
ബ്രസല്‍സ്: വന്‍തോതിലുള്ള വായ്പാബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഗ്രീസിന് രണ്ടാം സാമ്പത്തിക ഉത്തേജക പാക്കേജ് അനുവദിക്കാന്‍ യൂറോ മേഖലയിലെ ധനമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായി. 13 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാക്കേജ് അംഗീകരിച്ചത്.
കടുത്ത നിയന്ത്രണങ്ങളോടെ 13,000 കോടി യൂറോ (130 ബില്യന്‍ യൂറോ)യാണ് അനുവദിച്ചത്. അതായത്, ഏതാണ്ട് 84,600 കോടി രൂപ.
2020 ഓടെ ഗ്രീസിന്റെ കടബാധ്യത മൊത്ത ആഭ്യന്തര ഉത്പാദനത്തി(ജിഡിപി)ന്റെ 121 ശതമാനമായി കുറയ്ക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നിലവില്‍ ഇത് 160 ശതമാനമാണ്. സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെയും ചെലവുചുരുക്കലിലൂടെയും വായ്പാബാധ്യത കുറയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഗ്രീസിന്റെ കടപത്രങ്ങള്‍ വാങ്ങിയിട്ടുള്ള സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും മുഖവിലയുടെ 53.5 ശതമാനം നഷ്ടം ഉണ്ടാകും. ഇതു വഴി കടബാധ്യത 10,000 യൂറോ കുറയ്ക്കാനാകുമെന്ന് വിലയിരുത്തുന്നു.