
ന്യൂഡല്‍ഹി: സുപ്രീം കോടതി ഏതാനും ദിവസം മുമ്പ് 122 2ജി ലൈസന്‍സുകള്‍ റദ്ദാക്കിയതിന് പിന്നാലെ സ്വകാര്യ മൊബൈല്‍ സേവനദാതാവായ എസ്‌ടെല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കമ്പനിയുടെ ഹിമാച്ചല്‍ പ്രദേശിലെ ഓഫീസുകളും ശാഖകളും പൂര്‍ണമായി അടച്ചുപൂട്ടി. കസ്റ്റമര്‍ കെയര്‍ സേവനവും ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്.
ഹിമാച്ചലിന് പുറമെ വടക്ക് കിഴക്കന്‍ സര്‍ക്കിള്‍, അസ്സം, ബിഹാര്‍, ഒറീസ, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ഈ സര്‍ക്കിളുകളിലെ പ്രവര്‍ത്തനവും അവസാനിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് മറ്റു കമ്പനികളിലേക്ക് മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) സംവിധാനത്തിലൂടെ മാറാന്‍ എസ്‌ടെല്‍ സൗകര്യമൊരുക്കും. 36 ലക്ഷം വരിക്കാരാണ് കമ്പനിക്കുള്ളത്. 350 ഓളം ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.
2ജി സ്‌പെക്ട്രം വിവാദത്തിന് ശേഷം ഇന്ത്യയില്‍ അടച്ചുപൂട്ടുന്ന ആദ്യ സ്വകാര്യ ടെലികോം കമ്പനിയാണ് എസ്‌ടെല്‍. ലൈസന്‍സുകള്‍ റദ്ദാക്കിയതോടെ ലാഭത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
സി.ശിവശങ്കരന്റെ നേതൃത്വത്തിലുള്ള ശിവ ഗ്രൂപ്പും ബഹ്‌റിന്‍ ടെലികോമും ചേര്‍ന്നുള്ള സംയുക്ത സംരംഭമായിരുന്നു എസ്‌ടെല്‍. 2008ല്‍ എ.രാജ ടെലികോം മന്ത്രിയായിരുന്നപ്പോഴാണ് കമ്പനിക്ക് ആറ് സര്‍ക്കിളുകളിലേക്ക് ലൈസന്‍സ് ലഭിച്ചത്. സുപ്രീം കോടതി 2ജി ലൈസന്‍സുകള്‍ റദ്ദാക്കിയതോടെ എസ്‌ടെല്ലിലെ വിദേശ പങ്കാളിയായ ബഹ്‌റിന്‍ ടെലികോം തങ്ങളുടെ 42.7 ശതമാനം ഓഹരികള്‍ ഏതാണ്ട് 925 കോടി രൂപയ്ക്ക് ശിവ ഗ്രൂപ്പിന് വിറ്റഴിച്ചുകൊണ്ട് കമ്പനിയില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ശിവ ഗ്രൂപ്പ് തീരുമാനിച്ചത്.