മ്യൂച്വല്‍ ഫണ്ടുകളുടെ ആസ്തി എട്ടുലക്ഷം കോടി രൂപയായി

Posted on: 11 Dec 2009മുംബൈ: ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ചരിത്രത്തിലാദ്യമായി എട്ടുലക്ഷം കോടി രൂപ ഭേദിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ കൈകാര്യം ചെയ്തിരുന്ന അഞ്ചുലക്ഷം കോടി രൂപയെക്കാള്‍ 64 ശതമാനം കൂടുതലാണിത്. ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും കമ്പനികളും മ്യൂച്വല്‍ ഫണ്ടുകളുടെ കടപ്പത്ര പദ്ധതികളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതാണ് ആസ്തി കുതിച്ചുയരാന്‍ കാരണം.

അനില്‍ അംബാനി ഗ്രൂപ്പിന്റെ റിലയന്‍സ് അസറ്റ് മാനേജ്‌മെന്റ് ആസ്തിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് രണ്ടാം സ്ഥാനത്തെത്തി. റിലയന്‍സ് 1.22 ലക്ഷം കോടിയും എച്ച്ഡിഎഫ്‌സി 1.02 ലക്ഷം കോടിയുമാണ് കൈകാര്യം ചെയ്യുന്നത്. ഒരു മാസത്തിനകം 10 ശതമാനം വര്‍ധനയോടെയാണ് എച്ച്ഡിഎഫ്‌സിയുടെ ആസ്തി ഒരു ലക്ഷം കോടി ഭേദിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഓഹരിവിപണി കുതിച്ചെങ്കിലും ഏപ്രില്‍-ഒക്ടോബര്‍ കാലത്ത് മ്യൂച്വല്‍ ഫണ്ടുകളുടെ ഓഹരി അധിഷുിത പദ്ധതികളിലുണ്ടായ അറ്റ നിക്ഷേപ വര്‍ധന 3,572 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ ഇക്കാലത്ത് കടപ്പത്ര പദ്ധതികളിലേക്ക് 2.5 ലക്ഷം കോടി രൂപയാണ് ഒഴുകിയത്.

ആസ്തിയില്‍ മൂന്നാം സ്ഥാനത്ത് ഐസിഐസിഐ പ്രുഡന്‍ഷ്യലും തൊട്ടടുത്ത് യുടിഐയുമാണ്. യഥാക്രമം 82,139 കോടി രൂപയും 79,895 കോടിയും വരും ഇത്. ബിര്‍ള സണ്‍ലൈഫ്, എല്‍ഐസി, കോട്ടക് മഹീന്ദ്ര, എസ്ബിഐ, ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍, ഐഡിഎഫ്‌സി എന്നിവരാണ് മുന്‍നിരയിലുള്ള മറ്റു സ്ഥാപനങ്ങള്‍.

വായ്പ കുറഞ്ഞതുകാരണം ബാങ്കുകളുടെ നിക്ഷേപം മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകുകയാണ്. മാര്‍ച്ച് ഒടുവില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ബാങ്കുകളുടെ നിക്ഷേപം 45,000 കോടി രൂപയായിരുന്നുവെങ്കില്‍ നവംബര്‍ ആദ്യവാരത്തിലത് 1.6 ലക്ഷം കോടി രൂപയിലേറെയായി. കഴിഞ്ഞ നവംബറില്‍ ഇത് 18,722 കോടി രൂപ മാത്രമായിരുന്നു.


»  News in this Section