മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍

Posted on: 11 Jul 2012ഇക്വിറ്റി ഫണ്ടുകളിലുള്ള നിക്ഷേപം മികച്ച റിട്ടേണ്‍ നല്‍കുമോ? മികച്ച റിട്ടേണിന് ഏതു ഫണ്ടില്‍ നിക്ഷേപിക്കണം? മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനൊരുങ്ങുന്ന നിക്ഷേപകന് വലിയ വെല്ലുവിളികളാവുന്ന ചോദ്യങ്ങളാണിവ. ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ നിക്ഷേപം തിരഞ്ഞെടുത്ത് മുന്നോട്ട് പോവുമ്പോഴാണ് ഇത്തരം ചോദ്യങ്ങളില്‍ തട്ടി നിക്ഷേപകര്‍ കുഴങ്ങുക. കാരണം മറ്റൊന്നുമല്ല ഈ മേഖലയില്‍ നിരവധി ഫണ്ടുകള്‍ നിക്ഷേപകരെ കാത്തിരിക്കുന്നുണ്ടെന്നത് തന്നെ. ചില ഫണ്ടുകള്‍ സുരക്ഷിതമെങ്കിലും പുതിയതാണെന്നത് ഒരു പോരായ്മയായി തോന്നാം. മറ്റു ചിലതാകട്ടെ പടര്‍ന്ന് പന്തലിച്ചതിന് ശേഷം വളര്‍ച്ച മുരടിച്ചവയുമായിരിക്കും.

മിക്കപ്പോഴും മുന്‍കാല പ്രകടനം അടിസ്ഥാനപ്പെടുത്തി ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോഴാണ് നിക്ഷേപകര്‍ കുഴങ്ങുക. പല ഫണ്ടുകളും മിക്കപ്പോഴും മികച്ച പ്രകടനം കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നത് ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് വിഷമകരമാക്കും. പലപ്പോഴും ഇത് ഫണ്ട്ഹൗസുകള്‍ തന്നെ തുറന്നു സമ്മതിക്കാറുമുണ്ട്. അപ്പോള്‍ മികച്ച ഫണ്ട് തിരഞ്ഞെടുക്കുന്നതെങ്ങിനെ? ഈ കുഴക്കുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക അത്ര വിഷമമുള്ള കാര്യമല്ല. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഏതുമേഖലയില്‍ നിക്ഷേപമുള്ള ഫണ്ടിലാണ് നിക്ഷേപിക്കേണ്ടതെന്ന് സ്വന്തമായി തന്നെ മനസിലാക്കാം.

ഇക്വിറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം മനസ്സിലാക്കേണ്ടത് വിപണിയുടെ ഗതിയ്‌ക്കൊപ്പം ഫണ്ടുകളും ഇടിയുമെന്നതാണ്. ഓഹരി വിപണി താഴോട്ടാണെങ്കില്‍ മികച്ച ഫണ്ടുകള്‍ക്ക് പോലും നല്ല റിട്ടേണ്‍ നല്‍കാന്‍ കഴിഞ്ഞേക്കില്ല. ചില ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപകര്‍ കാര്യമായി ശ്രദ്ധിക്കേണ്ടുതുണ്ട്. അതുപോലെ മറ്റു ചിലത് തിരഞ്ഞെടുക്കുമ്പോള്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തിനാവും പ്രാധാന്യം.

ഉദാഹരണത്തിന് ലാര്‍ജ് ക്യാപ് മേഖലയിലും മിഡ് ക്യാപ് മേഖലയിലും ഒരുപോലെ സാന്നിധ്യമുള്ള ഡൈവേഴ്‌സിഫൈഡ് ഫണ്ടാണ് തിരഞ്ഞെടുക്കുന്നത് ഫണ്ട് മാനേജരുടെ ജോലിയാണ്. ഇനി മിഡ്ക്യാപ് മേഖലയില്‍ മാത്രം നിക്ഷേപമുള്ള ഫണ്ടാണെന്ന് കരുതുക. ഫണ്ടുകളുടെ പ്രകടനം എങ്ങനെയായിരിക്കുമെന്നതായിരിക്കും ഏതൊരു നിക്ഷേപകനും അടുത്തതായി ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ജോലിയല്ല. വിപണിയുടെ ഗതിവിഗതികള്‍ വിശകലനം ചെയ്യുന്നതും ആസ്തി ഏതുമേഖലയില്‍ നിക്ഷേപിക്കണമെന്നു തീരുമാനിക്കുന്ന ജോലിയും ഫണ്ട് മാനേജര്‍ക്ക് തന്നെ.

രണ്ടാമതായി ഫണ്ടുകളുടെ മികവ് പരിശോധിക്കേണ്ട ജോലിയാണ്. ഒരേതരം ഫണ്ടുകള്‍ തന്നെ വിപണിയില്‍ അനേകമാണ്. ഏതുതരം ഫണ്ട് വാങ്ങുമ്പോഴും അതുപോലുള്ള ഫണ്ടുകള്‍ വിപണിയില്‍ വേറെയുമുണ്ടാവും. എന്നാല്‍ ഇവയില്‍ നല്ലതേതെന്ന് മനസ്സിലാക്കാന്‍ ഫണ്ടുകളുടെ പ്രകടനം അടിസ്ഥാനപ്പെടുത്തിയുള്ള റാങ്കിങ് പരിശോധിച്ചാല്‍ മതി. 8/40 ഫണ്ടാണ് തിരഞ്ഞെടുക്കുന്നതെന്ന് കരുതുക. 40ന്റെ 25 ശതമാനം പത്താണ്. പത്ത് റാങ്കിങ്് ഉള്ള ഫണ്ടുകള്‍ മികച്ചവയാണെന്ന് ഉറപ്പിക്കാം. ഇവയെ ടോപ് ക്വാര്‍ട്ടൈല്‍ ഫണ്ടുകള്‍ അഥവാ ശരാശരിയ്ക്ക് മുകളിലുള്ള ഫണ്ടുകളെന്ന് വിളിക്കാം.

ഇത്രയുമായാല്‍ തീര്‍ന്നുവെന്ന് കരുതരുത.് പിന്നീട് ഈ ഫണ്ടുകളുടെ റാങ്കിങ് ഇടയ്ക്കിടയ്ക്ക് പരിശോധിക്കുകയും വേണം. മിക്ക ഫണ്ട് ഗവേഷണ ഏജന്‍സികളും ഫണ്ടുകളുടെ റാങ്കിങ് സംബന്ധിച്ച വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഒരു ഫണ്ട് എപ്പോഴും ഉയര്‍ന്ന റാങ്കിങ് കാത്തുസൂക്ഷിക്കുമെന്ന് ഒരിക്കലും കരുതാനാവില്ല. 25 വര്‍ഷത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഒരു ഫണ്ടും തുടര്‍ച്ചയായി ടോപ്പ് ക്വാര്‍ട്ടൈല്‍ മേഖലയില്‍ തുടര്‍ന്നതായി കാണാനാവില്ല. വിപണിയിലെ വിവിധ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇതില്‍ മാറ്റമുണ്ടാവും. ചിലപ്പോള്‍ ഫണ്ട് മാനേജരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് വിവിധ മേഖലകളിലെ ഓഹരികള്‍ താഴോട്ട് പോയേക്കുമെന്നതും ഇതിനൊരു കാരണമാണ്.

വിപണിയുടെ ഗതി, വളര്‍ച്ചയ്ക്കനുസരിച്ചാകുമ്പോള്‍ ചില വാല്യൂ ഫണ്ടുകള്‍ താഴോട്ട് പോയെന്ന് വരും. പക്ഷെ ഇത് കാര്യമാക്കേണ്ടതില്ല. താഴോട്ട് പോയതിന് ശേഷം എത്ര പെട്ടെന്ന് അവ തിരിച്ചു കയറിയെന്നതാണ് ശ്രദ്ധിക്കേണ്ടത്. വാര്‍ഷികമായി ഒരു ഫണ്ടിന്റെ പ്രവര്‍ത്തനം വിശകലനം ചെയ്യുമ്പോള്‍ നാല് ത്രൈമാസങ്ങളിലും റാങ്കിങ് ഇടിഞ്ഞ ഫണ്ടുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്നതാണ് ഉത്തമം.

വിപണി വിശകലനം ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാലോ അതേ നിലവാരമുള്ള മറ്റു ഫണ്ടുകള്‍ താഴോട്ട് പോയതിനാലോ നഷ്ടം സംഭവിച്ചുവെന്നായിരിക്കും ഇത്തരം സാഹചര്യങ്ങളില്‍ ഫണ്ട് മാനേജര്‍മാരുടെ വിശദീകരണം. എന്നാല്‍, തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാക്കാതെ അത്തരം ഫണ്ടുകളില്‍ നിന്ന് പിന്‍വാങ്ങുകയാണ് അഭികാമ്യം.

ഒരു ഫണ്ട് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങളുണ്ട്. നിക്ഷേപം ഏത് മേഖലയിലായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും ഫണ്ട് ഹൗസുകള്‍ വ്യക്തമായി വിശദീകരിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. റിട്ടേണ്‍ സംബന്ധിച്ച് അവ്യക്തമായ വിവരങ്ങളാണ് ഫണ്ട്മനേജര്‍മാര്‍ നല്‍കുന്നതെങ്കില്‍ അത്തരം ഫണ്ടുകള്‍ ഒഴിവാക്കാം. വിവിധ മേഖലകളില്‍ നിക്ഷേപമുള്ള ഡൈവേഴ്‌സിഫൈഡ് ഫണ്ടുകള്‍ നിക്ഷേപത്തിന് യോഗ്യമാണ്. പ്രകടനം അടിസ്ഥാനപ്പെടുത്തി മികച്ച മേഖലകളും ഓഹരികളും നിക്ഷേപത്തിനായി തിരഞ്ഞെടുക്കാനുള്ള ഫണ്ട് മാനേജരുടെ കഴിവാണ് നിക്ഷേപകനെ സംബന്ധിച്ച് ഏറ്റവും പ്രധാനം.

രണ്ടാമതായി ഫണ്ടുകള്‍ ലക്ഷ്യം കൈവരിക്കുന്നതില്‍ വിജയിക്കുന്നുണ്ടോ എന്നതാണ് വിലയിരുത്തേണ്ടത്. മൂല്യാധിഷ്ഠിതമെന്ന് അവകാശപ്പെടുമ്പോഴും ചില ഫണ്ടുകള്‍ നിക്ഷേപിച്ചിരിക്കുന്ന ഓഹരികള്‍ക്ക് അത്ര മൂല്യമുള്ളതായി കാണാറില്ല. ചില കമ്പനികള്‍ മോശം പ്രകനം കാഴ്ച്ചവെയ്ക്കുന്ന അവസരത്തില്‍ അവയുടെ ഓഹരി വിലയിടിയാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ നിക്ഷേപമിറക്കി പിന്നീടവ തിരിച്ചുകയറുമ്പോള്‍ നേട്ടമുണ്ടാക്കി തരുമെന്ന വാഗ്ധാനവുമായി വേറെയും ചില ഫണ്ടുകള്‍ രംഗത്തെത്താറുണ്ട്. പക്ഷെ ഇത് എപ്പോഴും സാധ്യമല്ലെന്നതാണ് മനസ്സിലാക്കേണ്ടത്. കൃതമായ ലക്ഷ്യമില്ലാത്തതും വ്യക്തമായ നയങ്ങളിലാത്തതുമായ ഫണ്ടുകളെ ഒരിക്കലും
തിരഞ്ഞെടുക്കരുത്.

മൂന്നാമതായി വിവിധ ഉത്പന്നങ്ങളോട് ഒരേസമീപനം പുലര്‍ത്തുന്ന ഫണ്ട് ഹൗസുകളെ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഒരേ ഫണ്ട് മാനേജര്‍ക്ക് രണ്ട് വ്യത്യസ്ത ഉത്പന്നങ്ങളോട് വ്യത്യസ്ത സമീപനമെടുക്കാന്‍ ഒരിക്കലും കഴിയില്ല. ഒരേ ഫണ്ട് ഹൗസിന് കീഴില്‍ തന്നെ വാല്യൂ ഫണ്ടുകളും ഗ്രോത്ത് ഫണ്ടുകളുമുള്ള അവസരത്തില്‍ ഇവ കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത ഫണ്ട് മാനേജര്‍മാരാണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

ചില ഫണ്ട്ഹൗസുകള്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി പറയുകയും വളരെ സുതാര്യമായ പ്രവര്‍ത്തനം വാഗ്ദാനം ചെയ്യാറുമുണ്ട്. മിക്കപ്പോഴും ഒരു പുതിയ ഫണ്ട് അവതരിപ്പിക്കുന്ന വേളയില്‍ പ്രൊമോഷന് മാത്രമായി വൈവിധ്യമാര്‍ന്ന നിക്ഷേപ രീതിയുമായി എത്തുന്ന ഫണ്ട് ഹൗസുകളുമുണ്ട്. എന്നാല്‍ ഈ രീതിയവലംബിച്ച് പ്രവര്‍ത്തിക്കാന്‍ അവയ്ക്ക് പലപ്പോഴും കഴിയാറില്ലെന്നതാണ് വാസ്തവം. ഒരു ഫണ്ട് തിരഞ്ഞെടുത്തു എന്നുകരുതി ആ ഫണ്ടിനെ പിന്നെ അതിന്റെ വഴിയ്ക്ക് വിടരുത്. അതിന്റെ പ്രകടനം കാലാകാലങ്ങളില്‍ നിരീക്ഷിച്ചു കൊണ്ടിരിക്കണം.

Tags: How to invest in equity funds
»  News in this Section