ആങ്കര്‍ കൊച്ചിന്‍

Posted on: 08 Mar 2010



വോള്‍വോ ഓഷ്യന്‍ റേസിന്റെ അലകളൊടുങ്ങിയിട്ടും അനുരണനങ്ങള്‍ അവസാനിച്ചിട്ടില്ല. അറബിക്കടലിന്റെ റാണിക്ക് ലോകം പൊന്‍കരീടം ചാര്‍ത്തിയ വോള്‍വോ റേസിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയും ഒപ്പം കൊച്ചിയെന്ന മാസ്മരിക ടൂറിസ്റ്റ് നഗരത്തേക്കുറിച്ച് വിവരിക്കുകയും ചെയ്യുന്ന ഒരു കോഫി ടേബിള്‍ പുസ്തകം.

കൊച്ചിയുടെ ചരിത്രവും വര്‍ത്തമാനവും ടൂറിസവും ഒരുപോലെ ചിത്രീകരിക്കുന്നു; പിന്നെ സാംസ്‌ക്കാരിക വൈവിധ്യങ്ങളും. വരയും ചിത്രങ്ങളും പുസ്തകത്തെ മനോഹരമാക്കുന്നു. 2008ല്‍ കൊച്ചിയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇവന്റായ വോള്‍വോ ഓഷ്യന്‍ റേസിനെക്കുറിച്ചും പ്രത്യേകം പരാമര്‍ശിക്കുന്നു.

രണ്ടു ഭാഗങ്ങളായാണ് പുസ്തകം. ആദ്യഭാഗത്ത് കൊച്ചിയുടെ ചരിത്രവും പ്രത്യേകതകളും. രണ്ടാം ഭാഗത്ത് വോള്‍വോ റേസിന്റെ വിശേഷങ്ങള്‍. അറുപതുകളിലെ കൊച്ചിയുടെ ചിത്രവും ഒപ്പം അതേ സ്ഥലത്തെ പുതിയ കൊച്ചിയുടെ ചിത്രങ്ങളും പുസ്തകത്തെ അഴകുറ്റതാക്കുന്നു. ചേയിസിങ് ദ മണ്‍സൂണ്‍ എന്ന വിഭാഗത്തില്‍ മഴത്തുള്ളികള്‍ ഇറ്റു വീഴുന്ന കൊച്ചിയെ കാണാം. ചൈനീസ് കണക്ഷനില്‍ ചീനവലകളുടെ മനോഹര ചിത്രങ്ങളും ചരിത്രവും. കൊച്ചിയുടെ രുചികളെക്കുറിച്ച് പ്രമുഖ സാഹിത്യകാരന്‍ എന്‍.എസ്.മാധവന്റെ ലേഖനം. കൊച്ചിയുടെ സുഗന്ധദ്രവ്യ വ്യാപാരം, കൊച്ചിയിലേക്ക് കുടിയേറിയ വിവിധ ദേശക്കാര്‍, വര്‍ഗ്ഗക്കാര്‍ എന്നിവരെക്കുറിച്ചും പ്രതിപാദിക്കുന്നു.

കൊച്ചി മുന്‍ മേയര്‍ കെ.ജെ.സോഹന്‍, ഫോര്‍ട്ട് കൊച്ചിയുടെ ചരിത്രവും പ്രൗഡിയും ഗേറ്റ് വേ ടു കേരള എന്ന ലേഖനത്തിലൂടെ പറയുന്നു. എം.കെ.ദാസ് ആണ് പുസ്തകത്തിന്റെ എഡിറ്റര്‍, കെ.കുഞ്ഞികൃഷ്ണ്ന്‍ എഡിറ്റോറിയല്‍ കോര്‍ഡിനേറ്ററും. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വില: 1000 രൂപ.
Tags: Anchor Cochin
»  News in this Section