കിങ്ഫിഷറിന് വീണ്ടും 'തലവേദന'

Posted on: 05 Feb 2012



?
ന്യൂഡല്‍ഹി: വിജയ് മല്യയുടെ നേതൃത്വത്തിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വീണ്ടും പ്രതിസന്ധയില്‍. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ കമ്പനിയിലുള്ള ഓഹരി പങ്കാളിത്തം കുറച്ചതാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

2011 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്‌ഐഐ) ഓഹരി പങ്കാളിത്തം 0.5 ശതമാനമായാണ് കുറഞ്ഞത്. നേരത്തേയിത് 2.11 ശതമാനമായിരുന്നു.

വിദേശ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ നിക്ഷേപത്തിന് അവസരം തുറക്കുന്ന വേളയിലാണ് എഫ്‌ഐഐകളില്‍ നിന്നുള്ള ഈ താത്പര്യമില്ലായ്മ എന്നത് കൗതുകകരമാണ്. രൂക്ഷമായ കടക്കെണിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കമ്പനി വിദേശ നിക്ഷേപത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിനിടെയാണ് എഫ്‌ഐഐകള്‍ ഓഹരി വിറ്റൊഴിയുന്നതായുള്ള കണക്കുകള്‍ പുറത്തുവരുന്നത്.

സണ്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്‌പൈസ്‌ജെറ്റിലും എഫ്‌ഐഐകളുടെ ഓഹരിപങ്കാളിത്തം കുറഞ്ഞിട്ടുണ്ട്. 6.17 ശതമാനത്തില്‍ നിന്ന് 3.81 ശതമാനമായാണ് ഇത് താഴ്ന്നത്. അതേസമയം, ജെറ്റ് എയര്‍വെയ്‌സിലെ എഫ്‌ഐഐകളുടെ ഓഹരിപങ്കാളിത്തം 4.67 ശതമാനത്തില്‍ നിന്ന് 5.42 ശതമാനമായി താഴ്ന്നു.

മൂന്ന് കമ്പനികളും 2011ല്‍ കടുത്ത നഷ്ടമാണ് നേരിട്ടത്. 2011-12 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മൂന്നിന്റെയുംകൂടി നഷ്ടം 1,878 കോടിയാണ്.
Tags: FIIs reduces their holdings in Kingfisher Airlines
»  News in this Section