ഇഎല്‍എസ്എസില്‍ ഒരു വര്‍ഷം കൂടി നിക്ഷേപിക്കാം

Posted on: 26 Mar 2012


കെ.അരവിന്ദ്‌നികുതി ഇളവ് ലഭിക്കുന്നതിനായി ഓഹരി അനുബന്ധിത നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാന്‍ താത്പര്യപ്പെടുന്ന നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളുടെ ടാക്‌സ് സേവിങ്‌സ് പ്ലാനുകളായ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളില്‍ (ഇഎല്‍എസ്എസ്) നിക്ഷേപം നടത്താന്‍ 2012-13 സാമ്പത്തിക വര്‍ഷത്തില്‍ കൂടി അവസരം ലഭിക്കും. ഡയറക്റ്റ് ടാക്‌സ് കോഡ് നടപ്പിലാക്കുന്നത് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വീണ്ടും നീട്ടിവെച്ചതോടെയാണ് ഡയറക്ട് ടാക്‌സ് കോഡ് പ്രകാരം നികുതി ഇളവ് ലഭിക്കാന്‍ അര്‍ഹമല്ലാത്ത നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നായ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകള്‍ ഒരു സാമ്പത്തിക വര്‍ഷം കൂടി വിപണിയില്‍ തുടരുന്നതിന് കളമൊരുങ്ങിയത്.

2012 ഏപ്രില്‍ ഒന്ന് മുതല്‍ ഡയറക്ട് ടാക്‌സ് കോഡ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഒരിക്കല്‍ കൂടി അദ്ദേഹം ആ നീക്കം മാറ്റിവെക്കുകയായിരുന്നു. 2009 ആഗസ്തില്‍ ഡയറക്ട് ടാക്‌സ് കോഡിന്റെ ആദ്യത്തെ കരട് പ്രസിദ്ധീകരിച്ചതിനു ശേഷം ഇത് രണ്ടാമത്തെ തവണയാണ് ഡയറക്റ്റ് ടാക്‌സ് കോഡ് നടപ്പിലാക്കുന്നതു മാറ്റിവെക്കുന്നത്. ഡയറക്ട് ടാക്‌സ് കോഡ് വ്യാപകമായി സ്വാഗതം ചെയ്യപ്പെടുന്നുണ്ടെങ്കിലും ആദായനികുതിദായകരെ സംബന്ധിച്ചടത്തോളം നികുതി ഇളവ് നേടിയെടുക്കുന്നതിന് പരിമിതമായ നിക്ഷേപ മാര്‍ഗങ്ങള്‍ മാത്രമേ അനുവദിക്കുന്നൂള്ളൂ എന്നത് പോരായ്മയാണ്.

പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നും ലഭിക്കുന്നത് പരിമിതമായ നേട്ടം മാത്രമാണെന്നിരിക്കെ പണപ്പെരുപ്പം മൂലമുള്ള പണത്തിന്റെ മൂല്യശോഷണത്തെ പ്രതിരോധിച്ച് മികച്ച നേട്ടം നല്‍കാന്‍ നികുതി ഇളവ് ലഭിക്കുന്ന പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങള്‍ പലപ്പോഴും അപര്യാപ്തമാണ്. ഉദാഹരണത്തിന് നടപ്പു സാമ്പത്തിക വര്‍ഷം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് വഴി നിക്ഷേപകര്‍ക്ക് ലഭിക്കുന്ന വാര്‍ഷിക പലിശ 8.25 ശതമാനം മാത്രമാണ്. പണപ്പെരുപ്പ നിരക്കുമായി തട്ടിക്കിഴിക്കുമ്പോള്‍ ഈ നേട്ടം തീര്‍ത്തും പരിമിതമാണ്. ദീര്‍ഘകാല നിക്ഷേപത്തില്‍ നിന്നുള്ള ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കുന്നത് ഓഹരികള്‍ ആണെന്നിരിക്കെ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകള്‍ പോലുള്ള ദീര്‍ഘകാലത്തേക്കുള്ള ഓഹരി അനുബന്ധ നിക്ഷേപ പദ്ധതികളുടെ പ്രാധാന്യം വര്‍ധിക്കുന്നത് ഈ സാഹചര്യത്തിലാണ്. അതുകൊണ്ടുതന്നെ ഡയറക്ട് ടാക്‌സ് കോഡ് നടപ്പിലാക്കുന്നത് നീട്ടിവെച്ചത് വഴി ഒരു സാമ്പത്തിക വര്‍ഷം കൂടി ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകള്‍ വിപണിയില്‍ തുടരുമെന്നത് ഓഹരി അനുബന്ധിത നിക്ഷേപത്തിലൂടെ നികുതിഇളവ് നേടിയെടുക്കാന്‍ താത്പര്യപ്പെടുന്ന നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.

എസ്‌ഐപി മാര്‍ഗം സ്വീകരിക്കാം

ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളില്‍ നിക്ഷേപിക്കുന്നവര്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) പ്രകാരം നിക്ഷേപം നടത്തുന്നതാണ് ഏറ്റവും ശാസ്ത്രീയമായ നിക്ഷേപ രീതി. എല്ലാ മാസവും നിശ്ചിത ദിവസം നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കി നിക്ഷേപം നടത്താനും നിക്ഷേപത്തിന് വേണ്ടിവരുന്ന ശരാശരി ചെലവ് കുറക്കാനും സാധിക്കുന്നു. അതിനാല്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളില്‍ നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്നവര്‍ സാമ്പത്തിക വര്‍ഷത്തിന്റെ ഒടുക്കത്തില്‍ ധൃതിപിടിച്ച് നിക്ഷേപം നടത്തുന്നതിനു പകരം സാമ്പത്തിക വര്‍ഷത്തിന് പ്രാരംഭം കുറിക്കുന്ന ഏപ്രില്‍ മുതല്‍ തന്നെ എസ്‌ഐപി പ്രകാരം നിക്ഷേപം ആരംഭിക്കുന്നതാവും ഉചിതം.

ആദായനികുതി നിയമം 80 (സി) പ്രകാരം ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളിലെ ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതി ഇളവ് ലഭിക്കുന്നത്. മൂന്ന് വര്‍ഷമാണ് ഈ സ്‌കീമുകളിലെ നിര്‍ബന്ധിത നിക്ഷേപ കാലയളവ്. ഈ കാലയളവ് കഴിഞ്ഞതിനു ശേഷമേ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളിലെ നിക്ഷേപം പിന്‍വലിക്കാനാകൂ.


Tags: Invest in ELSS for one more year
»  News in this Section