മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ഇനി ട്രാന്‍സാക്ഷന്‍ ഫീസും

Posted on: 29 Jul 2011



മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ഇനി അമിത ചാര്‍ജ് നല്‍കേണ്ടി വരും. 10,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിലവിലെ നിക്ഷേപകര്‍ 100 രൂപയും പുതിയ നിക്ഷേപകര്‍ 150 രൂപയുമാണ് ട്രാന്‍സാക്ഷന്‍ ഫീസ് ആയി നല്‍കേണ്ടി വരിക. എന്നാല്‍ നേരിട്ട് നിക്ഷേപിക്കുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല. വിതരണക്കാര്‍ വഴി എസ്.ഐ.പി നിക്ഷേപം നടത്തുന്നവര്‍ 3-4 തവണകളായാണ് ട്രാന്‍സാക്ഷന്‍ ഫീസ് നല്‍കേണ്ടിവരിക.

10,000 രൂപയില്‍ താഴെയുള്ള നിക്ഷേപത്തിന് ഈ ഫീസ് നല്‍കേണ്ടതില്ലെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) അറിയിച്ചു. യുനീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറായ ആധാര്‍ നമ്പര്‍ കൂടി തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുമെന്നും സെബി വ്യക്തമാക്കിയിട്ടുണ്ട്.

2009 സപ്തംബറില്‍ എന്‍ട്രി ലോഡ്(പ്രവേശന നിരക്ക്) ഒഴിവാക്കിയതിനെതിരെ വിതരണക്കാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, എന്‍ട്രി ലോഡിന്റെ തന്നെ മറ്റൊരു രൂപമാണ് സെബി ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. എന്‍ട്രി ലോഡ് ഒഴിവാക്കിയതിനെ തുടര്‍ന്ന് മ്യൂച്വല്‍ ഫണ്ട് മേഖല കിതക്കുന്ന സാഹചര്യത്തിലാണ് സെബിയുടെ നടപടി.

എന്‍ട്രി ലോഡ് ഒഴിവാക്കിയതിന് ശേഷം ഇക്വിറ്റി മേഖലയിലെ വ്യക്തിഗത അക്കൗണ്ടുകള്‍ 4.12 കോടിയില്‍ നിന്നും 3.87 കോടിയായി കുറഞ്ഞതായാണ് സെബിയുടെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നത്. ചെറുകിട നിക്ഷേപകരെ വിപണിയില്‍ തിരിച്ചെത്തിക്കാന്‍ സെബിയുടെ നീക്കം സഹായിക്കുമെന്നാണ് ഫണ്ട് വിതരണക്കാരുടെ അഭിപ്രായം.
Tags: Sebi impose transaction charge
»  News in this Section