ചെറിയ റിസ്‌കില്‍ മികച്ച നേട്ടത്തിന് ഗില്‍റ്റ് ഫണ്ടുകള്‍

Posted on: 15 Feb 2012


കെ.അരവിന്ദ്‌പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയിലെത്തിയിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ആകര്‍ഷകമായ നിക്ഷേപ മാര്‍ഗമാണ് ബോണ്ടുകള്‍. ദ്വിതീയ വിപണിയില്‍ നിന്ന് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 15 ശതമാനം വരെ വാര്‍ഷിക നേട്ടം ലഭിക്കുന്ന ബോണ്ടുകള്‍ ഇപ്പോള്‍ വാങ്ങാനാകും. കഴിഞ്ഞ രണ്ട് പണ-വായ്പാ നയ അവലോകനങ്ങളിലും പലിശനിരക്കില്‍ യാതൊരു മാറ്റവും വരുത്താതിരുന്ന റിസര്‍വ് ബാങ്ക് അടുത്ത യോഗത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ തുടങ്ങുമെന്നാണ് സൂചന. പലിശ നിരക്ക് കുറഞ്ഞു തുടങ്ങുന്നതോടെ ബോണ്ട് വിപണി മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള സാധ്യതയാണുള്ളത്. ഇതാണ് ബോണ്ടുകളെ ഇപ്പോള്‍ ആകര്‍ഷകമാക്കുന്നത്.

ബോണ്ടുകള്‍ വാങ്ങാന്‍ രണ്ട് വേദികളുണ്ട്- പ്രാഥമിക വിപണിയും ദ്വിതീയ വിപണിയും. കമ്പനികള്‍ ബോണ്ടുകളുടെ (നോണ്‍ കണ്‍വര്‍ട്ടബിള്‍ ഡിബെഞ്ചറുകള്‍) പബ്ലിക് ഇഷ്യു നടത്തുമ്പോഴാണ് പ്രാഥമിക വിപണി വഴി നിക്ഷേപാവസരം ലഭിക്കുന്നത്. പബ്ലിക് ഇഷ്യുവിനു ശേഷം സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ബോണ്ടുകള്‍ ദ്വിതീയ വിപണി വഴി വാങ്ങാനാകും.

കമ്പനികള്‍ പബ്ലിക് ഇഷ്യു നടത്തുമ്പോള്‍ മാത്രമാണ് പ്രാഥമിക വിപണി വഴി ബോണ്ടുകള്‍ വാങ്ങാനാകുന്നത്. ദ്വിതീയ വിപണിയിലാകട്ടെ ലിക്വിഡിറ്റി വളരെ കുറവായതിനാല്‍ എപ്പോള്‍ വേണമെങ്കിലും ബോണ്ടുകള്‍ വാങ്ങാന്‍ കിട്ടിയെന്ന് വരില്ല. ബോണ്ട്-നിക്ഷേപകര്‍ നേരിടുന്ന ഈ ലിക്വിഡിറ്റി പ്രശ്‌നത്തെ മറികടക്കാനുള്ള മാര്‍ഗമാണ് ഡെബ്റ്റ് ഫണ്ടുകള്‍. വിവിധ തരം കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെബ്റ്റ് ഫണ്ടുകളില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം നടത്താനും നിക്ഷേപം പിന്‍വലിക്കാനുമുള്ള അവസരമുണ്ട്.

നിക്ഷേപ കാലയളവ്, നിക്ഷേപം നടത്തുന്ന കടപത്രങ്ങളുടെ സ്വഭാവം എന്നിവ അനുസരിച്ച് വിവിധ വിഭാഗങ്ങളിലുള്ള ഡെബ്റ്റ് ഫണ്ടുകളുണ്ട്. ഉദാഹരണത്തിന് ലോങ് ടേം ഡെബ്റ്റ് ഫണ്ടുകള്‍ ദീര്‍ഘമായ നിക്ഷേപ കാലയളവുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുമ്പോള്‍ ഷോര്‍ട്ട് ടേം ഡെബ്റ്റ് ഫണ്ടുകള്‍ ഹ്രസ്വമായ നിക്ഷേപ കാലയളവുള്ള കടപ്പത്രങ്ങളിലാണ് നിക്ഷേപം നടത്തുന്നത്. ഗില്‍റ്റ് ഫണ്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡെബ്റ്റ് ഫണ്ടുകള്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇന്‍കം ഫണ്ടുകള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഡെറ്റ് ഫണ്ടുകള്‍ സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റുകളുടെയും കടപ്പത്രങ്ങളില്‍ നിക്ഷേപം നടത്തുന്നു.

ബോണ്ട് ഫണ്ടുകളില്‍ പലിശ നിരക്ക് ഇടിയുന്ന സാഹചര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഒരു വിഭാഗമാണ് ഗില്‍റ്റ് ഫണ്ടുകള്‍. 2008ലെ ഗില്‍റ്റ് ഫണ്ടുകളുടെ പ്രകടനം ഇതിന് ഉദാഹരണമാണ്. 2008 ആദ്യപകുതിയില്‍ പലിശനിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനു ശേഷം ഒക്‌ടോബര്‍ മുതല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പലിശ നിരക്കുകള്‍ ധ്രുതഗതിയില്‍ വെട്ടിക്കുറക്കുന്ന നടപടിയാണ് റിസര്‍വ് ബാങ്ക് കൈക്കൊണ്ടത്. ആ വര്‍ഷം ലോങ് ടേം ഗില്‍റ്റ് ഫണ്ടുകള്‍ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം ഏകദേശം 25 ശതമാനമാണ്.

പലിശനിരക്കുകള്‍ ഇനിയും ഉയര്‍ത്തില്ലെന്ന സൂചന ലഭിച്ചതോടെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലോങ് ടേം ഗില്‍റ്റ് ഫണ്ടുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലോങ് ടേം ഗില്‍റ്റ് ഫണ്ടുകള്‍ നല്‍കിയ ശരാശരി നേട്ടം 5.55 ശതമാനമാണ്. അതായത് 22.20 ശതമാനം വാര്‍ഷിക നേട്ടം. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഗില്‍റ്റ് ഫണ്ടുകളുടെ പ്രകടനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കൊട്ടക്ക് ഗില്‍റ്റ് ഇന്‍വെസ്റ്റ്‌മെന്റ് റെഗുലര്‍, കൊട്ടക്ക് ഗില്‍റ്റ് ഇന്‍വെസ്റ്റ്‌മെന്റ് പിഎഫ് ആന്‍ഡ് ട്രസ്റ്റ് എന്നീ ഫണ്ടുകള്‍ ഇക്കാലയളവില്‍ നല്‍കിയത് 8.52 ശതമാനം നേട്ടമാണ്. റേറ്റിംഗില്‍ മികച്ചുനില്‍ക്കുന്ന ഈ ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്നതാണ്. മികച്ച റേറ്റിംഗുള്ള ബിര്‍ള സണ്‍ലൈഫ് ജിഎസ്എഫ് ലോങ്‌ടേം കഴിഞ്ഞ മൂന്ന് മാസത്തിനിടെ നല്‍കിയ നേട്ടം 6.82 ശതമാനമാണ്.

ബോണ്ട് വിപണി മികച്ച പ്രകടനം നടത്താന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ലോങ് ടേം ഗില്‍റ്റ് ഫണ്ടുകള്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ആകര്‍ഷകമായ നിക്ഷേപ മാര്‍ഗമാണ്. ഓഹരികള്‍ പോലുള്ള അതീവ റിസ്‌കുള്ള നിക്ഷേപ മാര്‍ഗങ്ങളെ ഒഴിവാക്കാന്‍ താല്‍പ്പര്യപ്പെടുകയും അതേസമയം ശരാശരി റിസ്‌ക് സന്നദ്ധതയുള്ളവരുമായ നിക്ഷേപകര്‍ക്കാണ് ഗില്‍റ്റ് ഫണ്ടുകള്‍ അനുയോജ്യം.


Tags: Invest in gilt funds now for better returns
»  News in this Section