നികുതി ഇളവ് നേടാന്‍ അഞ്ച് മികച്ച ഇഎല്‍എസ്എസുകള്‍

Posted on: 09 Jan 2013


കെ.അരവിന്ദ്‌ഓഹരി ബന്ധിത നിക്ഷേപത്തിലൂടെ ആദായ നികുതി ഇളവ് നേടിയെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് പരിഗണിക്കാവുന്ന നിക്ഷേപ പദ്ധതികളാണ് മ്യൂച്വല്‍ ഫണ്ടുകളുടെ ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകള്‍ (ഇഎല്‍എസ്എസ്). ഉയര്‍ന്ന നേട്ടം, പ്രകടനം, ഫണ്ട് മാനേജ്‌മെന്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ മികവ് പുലര്‍ത്തുന്ന മികച്ച അഞ്ച് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളാണ് താഴെ നല്‍കിയിരിക്കുന്നത്.

കാനറ റൊബേക്കോ ഇക്വിറ്റി ടാക്‌സ് സേവര്‍

കൂടുതലായും ലാര്‍ജ്ക്യാപ് ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഈ ഫണ്ട് ആസ്തിയുടെ മൂന്നിലൊന്ന് മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. ആസ്തിയുടെ 97.50 ശതമാനവും ഓഹരികളില്‍തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. 507 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. ഏറ്റവും ഉയര്‍ന്ന നേട്ടവുമായി കഴിഞ്ഞ അഞ്ചു വര്‍ഷവും ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളുടെ ശരാശരി പ്രകടനത്തേക്കാള്‍ മികച്ച പ്രകടനം ഈ ഫണ്ട് കാഴ്ചവെച്ചിട്ടുണ്ട്.

എച്ച്ഡിഎഫ്‌സി ടാക്‌സ് സേവര്‍

ദീര്‍ഘകാലത്തെ ട്രാക്ക് റെക്കോഡും സ്ഥിരതയാര്‍ന്ന നേട്ടവും കണക്കിലെടുക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന മറ്റൊരു ഇഎല്‍എസ്എസ് ആണ് എച്ച്ഡിഎഫ്‌സി ടാക്‌സ്‌സേവര്‍ ഫണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ അഞ്ച് ഇഎല്‍എസ്എസ്സുകളില്‍ ഒന്നാണ് എച്ച്ഡിഎഫ്‌സി ടാക്‌സ് സേവര്‍ ഫണ്ട്. 1996 മാര്‍ച്ചില്‍ തുടങ്ങിയ ഈ ഫണ്ട് ഇതുവരെ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 30 ശതമാനമാണ്. നിലവില്‍ 40 ശതമാനം നിക്ഷേപം മിഡ്-സ്‌മോള്‍ക്യാപ് ഓഹരികളിലാണ്. 3447 കോടി രൂപയുടെ ആസ്തിയാണ് എച്ച്ഡിഎഫ്‌സി ടാക്‌സ് സേവര്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത്.

എല്‍&ടി ടാക്‌സ് അഡ്വാന്റേജ്

നേരത്തെ ഫിഡെലിറ്റി ടാക്‌സ് അഡ്വാന്റേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഫണ്ട് ആണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ അഞ്ച് ഇഎല്‍എസ്എസ്സുകളില്‍ ഒന്ന്. നിക്ഷേപം ഓഹരികളിലായിരുന്നിട്ടും, 2006ലും 2008ലും വിപണിയിലുണ്ടായ തിരുത്തലുകളില്‍ പൂര്‍ണമായും വൈവിധ്യവല്‍ക്കരണത്തിലൂടെ നഷ്ടം കുറയ്ക്കാന്‍ ഈ ഫണ്ടിന് സാധിച്ചിട്ടുണ്ട്. 2006 ജനവരില്‍ വിപണിയിലെത്തിയ എല്‍&ടി ടാക്‌സ് അഡ്വാന്റേജ് ഫണ്ട് ഇതുവരെ നല്‍കിയ പ്രതിവര്‍ഷ നേട്ടം 13.50 ശതമാനമാണ്.

റിലയന്‍സ് ടാക്‌സ് സേവര്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീമാണ് റിലയന്‍സ് ടാക്‌സ് സേവര്‍ ഫണ്ട്. 46 ശതമാനം നേട്ടമാണ് ഒരു വര്‍ഷം കൊണ്ടുണ്ടായത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നേട്ടം നല്‍കിയ മൂന്ന് ഫണ്ടുകളിലൊന്ന് കൂടിയാണ് ഇത്.
നിലവില്‍ ആസ്തിയുടെ 99 ശതമാനം നിക്ഷേപവും ഓഹരികളിലാണ്. 2005 ആഗസ്തില്‍ തുടങ്ങിയ ഈ ഫണ്ട് ഇതുവരെ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 13.50 ശതമാനമാണ്.

ഡി.എസ്.പി ബ്ലാക്ക് റോക്ക് ടാക്‌സ് സേവര്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ മൂന്ന് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളിലൊന്നാണ് ഡി.എസ്.പി ബ്ലാക്ക്‌റോക്ക് ടാക്‌സ് സേവര്‍ ഫണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഫണ്ട് നല്‍കിയത് 40 ശതമാനം നേട്ടമാണ്. 763 കോടി രൂപയുടെ ആസ്തിയാണ് ഡിഎസ്പി ബ്ലാക്ക്‌റോക്ക് ടാക്‌സ് സേവര്‍ ഫണ്ട് കൈകാര്യം ചെയ്യുന്നത്. ലാര്‍ജ്ക്യാപ് ഓഹരികളില്‍ 60 ശതമാനവും മിഡ്&സ്‌മോള്‍ക്യാപ് ഓഹരികളില്‍ 40 ശതമാനവും നിക്ഷേപമാണ് നിലവില്‍ നടത്തിയിരിക്കുന്നത്.

Disclaimer: ഓഹരി ബന്ധിത നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.

Tags: ELSS a good option for tax saving
»  News in this Section