സിസ്റ്റമാറ്റിക്കായി നിക്ഷേപിക്കാം, ട്രാന്‍സ്ഫര്‍ ചെയ്യാം, പിന്‍വലിക്കാം

Posted on: 17 Sep 2011


കെ.അരവിന്ദ്‌ഓഹരി വിപണി ശക്തമായ ചാഞ്ചാട്ടങ്ങളിലൂടെ കടന്നുപോകുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്കായി നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം കൂടുതല്‍ വെളിപ്പെടുകയാണ്. ക്രമീകൃതമായ നിക്ഷേപം നടത്തുന്നതിന് വിവിധ നിക്ഷേപ രീതികള്‍ നിക്ഷേപകര്‍ക്ക് അവലംബിക്കാവുന്നതാണ്. നിക്ഷേപം നടത്തുന്നതും പിന്‍വലിക്കുന്നതും ക്രമീകൃതമായ ഒരു പദ്ധതി അനുസരിച്ച് മുന്നോട്ടുകൊണ്ടുപോകാന്‍ ഈ നിക്ഷേപ രീതികള്‍ നിക്ഷേപകരെ സഹായിക്കുന്നു. നിക്ഷേപം ഇത്തരത്തില്‍ ക്രമീകരിക്കാനുള്ള മാര്‍ഗങ്ങളാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍, സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ എന്നിവ.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍

വിപണിയിലെ ചാഞ്ചാട്ടങ്ങളെ ഒരു പരിധി വരെ ചെറുക്കാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം പല ഘട്ടങ്ങളിലായി ചെയ്യുന്നതിലൂടെ സാധിക്കും. വിപണിയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) അനുസരിച്ച് നിക്ഷേപിക്കുന്നതാണ് ഏറ്റവും അനുയോജ്യം.

വിപണിയിലെ കയറ്റിറക്കങ്ങളില്‍ വിവിധ വില (എന്‍.എ.വി) കളില്‍ ഫണ്ട് യൂണിറ്റുകള്‍ വാങ്ങുന്നതിനും ഇതുവഴി ശരാശരി നിക്ഷേപ ചെലവ് കുറക്കുന്നതിനും എസ്.ഐ.പി സഹായകമാകുന്നു. പോസ്റ്റ് ഓഫീസ് സേവിങ്‌സ് സ്‌കീമിലോ ബാങ്കുകളുടെ റെക്കറിങ് ഡെപ്പോസിറ്റുകളിലോ എല്ലാ മാസവും നിശ്ചിത തീയതിക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ ഓഹരികളില്‍ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍. വിപണി ഇടിയുമോ എന്ന ആശങ്ക മാറ്റിനിര്‍ത്തി വിപണി ഇടിഞ്ഞാല്‍ അത് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനുള്ള അവസരമാക്കി മാറ്റുകയാണ് എസ്‌ഐപി ചെയ്യുന്നത്. വിപണി ഉയരുമ്പോള്‍ വാങ്ങുന്ന യൂണിറ്റുകളുടെ എണ്ണം കുറയുകയും ചെയ്യും. പ്രതിമാസ എസ്‌ഐപിയാണ് ദീര്‍ഘകാല നിക്ഷേപത്തിന് ഏറ്റവും അനുയോജ്യം.

സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍

എസ്.ഐ.പി പോലെ തന്നെ ക്രമീകൃതമായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതിന് അവലംബിക്കാവുന്ന രീതിയാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍. ഒരു മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ ഒരു ഫണ്ടില്‍ നടത്തിയിരിക്കുന്ന നിക്ഷേപത്തില്‍ നിന്നും അതേ കമ്പനിയുടെ മറ്റൊരു ഫണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിലൂടെ നിക്ഷേപം നടത്തുന്നതാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍.

എസ്.ഐ.പിക്ക് പകരം വളരെ പ്രയോജപ്രദമായി ഉപയോഗിക്കാവുന്ന രീതിയാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍. എസ്.ഐ.പിയില്‍ നിശ്ചിത കാലയളവിനിടെ നിശ്ചിത തീയതികളില്‍ ബാങ്കിലെ സേവിങ്‌സ് അക്കൗണ്ടില്‍ നിന്നും നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. പണം സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് പകരം മ്യൂച്വല്‍ ഫണ്ടുകളുടെ ലിക്വിഡ് ഫണ്ടുകളില്‍ (വളരെ ഹ്രസ്വകാലത്തേക്കുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന, നിക്ഷേപകര്‍ക്ക് എന്‍ട്രി ലോഡോ എക്‌സിറ്റ് ലോഡോ ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും സാധിക്കുന്ന ഫണ്ടുകളാണ് ലിക്വിഡ് ഫണ്ടുകള്‍) നിക്ഷേപിക്കുകയും എസ്.ഐ.പിയിലേതു പോലെ ഈ ലിക്വിഡ് ഫണ്ട് നിക്ഷേപത്തില്‍ നിന്നും നിശ്ചിത കാലയളവിനിടെ നിശ്ചിത തീയതികളില്‍ നിശ്ചിത തുക ഇക്വിറ്റി ഫണ്ടിലേക്ക് ട്രാന്‍ഫര്‍ ചെയ്യുകയുമാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനില്‍ ചെയ്യുന്നത്.

ലിക്വിഡ് ഫണ്ടുകളില്‍ നിന്നുള്ള നേട്ടം കൂടി ഇതുവഴി ഉറപ്പുവരുത്താനാകുന്നുവെന്നതാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുമായി താരതമ്യം ചെയ്യുമ്പോള്‍ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനിനുള്ള മെച്ചം. ലിക്വിഡ് ഫണ്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം ഏകദേശം എട്ട് ശതമാനമാണ്. അതേ സമയം ബാങ്കുകളുടെ സേവിംഗ്‌സ് എക്കൗണ്ടുകളിലെ വാര്‍ഷിക പലിശ 4 ശതമാനമാണ്.

സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍

ഒറ്റത്തവണയായി നിക്ഷേപിക്കുന്നതിന് പകരം നിക്ഷേപം പലപ്പോഴായി നടത്തുന്നതു പോലെ നിക്ഷേപം ഒറ്റയടിക്ക് പിന്‍വലിക്കുന്നതിന് പകരം പലപ്പോഴായി പിന്‍വലിക്കുന്നതും വിപണിയിലെ ചാഞ്ചാട്ടങ്ങളില്‍ നിക്ഷേപകര്‍ക്ക് ഗുണകരമാണ്. ഉയര്‍ന്ന നിലയില്‍ ലാഭമെടുക്കാനും വിപണിയിലെ താഴ്ന്ന നിലകളില്‍ പുനര്‍നിക്ഷേപം നടത്താനും ഇതു വഴി നിക്ഷേപകര്‍ക്ക് സാധിക്കും. മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ വഴി ഈ രീതി വളരെ ക്രമീകൃതമായി ചെയ്യാനാകും.

എസ്.ഐ.പിയില്‍ നിശ്ചിത കാലയളവില്‍ നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാനില്‍ നിശ്ചിത കാലയളവില്‍ നിശ്ചിത തുക പിന്‍വലിക്കുകയാണ് ചെയ്യുന്നത്. ഇത് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ ആറ് മാസത്തിലൊരിക്കലോ ആകാം. ഒരു സ്ഥിരവരുമാനം എന്ന നിലയിലും സിസ്റ്റമാറ്റിക് വിത്‌ഡ്രോവല്‍ പ്ലാന്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

Tags: Systematic investment plan SIP, Withdrawal plan and Transfer plan
»  News in this Section