മ്യൂച്വല്‍ ഫണ്ട് നിക്ഷേപം

Posted on: 19 Feb 2010



മ്യൂച്വല്‍ ഫണ്ടുകളിലും ഓഹരികളിലും നിക്ഷേപം നടത്തുന്നതിനെക്കുറിച്ചും അത് എന്താണെന്നും ചോദിച്ചും ധാരാളം കത്തുകള്‍ എത്തുന്നുണ്ട്. ഇതേപ്പറ്റി വിശദമായ ഫീച്ചര്‍ ഉടനേ നല്കുന്നതാണ്. എങ്കിലും വളരെ ചുരുക്കമായി മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് പറയാം.

ഒരുപറ്റം നിക്ഷേപകര്‍ അവരുടെ നിക്ഷേപങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് പ്രത്യേക ലക്ഷ്യത്തിനായി നിക്ഷേപിക്കുന്നതിനെയാണ് മ്യൂച്വല്‍ ഫണ്ട് എന്ന് വിവിക്ഷിക്കുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന തുക പ്രഫഷണല്‍ മണി മാനേജര്‍മാര്‍ വിവിധ നിക്ഷേപ ഉപകരണങ്ങളില്‍ നിക്ഷേപിക്കുകയും അതില്‍നിന്ന് റിട്ടേണ്‍ നേടിക്കൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ നിക്ഷേപം ഒരുമിച്ച് ചേര്‍ക്കുന്നവരെ യൂണിറ്റ് ഉടമകള്‍ എന്നു വിളിക്കുന്നു. നിക്ഷേപത്തിന്റെ അനുപാതമനുസരിച്ച് റിട്ടേണും ലഭിക്കുന്നു.

ഇങ്ങനെ സ്വരൂപിക്കുന്ന ഫണ്ടിന്റെ ഉത്തരവാദിത്വം ഫണ്ട് മാനേജര്‍ക്കാണ്. ഓഹരികള്‍, ബോണ്ടുകള്‍, ഗില്‍റ്റുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന നിക്ഷേപ ഉപകരണങ്ങള്‍ മികച്ച ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് മണി മാനേജര്‍മാര്‍ തെരഞ്ഞെടുക്കുക. ഇതിന്റെ ഏറ്റവും നല്ല വശം വിശദമായ ഗവേഷണത്തിനുശേഷം മികച്ച സെക്യൂരിറ്റികളില്‍ നിക്ഷേപം നടത്തുന്നുവെന്നതാണ്.

ഒരു വ്യക്തിയുടെ തീരുമാനത്തേക്കാള്‍ കൂട്ടായ നിക്ഷേപതീരുമാനമാണ് ഇതിലുണ്ടാകുക. അതിനാല്‍ റിസ്‌ക് ഗണ്യമായി കുറയുന്നു. നിക്ഷേപകന്റെ ലക്ഷ്യത്തിന് അനുസരിച്ച് നിക്ഷേപയോഗ്യമായ ഉപകരണങ്ങള്‍ മ്യൂച്വല്‍ ഫണ്ടില്‍ ലഭ്യമാണ്.

ഏറ്റവും കുറഞ്ഞ ചെലവില്‍, വളരെ ലളിതമായി നിക്ഷേപം നടത്താവുന്ന ഉപകരണമായിട്ടാണ് മ്യൂച്വല്‍ ഫണ്ടിനെ കണക്കാക്കുന്നത്. ഉയര്‍ന്ന ലിക്വിഡിറ്റി ഉള്ളതിനാല്‍ വളരെ വേഗം മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളെ പണമാക്കി മാറ്റുവാനും സാധിക്കും. ചുരുക്കത്തില്‍ കുറഞ്ഞ റിസ്‌കില്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കുന്ന ഉപകരണം കൂടിയാണ്.

നൂറു രൂപ മുതല്‍ എത്ര തുക വേണമെങ്കിലും നിക്ഷേപം നടത്താം. അതായത് എത്ര ചെറിയ തുകയാണെങ്കിലും നിക്ഷേപം നടത്താന്‍ കഴിയുമെന്നര്‍ത്ഥം.


»  News in this Section