സാധാരണ നിക്ഷേപകര്‍ക്ക് അനുയോജ്യം മ്യൂച്വല്‍ ഫണ്ടുകള്‍

Posted on: 05 Nov 2011


കെ.അരവിന്ദ്ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്തുന്ന നിക്ഷേപകരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വര്‍ഷവും ആരംഭിക്കുന്ന പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഇതിലേക്കാണ് വിരള്‍ചൂണ്ടുന്നത്.

പക്ഷേ ഇക്കൂട്ടത്തില്‍ ഫലപ്രദമായി നിക്ഷേപം നടത്താന്‍ സാധിക്കുന്നത് ഒരു വിഭാഗത്തിന് മാത്രമാണ് എന്നതാണ് വാസ്തവം. ഇതിനു പ്രധാന കാരണം വ്യത്യസ്ത വിപണി കാലാവസ്ഥകളില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കുന്ന മേഖലകളെ തിരിച്ചറിയാനും ആ മേഖലകളിലെ മികച്ച ഓഹരികളെ കണ്ടെത്താനും സാധാരണ നിക്ഷേപകര്‍ക്ക് പലപ്പോഴും സാധിക്കാതെ വരുന്നു എന്നതാണ്.

ഉദാഹരണത്തിന് 2006-07 കാലയളവിലെ ഓഹരി വിപണിയിലെ മുന്നേറ്റത്തില്‍ ശക്തമായ മുന്നേറ്റം നടത്തിയ റിയല്‍ എസ്റ്റേറ്റ്, പവര്‍, ടെലികോം, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ 2008 ജനവരിയില്‍ എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തിയെങ്കിലും പിന്നീട് കഥ മാറിമറിയുകയായിരുന്നു. 2008-09ലെ ഇടിവിന് ശേഷം, 2009-10ല്‍ ഓഹരി വിപണിയിലുണ്ടായ കുതിപ്പില്‍ ഈ മേഖലകളിലെ ഓഹരികള്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാനായില്ല. അതേസമയം 2007ല്‍ സാധാരണ നിക്ഷേപകരെ ഒട്ടും ആകര്‍ഷിക്കാതിരുന്ന ഐടി, ഓട്ടോ, ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ 2009-10ല്‍ ശക്തമായ പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 2007ല്‍ ശക്തമായ മുന്നേറ്റം നടത്തുകയും 2009-10ല്‍ വിലകളില്‍ പുതിയ ഉയരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തത് ബാങ്കിങ്, മെറ്റല്‍, കണ്‍സ്യൂമര്‍ ഗുഡ്‌സ് തുടങ്ങിയ മേഖലകളാണ്.

2007ല്‍ ആകര്‍ഷകമായിരുന്ന റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികളില്‍ നിക്ഷേപം നടത്തിയ സാധാരണ നിക്ഷേപകര്‍ക്ക് വന്‍തിരിച്ചടിയാണ് 2008 ജനവരിക്ക് ശേഷം നേരിടേണ്ടിവന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍നേട്ടം നല്‍കിയ അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിലെ കമ്പനികളും 2007ല്‍ നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരികളായിരുന്നു. എന്നാല്‍ പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം. 2009-10ല്‍ ഓഹരി വിപണി ശക്തമായ മുന്നേറ്റം നടത്തിയിട്ടും മറ്റ് പല മേഖലകളിലെ ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയിലേക്ക് കുതിച്ചപ്പോഴും റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ക്കും അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പ് ഓഹരികള്‍ക്കും ഈ പ്രകടനത്തില്‍ പങ്കെടുക്കാനായില്ല. ഈ ഓഹരികള്‍ 2008 ജനവരിയിലെ ഉയര്‍ന്ന വിലകളില്‍ നിന്ന് ഇപ്പോള്‍ വളരെയേറെ താഴ്ന്ന നിലയിലുമാണ്. 2007ല്‍ ഈ ഓഹരികളില്‍ നിക്ഷേപം നടത്തിയ സാധാരണ നിക്ഷേപകര്‍ക്ക് നേരിട്ടത് കനത്ത തിരിച്ചടിയാണ്.

ലാര്‍ജ് ക്യാപ് ഓഹരികള്‍ സുരക്ഷിതമാണ് എന്ന ഒരു സങ്കല്‍പ്പമുണ്ടെങ്കിലും അത് ഓഹരി നിക്ഷേപത്തിലെ ഒരു 'മിത്ത്' മാത്രമാണ്. സൂചികാധിഷ്ഠിത ഓഹരികളില്‍ നിക്ഷേപിക്കുന്നത് താരതമ്യേന റിസ്‌ക് കുറവാണെന്ന് പറയാറുണ്ടെങ്കിലും വിപണിയിലെ മുന്നേറ്റത്തില്‍ നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലില്‍ സൂചികാധിഷ്ഠിത ഓഹരികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് അടിതെറ്റുന്നതും അസാധാരണമല്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിഫ്റ്റി 15 ശതമാനം ഇടിഞ്ഞപ്പോള്‍ ചില സൂചികാധിഷ്ഠിത ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയ നഷ്ടം 40-50 ശതമാനമാണ്. അതേസമയം ചില മിഡ് ക്യാപ് ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 30-40 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്.

നേരിട്ടുള്ള ഓഹരി നിക്ഷേപം സങ്കീര്‍ണം

നേരിട്ടുള്ള ഓഹരി നിക്ഷേപം എത്രത്തോളം സങ്കീര്‍ണമാണ് എന്നതാണ് ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നത്. വിവിധ ഘട്ടങ്ങളില്‍ ഓരോ മേഖലയുടെയും പ്രകടനത്തിന്റെ വിവിധ ചക്രങ്ങളെ തിരിച്ചറിയുന്നതില്‍ സാധാരണ നിക്ഷേപകര്‍ക്ക് പരിമിതികളുണ്ട്. ഈ പരിമിതികളെ മറികടക്കാന്‍ സഹായിക്കുന്നുവെന്നതാണ് ഓഹരി അനുബന്ധിത നിക്ഷേപത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. വൈവിധ്യവത്കരണമാണ് നിക്ഷേപത്തിലെ റിസ്‌ക് ഒഴിവാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം. ഇത് ഏറ്റവും ഫലപ്രദമായി ചെയ്യാന്‍ സാധാരണ നിക്ഷേപകര്‍ക്ക് കഴിയുന്നത് മ്യൂച്വല്‍ ഫണ്ടുകളിലൂടെയാണ്. മികച്ച ഫണ്ടുകള്‍ക്ക് ഓഹരി വിപണിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുകയും ചെയ്യുന്നു.

ഉദാഹരണത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സെന്‍സെക്‌സ് 21.33 ശതമാനം ശരാശരി വാര്‍ഷിക നേട്ടം നല്‍കിയപ്പോള്‍ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ തട്ടില്‍ നില്‍ക്കുന്ന ഓഹരികള്‍ക്ക് ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഇക്വിറ്റി മള്‍ട്ടിക്യാപ് ഫണ്ടുകള്‍ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 25.58 ശതമാനമാണ്.

വ്യത്യസ്ത വിപണി കാലാവസ്ഥകളില്‍ പോര്‍ട്ട്‌ഫോളിയോ പുന:സംഘടിപ്പിക്കാനും നിക്ഷേപ അനുപാതം ക്രമീകരിക്കാനുമുള്ള ഫണ്ട് മാനേജര്‍മാരുടെ വൈദഗ്ധ്യമാണ് മ്യൂച്വല്‍ ഫണ്ടുകളുടെ ഇത്തരം പ്രകടനത്തെ സഹായിക്കുന്നത്. ഓഹരികളുടെ തിരഞ്ഞെടുപ്പിന് വേണ്ട പഠനവും നിരീക്ഷണവും നടത്താന്‍ സമയമോ വൈദഗ്ധ്യമോ ഇല്ലാത്ത സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഈ ജോലി മികച്ച ട്രാക്ക് റെക്കോഡുള്ള ഫണ്ട് മാനേജര്‍മാരെ ഏല്‍പ്പിക്കുന്നതാണ് അനുയോജ്യം.

Tags: Mutual Funds are best for common man
»  News in this Section