രാജീവ് ഗാന്ധി ഇക്വിറ്റി സ്‌കീമില്‍ മ്യൂച്വല്‍ ഫണ്ടുകളും

Posted on: 24 Sep 2012


ഡോ.ആന്റണി സി. ഡേവിസ്‌മധ്യവര്‍ഗ നിക്ഷേപകരെ ഓഹരി അധിഷ്ഠിത നിക്ഷേപത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് ബജറ്റില്‍ പ്രഖ്യാപിച്ച രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീമിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉടനെ വിജ്ഞാപനമിറക്കും.

സാധാരണക്കാര്‍ക്കിടയില്‍ ഓഹരി നിക്ഷേപം വളര്‍ത്താന്‍ ലക്ഷ്യമിട്ടാണിത് നടപ്പാക്കുന്നതെങ്കിലും ഇ.ടി.എഫുകളെയും മ്യൂച്വല്‍ ഫണ്ടുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഹരി വിപണിയെ കരുത്തുറ്റതാക്കുകയെന്നതോടൊപ്പം സാധാരണക്കാര്‍ക്കിടയില്‍ ഓഹരി നിക്ഷേപ സംസ്‌കാരം വളര്‍ത്തുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ നേതൃത്വത്തില്‍ പദ്ധതിക്കുകീഴില്‍ മ്യൂച്വല്‍ ഫണ്ടുകളെയും ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ധനമന്ത്രാലയത്തെ സമീപിച്ചിരുന്നു. വിപണിയെക്കുറിച്ചുള്ള അജ്ഞതമൂലം ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന്റെ അപകടസാധ്യത കണക്കിലെടുത്ത് സെബിയും ഇക്കാര്യം ധനമന്ത്രാലയത്തെ ബോധ്യപ്പെടുത്തി. ഇതെത്തുടര്‍ന്നാണ് പദ്ധതിയില്‍ ഫണ്ടുകളെ ഉള്‍പ്പെടുത്താന്‍ ധാരണയായത്.

121 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 1.99 കോടി ഡീമാറ്റ് എക്കൗണ്ടുകള്‍ മാത്രമാണുള്ളത്. ഈ പദ്ധതിയിലൂടെ കൂടുതല്‍ പേരെ ഓഹരി വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ റീട്ടെയില്‍ നിക്ഷേപകരുടെ പങ്കാളിത്തം ഏറെ വര്‍ധിപ്പിക്കാന്‍ സാധിക്കും. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതലുള്ളതിനാല്‍ ഓഹരി വിപണിയിലുണ്ടാകുന്ന ചാഞ്ചാട്ടം നിയന്ത്രിച്ച് വിപണിയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.

പത്തുലക്ഷംവരെ വാര്‍ഷിക വരു മാനമുള്ളവര്‍ ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുമ്പോള്‍ 50, 000 വരെയുള്ള തുകയ്ക്ക് 50ശതമാനം നികുതിയിളവ് ലഭിക്കുന്നതാണ് പദ്ധതി.

പൊതുമേഖലയിലേതുള്‍പ്പടെയുള്ള മികച്ച 100 കമ്പനികളിലെ നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. ഈ കമ്പനികളുടെ ഓഹരികളില്‍നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിലെയും ഇ.ടി.എഫുകളിലെയും നിക്ഷേപം നികുതിയിളവിന് പരിഗണിക്കും.
ഓഹരി വിപണിയില്‍ ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് ഒറ്റത്തവണത്തെ നിക്ഷേപത്തിനാണ് നികുതിയിളവ് ലഭിക്കുക. പാന്‍ നമ്പര്‍ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിക്കും. അതേസമയം നേരത്തെ ഡീമാറ്റ് എക്കൗണ്ട് എടുക്കുകയും ക്രയവിക്രയം നടത്താതിരിക്കുകയും ചെയ്തവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും.

മൂന്നു വര്‍ഷമാണ് പദ്ധതിയുടെ ലോക്ക് ഇന്‍ പിരിയഡ് എങ്കിലും ഒരുവര്‍ഷത്തിനുശേഷം ഓഹരിയില്‍നിന്ന് ലാഭമെടുക്കുന്നതിന് അനുവദിക്കും. എന്നാല്‍ നികുതിയിളവിന് പരിഗണിച്ച അത്രയും തുകയ്ക്കുള്ള ഓഹരികള്‍ ശേഷിക്കുന്ന കാലയളവിലേയ്ക്ക് കൈയില്‍ സൂക്ഷിക്കേണ്ടിവരും. പദ്ധതിയിലെ നിബന്ധനകള്‍ ലംഘിക്കുന്നവരുടെ നികുതി ആനുകൂല്യം പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡെപ്പോസിറ്ററി എക്കൗണ്ടിലൂടെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മാത്രമേ പദ്ധതിയില്‍ ഉള്‍പ്പെടാനാകൂയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഓഹരി വിപണിക്കിത് പ്രയോജനകരമാണെങ്കിലും ആദ്യമായി നിക്ഷേപിക്കുന്നവര്‍ക്ക് മാത്രമായി അവതരിപ്പിച്ചതിലൂടെ പദ്ധതി കുടുതല്‍ സങ്കീര്‍ണമായെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ആദ്യമായി ഓഹരി വിപണിയിലെത്തുന്ന നിക്ഷേപകന് പദ്ധതിയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകില്ലെന്ന് ബാങ്കിങ് റെഗുലേഷന്‍സ് ആന്‍ഡ് അസറ്റ് മാനേജ്‌മെന്റ്(പി.ഡബ്ല്യു.സി) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗൗതം മെഹറ അഭിപ്രായപ്പെടുന്നു. നിലവിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ കഴിയുമോയെന്നകാര്യത്തില്‍ ഇനിയും വ്യക്തതയായിട്ടുമില്ല.

പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പ്പനയിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 30000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാര്‍ ഈ കമ്പനികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. 80 സിസിജി എന്ന പുതിയ വിഭാഗത്തിലാണ് രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീം ചേര്‍ത്തിട്ടുള്ളത്. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം റവന്യു വകുപ്പ് ഉടനെ പുറത്തിറക്കും.Tags: MFs to get benefits under Rajiv Gandhi equity scheme
»  News in this Section