ഇഎല്‍എസ്എസില്‍ നിക്ഷേപിക്കാന്‍ ഇത് 'ലാസ്റ്റ് ചാന്‍സ്'

Posted on: 08 Dec 2011


കെ.അരവിന്ദ്‌



ആദായ നികുതിദായകരെ സംബന്ധിച്ച് മ്യൂച്വല്‍ ഫണ്ടുകളുടെ ടാക്‌സ് സേവിങ്‌സ് പ്ലാനുകളായ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളില്‍ (ഇഎല്‍എസ്എസ്) നിക്ഷേപം നടത്താനുള്ള ഒടുവിലത്തെ അവസരമായിരിക്കും നടപ്പു സാമ്പത്തിക വര്‍ഷം ലഭിക്കുന്നത്. 2012 ഏപ്രില്‍ ഒന്ന് മുതല്‍ ഡയറക്ട് ടാക്‌സ് കോഡ് നടപ്പില്‍ വരുന്നതോടെ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകും.

ആദായനികുതി നിയമം 80 (സി) പ്രകാരം നിലവില്‍ നികുതി ഇളവ് ലഭിക്കുന്ന പല നിക്ഷേപ മാര്‍ഗങ്ങള്‍ക്കും ഡയറക്ട് ടാക്‌സ് കോഡ് അനുസരിച്ച് നികുതി ഇളവ് ബാധകമല്ല. ഇഎല്‍എസ്എസുകളെയും ഇക്കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. ഡയറക്ട് ടാക്‌സ് കോഡ് നടപ്പില്‍ വരുന്നതോടെ ആദായ നികുതി ഇളവ് ലഭിക്കുന്ന ഓഹരി അനുബന്ധിത നിക്ഷേപ മാര്‍ഗം ന്യൂ പെന്‍ഷന്‍ സ്‌കീം മാത്രമായിരിക്കും. 2012 ഏപ്രില്‍ ഒന്ന് മുതല്‍ ഡയറക്ട് ടാക്‌സ് കോഡ് നടപ്പില്‍ വരുമെന്നാണ് കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കിയിരുന്നത്.

മൂന്ന് വര്‍ഷമാണ് ഇഎല്‍എസ്എസുകളുടെ നിര്‍ബന്ധിത നിക്ഷേപ കാലയളവ് (ലോക്ക്-ഇന്‍-പീരിയഡ്). ഇപ്പോള്‍ ഇഎല്‍എസ്എസുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം പൂര്‍ത്തിയായാല്‍ മാത്രമേ നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കൂ. ഡയറക്ട് ടാക്‌സ് കോഡിലെ നിര്‍ദേശം അനുസരിച്ച് എല്ലാ ടാക്‌സ് സേവിങ്‌സ് പ്ലാനുകളിലും നടത്തുന്ന നിക്ഷേപത്തില്‍ നിന്നുള്ള ലാഭത്തിന് നികുതി ബാധകമാണ്. അതേ സമയം ഡയറക്ട് ടാക്‌സ് കോഡ് നടപ്പിലാക്കപ്പെടുന്നതിനു മുമ്പ് നടത്തിയ നിക്ഷേപങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല. അതിനാല്‍ ഇപ്പോള്‍ ഇഎല്‍എസ്എസുകളില്‍ നിക്ഷേപം നടത്തുന്നവര്‍ മൂന്ന് വര്‍ഷത്തിനു ശേഷം നിക്ഷേപം പിന്‍വലിക്കുമ്പോഴും നിക്ഷേപത്തില്‍ നിന്നുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല.

ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കുന്നത് ഓഹരികള്‍ ആണെന്നിരിക്കെ 5-10 വര്‍ഷത്തേക്ക് നിക്ഷേപം നടത്തുന്ന ആദായനികുതി ദായകരെ സംബന്ധിച്ചടത്തോളം ഏറ്റവും ആകര്‍ഷണീയം ഇഎല്‍എസ്എസുകളാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇഎല്‍എസ്എസുകള്‍ നല്‍കിയ ശരാശരി പ്രതിവര്‍ഷ നേട്ടം 24.35 ശതമാനമാണ്. മൂന്ന് വര്‍ഷം മുമ്പ് ഇഎല്‍എസ്എസില്‍ നടത്തിയ നിക്ഷേപം പിന്‍വലിച്ച് പുനര്‍നിക്ഷേപം നടത്തിയാല്‍ നടപ്പു സാമ്പത്തിക വര്‍ഷം നികുതി ഇളവ് നേടാനാകും.

നിലവില്‍ ഏറ്റവും ചുരുങ്ങിയ നിര്‍ബന്ധിത നിക്ഷേപ കാലയളവുള്ള ടാക്‌സ് സേവിങ്‌സ് സ്‌കീമുകളാണ് ഇഎല്‍എസ്എസുകള്‍. യുലിപു(ഓഹരി ബന്ധിത ഇന്‍ഷുറന്‍സ് പ്ലാനുകള്‍)കളുടെയും നികുതി ഇളവ് ലഭിക്കുന്ന ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെയും ലോക്ക്-ഇന്‍-പീരിയഡ് അഞ്ച് വര്‍ഷവും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റെ ലോക്ക്-ഇന്‍-പീരിയഡ് എട്ട് വര്‍ഷവും പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റേത് 15 വര്‍ഷവുമാണ്.

നികുതി ഇളവ് നേടിത്തരുന്ന മറ്റ് ഓഹരി അനുബന്ധിത നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ ചെലവ് കുറഞ്ഞതും ഫലപ്രദവുമായ നിക്ഷേപ മാര്‍ഗമാണ് ഇഎല്‍എസ്എസുകള്‍. യുലിപുകളിലേതു പോലെ നികുതി ഇളവിനായി നടത്തുന്ന നിക്ഷേപം കുറഞ്ഞത് അഞ്ചു വര്‍ഷത്തേക്ക് എങ്കിലും ഒരു 'ബാധ്യത'യായി മാറുന്ന സ്ഥിതിവിശേഷം ഇഎല്‍എസ്എസുകളുടെ കാര്യത്തില്‍ നിക്ഷേപകര്‍ക്ക് നേരിടേണ്ടിവരുന്നില്ല. ഇഎല്‍എസ്എസില്‍ നിക്ഷേപം നടത്തുമ്പോള്‍ യുലിപുകളിലേതു പോലെ ഉയര്‍ന്ന ചാര്‍ജുകളും നല്‍കേണ്ടതില്ല.

Tags: Last chance for ELSS
»  News in this Section
ഗ്രാം2600.00
പവന്‍20800.00
വെള്ളി
ഗ്രാം52.00