
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വിവിധ ബാങ്കുകളിലായി 40,621 കോടി രൂപയുടെ കടബാധ്യത. 2012 ജൂണ്‍ അവസാനത്തെ കണക്കുപ്രകാരമാണ് ഇത്.
2009-10 മുതല്‍ 2012 ജൂണ്‍ 30 വരെ 47,056 കോടി രൂപയുടെ വായ്പയാണ് ബാങ്കുകള്‍ വിമാനക്കമ്പനികള്‍ക്ക് നല്‍കിയത്. കമ്പനികള്‍ തിരിച്ചടയ്ക്കാനുള്ളത് 40,621 കോടി രൂപയും. ധനമന്ത്രി പി.ചിദംബരം ലോക്‌സഭയില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ഇത് അറിയിച്ചത്.
5,120.74 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ലഭിക്കാനുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്കിനാകട്ടെ, 4,010 കോടി രൂപയും.
ബാങ്ക് ഓഫ് ഇന്ത്യ (4,614 കോടി രൂപ), ബാങ്ക് ഓഫ് ബറോഡ (4,133 കോടി രൂപ), കനറ ബാങ്ക് (2,327 കോടി രൂപ), ഐഡിബിഐ ബാങ്ക് (2,550 കോടി രൂപ) എന്നിവയാണ് ഏറ്റവുമധികം തുക തിരികെ ലഭിക്കാനുള്ള മറ്റു പൊതുമേഖലാ ബാങ്കുകള്‍. സ്വകാര്യ ബാങ്കുകളില്‍ യെസ് ബാങ്കിന് 770 കോടി രൂപയും എച്ച്ഡിഎഫ്‌സി ബാങ്കിന് 23 കോടി രൂപയും ലഭിക്കാനുണ്ട്.