പുതിയ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ്

Posted on: 30 Apr 2012


കെ.അരവിന്ദ്‌കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ വമ്പിച്ച പരസ്യ പ്രചാരണവുമായി എത്തിയ മുന്‍നിര ഫണ്ട് ഹൗസുകളുടെ ചില പുതിയ ഇക്വിറ്റി ഫണ്ടുകള്‍ നിക്ഷേപകരില്‍ നിന്നും വന്‍തുക സമാഹരിക്കുന്നതില്‍ വിജയിക്കുകയും എന്നാല്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നതാണ് കണ്ടത്. ഓഹരി വിപണി ഉയരുമ്പോഴും നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട ഇത്തരം ഫണ്ടുകളുടെ പ്രകടനം മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപകര്‍ പാലിക്കേണ്ട അടിസ്ഥാന തത്വങ്ങളുടെ പ്രാധാന്യത്തെ വീണ്ടും ഓര്‍മിപ്പിക്കുകയാണ് ചെയ്യുന്നത്.

മ്യൂച്വല്‍ ഫണ്ടുകളുടെ ന്യൂ ഫണ്ട് ഓഫറുകള്‍ (എന്‍എഫ്ഒ) നിക്ഷേപം നടത്താനായി തിരഞ്ഞെടുക്കുന്ന മിക്ക നിക്ഷേപകരും ചില തെറ്റിദ്ധാരണകള്‍ക്ക് അടിപ്പെടുന്നത് കാണാറുണ്ട്. അതിലൊന്ന് ന്യൂ ഫണ്ട് ഓഫറുകള്‍ ചെലവ് കുറഞ്ഞതാണ് അല്ലെങ്കില്‍ വില കുറഞ്ഞതാണ് എന്നതാണ്. ന്യൂ ഫണ്ട് ഓഫറുകളുടെ യൂണിറ്റിന്റെ വില (മുഖവില) 10 രൂപയാണ് എന്നതാണ് ഇത്തരത്തിലുള്ള തെറ്റായ നിഗമനത്തിലെത്തി ചേരുന്നതിന് നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. 200 - 250 രൂപ യൂണിറ്റ് വിലയുള്ള ഫണ്ടുകളേക്കാള്‍ വില കുറഞ്ഞതാണ് ന്യൂ ഫണ്ട് ഓഫറുകളെന്ന് നിക്ഷേപകര്‍ തെറ്റിദ്ധരിക്കുന്നു.

ന്യൂ ഫണ്ട് ഓഫറുകളുടെ യൂണിറ്റിന്റെ മുഖവിലയായ 10 രൂപ അടിസ്ഥാന വിലയാണ്. എല്ലാ ഫണ്ടുകളും 10 രൂപ മുഖവിലയുടെ അടിസ്ഥാനത്തിലാണ് ന്യൂ ഫണ്ട് ഓഫറുകളുമായി വിപണിയിലെത്തുന്നത്. എന്നാല്‍ ഫണ്ടിന്റെ ഗുണനിലവാരവുമായി ഈ വില നിര്‍ണയത്തിന് യാതൊരു ബന്ധവുമില്ല. ഒരു കമ്പനിയുടെ ഓഹരി ഇനീഷ്യല്‍ പബ്ലിക് ഓഫറു (ഐപിഒ) മായി വിപണിയിലെത്തുമ്പോള്‍ ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ ഓഫര്‍ ചെലവേറിയതാണോ അല്ലയോ എന്ന് വിലയിരുത്തുന്നതു പോലെ ന്യൂ ഫണ്ട് ഓഫറുകളെ വിലയിരുത്തുക സാധ്യമല്ല. ഐപിഒയും എന്‍എഫ്ഒയുമായി കാതലായ വ്യത്യാസമുണ്ട്. ഇനീഷ്യല്‍ പബ്ലിക് ഓഫറുമായെത്തുന്ന ഒരു കമ്പനിയുടെ മുന്‍ചരിത്രത്തെയും സാമ്പത്തിക നിലയെയും ആധാരമാക്കിയാണ് ആ ഓഹരിയുടെ അടിസ്ഥാനങ്ങളെ വിലയിരുത്തുകയും ഇഷ്യു വില ന്യായമാണോ എന്ന് നിര്‍ണയിക്കുകയും ചെയ്യുന്നത്. എന്നാല്‍ പുതിയ ഫണ്ടുകളെ ഇത്തരത്തില്‍ വിലയിരുത്താനോ മൂല്യനിര്‍ണയം നടത്താനോ സാധിക്കില്ല. വിപണിയെ സംബന്ധിച്ചിടത്തോളം അവ എല്ലാ അര്‍ത്ഥത്തിലും പുതിയതാണ്. ലിസ്റ്റ് ചെയ്യപ്പെടുന്ന ദിവസം മുതലാണ് ആ ഫണ്ടിന്റെ പ്രകടന ചരിത്രം ആരംഭിക്കുന്നത്.

ഒരു ഫണ്ട് നിക്ഷേപിക്കാനായി തിരഞ്ഞെടുക്കുമ്പോള്‍ ആ ഫണ്ടിന്റെ പ്രകടന സ്ഥിരതയും നേട്ടത്തിലെ മികവും കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരം വിലയിരുത്തലുകളൊന്നും പുതിയ ഫണ്ടുകളുടെ കാര്യത്തില്‍ സാധ്യമല്ല. ചെയ്യാവുന്ന കാര്യം പുതിയ ഫണ്ട് പുറത്തിറക്കുന്ന അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ആസ്തി നിലവാരവും ഫണ്ട് മാനേജറുടെ പ്രവര്‍ത്തന ചരിത്രവും പരിശോധിക്കുകയാണ്. പക്ഷേ ഒരു ഫണ്ട് മാനേജര്‍ മാനേജ് ചെയ്യുന്ന എല്ലാ ഫണ്ടുകളും വിജയിക്കണമെന്നില്ല. അതുകൊണ്ടു തന്നെ ഫണ്ട് മാനേജറുടെ ട്രാക്ക് റെക്കോഡിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു ഫണ്ടിന്റെ ഭാവി പ്രകടന സാധ്യതയെ വിലയിരുത്താനാകില്ല. അതുപോലെ തന്നെ ഉയര്‍ന്ന റേറ്റിംഗും മികച്ച പ്രവര്‍ത്തന ചരിത്രവുമുള്ള ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ഒരു അസറ്റ് മാനേജ്‌മെന്റ് കമ്പനിക്ക് ആ നിലവാരം പുതിയ ഫണ്ടുകളിലും നിലനിര്‍ത്താന്‍ സാധിക്കുമെന്ന് ഉറപ്പൊന്നുമില്ല.

അതുകൊണ്ടുതന്നെ 10 രൂപ മാത്രമേ യൂണിറ്റിന് മുഖവിലയുള്ളൂവെന്ന കാരണത്താല്‍ മാത്രം ന്യൂ ഫണ്ട് ഓഫറുകള്‍ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നതിന് പകരം പ്രകടന സ്ഥിരതയിലും നേട്ടത്തിലും മികച്ചു നില്‍ക്കുന്ന നിലവിലുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.

Tags: Think before investing in new fund offers NFO
»  News in this Section