2ജി ലേലം അവസാനിച്ചു

Posted on: 14 Nov 2012
ന്യൂഡല്‍ഹി: രണ്ടാം തലമുറ (2ജി) സ്‌പെക്ട്രത്തിനായി തിങ്കളാഴ്ച്ച തുടങ്ങിയ ലേലം ബുധനാഴ്ച്ചയോടെ അവസാനിച്ചു. നേരത്തെ നല്‍കിയ 122 ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് രണ്ടാമതും നടത്തിയ ലേലത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. പ്രതീക്ഷിച്ചതിന്റെ മൂന്നിലൊന്ന് തുകയ്ക്കുള്ള ബിഡ് മാത്രമാണ് ലഭിച്ചതെന്ന് അറിയുന്നു.

10,000 കോടി രൂപയ്ക്ക് താഴെ തുകയ്ക്ക് മാത്രമാണ് ബിഡ് ലഭിച്ചതെന്ന് പ്രാരംഭ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 28,000 കോടി രൂപയെങ്കിലും ലേലത്തിലൂടെ സമാഹരിക്കാന്‍ കഴിയുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതീക്ഷ. ഏഴ് സര്‍ക്കിളുകളില്‍ ഐഡിയ്ക്കും വീഡിയോ കോണിനും സ്‌പെക്ട്രം ലഭിച്ചു. ടെലിനോറിന് ആറ് സര്‍ക്കിളുകളിലും ലഭിച്ചു. എയര്‍ടെല്ലിനും വോഡഫോണിനും ഒന്ന് വീതം സര്‍ക്കിളുകളില്‍ സ്‌പെക്ട്രം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലേലം സംബന്ധിച്ച് സര്‍ക്കാരിന്റെ പ്രതികരണം പുറത്തു വന്നിട്ടില്ല.

ലേലത്തിന്റെ അഞ്ച് റൗണ്ടുകള്‍ അവസാനിച്ചപ്പോള്‍ തിങ്കളാഴ്ച്ച ലഭിച്ചത് 9280 കോടി രൂപ മാത്രമായിരുന്നു. ലേലത്തിന് വെച്ച 176 ബ്ലോക്കുകളില്‍ 98 ബ്ലോക്കുകള്‍ക്ക് മാത്രമാണ് തിങ്കളാഴ്ച്ച ബിഡ് ലഭിച്ചതെന്ന് ടെലികോം സെക്രട്ടറി ആര്‍ ചന്ദ്രശേഖര്‍ വ്യക്തമാക്കിയിരുന്നു.

Tags: 2G auction ends
»  News in this Section