മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ ആര്‍ക്കാണ് അനുയോജ്യം?

Posted on: 23 Jul 2012


കെ.അരവിന്ദ്‌മ്യൂച്വല്‍ ഫണ്ടുകള്‍ പോലുള്ള ഓഹരി അനുബന്ധിത നിക്ഷേപ ഉത്പന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഈ ഉത്പന്നങ്ങളുടെ മുന്‍കാല പ്രകടനം ഒരു പ്രധാന മാനദണ്ഡമായി നിക്ഷേപകര്‍ സ്വീകരിക്കാറുണ്ട്. ഇക്വിറ്റി ഫണ്ടുകളില്‍ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ നിക്ഷേപകരെ സംബന്ധിച്ച് ഏറെ ആകര്‍ഷണീയമായി അനുഭവപ്പെടുന്നത് അവയുടെ സമീപകാലത്തെ പ്രകടന ചരിത്രം മൂലമാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെയാണ് മിഡ്&സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ക്ക് ഏറെ പ്രചാരം സിദ്ധിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിടെ വിപണിയില്‍ പലപ്പോഴായി ഉണ്ടായ മുന്നേറ്റങ്ങള്‍ക്കിടെ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ അതിശക്തമായ പ്രകടനം കാഴ്ചവെച്ചതും പല മടങ്ങ് നേട്ടം നല്‍കിയ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ ഏറെ ആകര്‍ഷകമായി മാറിയതും മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഫണ്ടുകളോട് നിക്ഷേപകര്‍ക്കുള്ള ആഭിമുഖ്യം വര്‍ധിപ്പിച്ചു. ഇത് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ പുതിയ മിഡ്&സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ രൂപപ്പെടുത്തുന്നതിനും വഴിവെച്ചു. ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഫണ്ടുകളില്‍ മിക്കതും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വിപണിയിലെത്തിയ ഫണ്ടുകളാണ്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നിഫ്റ്റി നല്‍കിയ ശരാശരി പ്രതിവര്‍ഷ നേട്ടം 6.21 ശതമാനം മാത്രമാണ്. അതേസമയം ഇക്കാലയളവില്‍ മിഡ്&സ്മാള്‍ക്യാപ് ഫണ്ടുകള്‍ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 13.29 ശതമാനമാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും മികച്ച നേട്ടം നല്‍കിയ 10 മിഡ്&സ്മാള്‍ക്യാപ് ഫണ്ടുകളുടെ പ്രകടനം കണക്കിലെടുത്താല്‍ അവ നല്‍കിയ പ്രതിവര്‍ഷ നേട്ടം 19 ശതമാനം മുതല്‍ 23 ശതമാനം വരെയാണ് എന്നു കാണാം. ഇക്കാലയളവില്‍ വേറിട്ട മുന്നേറ്റം കാഴ്ചവെച്ച എഫ്എംസിജി, ഫാര്‍മ, ടെക്‌നോളജി എന്നീ സെക്ടറുകളില്‍ നിക്ഷേപിക്കുന്ന ചില സെക്ടര്‍ ഫണ്ടുകള്‍ക്കു മാത്രമാണ് മിഡ്&സ്മാള്‍ക്യാപ് ഫണ്ടുകളേക്കാള്‍ മികച്ച നേട്ടം നല്‍കാന്‍ സാധിച്ചിട്ടുള്ളത്. ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളില്‍ മറ്റ് വിഭാഗങ്ങളില്‍ പെടുന്ന ഫണ്ടുകളേക്കാള്‍ ഏറെ മികച്ച പ്രകടനമാണ് മിഡ്&സ്മാള്‍ക്യാപ് ഫണ്ടുകള്‍ കാഴ്ച വെച്ചത്.

മിഡ്&സ്മാള്‍ക്യാപ് ഫണ്ടുകളുടെ ഈ പൂര്‍വകാല ചരിത്രം ഓഹരി അനുബന്ധിത നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ താത്പര്യപ്പെടുന്ന നിക്ഷേപകരെ സംബന്ധിച്ചിടത്തോളം പ്രലോഭനീയം തന്നെയാണ്. എന്നാല്‍ നിക്ഷേപത്തിനായി മിഡ്&സ്മാള്‍ക്യാപ് ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിനു മുമ്പ് ഈ ഫണ്ടുകളുടെ നിക്ഷേപ രീതി എങ്ങനെയാണെന്നും അവയില്‍ നിക്ഷേപിക്കുന്നതിലെ റിസ്‌ക് എത്രത്തോളമാണെന്നും നിക്ഷേപകര്‍ മനസിലാക്കിയിരിക്കേണ്ടതുണ്ട്.

5,000 കോടി രൂപയില്‍ താഴെ വിപണിമൂല്യമുള്ള ഓഹരികളിലാണ് പൊതുവെ മിഡ്&സ്മാള്‍ക്യാപ് ഫണ്ടുകള്‍ നിക്ഷേപം നടത്തുന്നത്. ചില ഫണ്ടുകള്‍ പോര്‍ട്ട്‌ഫോളിയോയുടെ ചെറിയൊരു വിഹിതം ലാര്‍ജ്ക്യാപ് ഓഹരികള്‍ക്കായും നീക്കിവെക്കാറുണ്ട്. വിപണി ഉയരുമ്പോള്‍ മറ്റ് ഇക്വിറ്റി ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍ന്നുവെന്നതാണ് മിഡ്&സ്‌മോള്‍ക്യാപ് ഫണ്ടുകളെ ആകര്‍ഷകമാക്കുന്നത്. അതേസമയം വിപണി ഇടിയുമ്പോള്‍ താരതമ്യേന കൂടുതല്‍ ശക്തമായ ഇടിവ് മിഡ്-സ്‌മോള്‍ക്യാപ് ഫണ്ടുകളില്‍ ദൃശ്യമാകുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഓഹരി വിപണി ശക്തമായ തകര്‍ച്ചയെ നേരിട്ട 2008ല്‍ സെന്‍സെക്‌സ് 52.45 ശതമാനം ഇടിഞ്ഞപ്പോള്‍ മിഡ്-സ്‌മോള്‍ക്യാപ് ഫണ്ടുകളിലുണ്ടായ ശരാശരി ഇടിവ് 61.44 ശതമാനമാണ്. 2009ല്‍ വിപണി തിരിച്ചുവരവ് നടത്തിയപ്പോള്‍ സെന്‍സെക്‌സ് 81.03 ശതമാനമാണ് ഉയര്‍ന്നതെങ്കില്‍ മിഡ്-സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ കൈവരിച്ച ശരാശരി നേട്ടം 97.57 ശതമാനമാണ്.

വിപണി ഉയരുമ്പോഴും ഇടിയുമ്പോഴും ലാര്‍ജ്ക്യാപ് കമ്പനികളുടെ ഓഹരികളില്‍ കാണുന്നതിനേക്കാള്‍ ശക്തമായ വ്യതിയാനങ്ങളാണ് അവയേക്കാള്‍ കുറഞ്ഞ വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരികളില്‍ പ്രതിഫലിക്കുന്നത് എന്നതാണ് മിഡ്&സ്മാള്‍ക്യാപ് ഫണ്ടുകളുടെ പ്രകടനത്തില്‍ കടുത്ത ചാഞ്ചാട്ടം പ്രതിഫലിക്കുന്നതിന്റെ കാരണം. അതുകൊണ്ടു തന്നെ മിഡ്&സ്മാള്‍ക്യാപ് ഫണ്ടുകളില്‍ ഉയര്‍ന്ന നേട്ട സാധ്യത പോലെ നഷ്ട സാധ്യതയും കൂടുതലായിരിക്കും.

നിക്ഷേപകന്റെ റിസ്‌ക് സന്നദ്ധത, അയാളുടെ നിലവിലുള്ള പോര്‍ട്ട്‌ഫോളിയോയുടെ സ്വഭാവം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചതിനു ശേഷമേ മിഡ്കാപ്പ് ഫണ്ടുകളില്‍ നിക്ഷേപിക്കണോയെന്ന് തീരുമാനിക്കാന്‍ പാടുള്ളൂ. ഒരു നിക്ഷേപകന്‍ നേരത്തെ മികച്ച മള്‍ട്ടിക്യാപ്, ലാര്‍ജ്ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം നടത്തിയതു വഴി തന്റെ ഓഹരി അനുബന്ധിത നിക്ഷേപത്തില്‍ മതിയായ വൈവിധ്യവല്‍ക്കരണം നല്‍കിയിട്ടുണ്ടെങ്കില്‍ മാത്രമേ അയാള്‍ മിഡ്ക്യാപ് ഫണ്ടുകളെ പരിഗണിക്കേണ്ടതുള്ളൂ. അതും ഉയര്‍ന്ന റിസ്‌ക് സന്നദ്ധതയുള്ള നിക്ഷേപകനാണ് അയാളെങ്കില്‍ മാത്രം.

ഈ വിഭാഗത്തില്‍ വളരെ ദീര്‍ഘമായ പ്രവര്‍ത്തന ചരിത്രമുള്ള ഫണ്ടുകള്‍ പരിമിതമാണെന്നതിനാല്‍ മിഡ്& സ്‌മോള്‍ക്യാപ് ഫണ്ടുകളുടെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. മ്യൂച്വല്‍ ഫണ്ടുകളില്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം തുടരുകയും നേട്ടം മെച്ചപ്പെടുത്താന്‍ നിക്ഷേപത്തിന്റെ ചെറിയ വിഹിതം മിഡ് & സ്‌മോള്‍ക്യാപ് ഫണ്ടുകള്‍ക്കായി മാറ്റിവെക്കാന്‍ താത്പര്യപ്പെടുകയും ചെയ്യുന്നവര്‍ മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുത്ത് എസ്‌ഐപി (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍) വഴി നിക്ഷപം നടത്തുന്നതാണ് അനുയോജ്യം.

Tags: Which type of investors need Mid-cap, Small-cap Funds
»  News in this Section