഎം ശ്രദ്ധയൂന്നുക. ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതകള്‍, യുവ വിഭവശേഷി വികസനം, ചെറുകിട സംരംഭങ്ങളുടെ വികസനം എന്നീ മേഖലകളിലാണ് ഐബിഎം സംഘം സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക.
ഐബിഎം സിഎസ്‌സി സംഘം ഇന്ത്യയില്‍ സേവന സംരംഭങ്ങള്‍ക്കായി എത്തുന്നത് ഇത് പതിനാറാമത്തെ തവണയാണ്. ഐബിഎമ്മിന്റെ മനുഷ്യവിഭവശേഷി സാമൂഹിക സേവന സംരംഭങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഐബിഎം ഇന്ത്യ/സൗത്ത് ഏഷ്യ കോര്‍പ്പറേറ്റ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് കമ്യൂണിറ്റി അഫയേഴ്‌സ് മാനേജര്‍ മമത ശര്‍മ പറഞ്ഞു.
ഐബിഎമ്മിനെ സംബന്ധിച്ചടത്തോളം പ്രധാന നഗരങ്ങളിലൊന്നാണ് കൊച്ചി. ടൂറിസം, മാനുഫാക്ചറിങ്, കപ്പല്‍ നിര്‍മ്മാണം, കടല്‍ വിഭവസുഗന്ധവ്യഞ്ജന കയറ്റുമതി, ഐടി മേഖലകളുടെ വികസനത്തിലൂടെ വന്‍ പുരോഗതിയാണ് കൊച്ചി സമീപകാലത്ത് കൈവരിച്ചത്. ഐബിഎമ്മിന് കൊച്ചിയില്‍ ശാഖാ ഓഫീസും ഉപഭോക്താക്കളുമുണ്ട്.