
ഉയര്‍ന്ന ഡിവിഡന്റ് (ലാഭവീതം) നല്‍കുന്ന കമ്പനികള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുക എന്നത് വര്‍ഷങ്ങളായുള്ള നിക്ഷേപ രീതികളില്‍ ഒന്നാണ്. അത് എപ്പോഴും ഫലപ്രദമാകണമെന്നില്ല. ഉദാഹരണത്തിന് 50 ശതമാനം ഡിവിഡന്റ് നല്‍കുന്ന ഒരു ഓഹരിയുടെ വില 1000 രൂപയും ഫേസ് വാല്യു 10 രൂപയുമാണെങ്കില്‍ ഡിവിഡന്റായി ലഭിക്കുന്നത് അഞ്ച് രൂപ (ഫേസ് വാല്യുവിന്റെ 50 ശതമാനം) മാത്രമാണ്. അതായത് ഓഹരി വിലയുടെ 0.5 ശതമാനം മാത്രം. ഇവിടെയാണ് ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന കമ്പനികള്‍ക്ക് പകരം ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് ലഭിക്കുന്ന ഓഹരികള്‍ക്ക് പ്രാധാന്യം കൈവരുന്നത്.
ഓഹരി വിലയുടെ എത്ര ശതമാനമാണ് ഡിവിഡന്റായി നിക്ഷേപകര്‍ക്ക് ലഭിക്കുക എന്നതാണ് ഡിവിഡന്റ് യീല്‍ഡ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനിയായ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിവിഡന്റ് 70 ശതമാനമാണ്. ഈ ഓഹരിയുടെ ഇപ്പോഴത്തെ വില 921.40 രൂപയാണ്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് ഏഴ് രൂപ വീതമാണ് ഈ കമ്പനി ഡിവിഡന്റ് നല്‍കിയത്. അതായത് നിലവിലുള്ള ഓഹരി വിലയുടെ 0.75 ശതമാനമാണ് ഈ ഓഹരിയില്‍ നിന്നും ഡിവിഡന്റ് ഇനത്തില്‍ നിക്ഷേപകന് ലഭിച്ച നേട്ടം (ഡിവിഡന്റ് യീല്‍ഡ്).
അതേ സമയം സെനിത്ത് ബിര്‍ളയുടെ ഡിവിഡന്റ് 20 ശതമാനമാണ്. ഓഹരിയുടെ വില 9 രൂപ. 10 രൂപ ഫേസ് വാല്യുവുള്ള കമ്പനിയുടെ ഓഹരി വാങ്ങുന്ന നിക്ഷേപകന് ലഭിച്ചത് അഞ്ച് രൂപയുടെ ഡിവിഡന്റാണ്. അതായത് നിലവിലുള്ള ഓഹരി വിലയുടെ 21.98 ശതമാനമാണ് ഈ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ്.
അതേ സമയം ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് മാത്രം പരിഗണിച്ച് നിക്ഷേപയോഗ്യമായ ഓഹരികളെ തിരഞ്ഞെടുക്കാനാകില്ല. കമ്പനികളുടെ പ്രകടനം, മാനേജ്‌മെന്റ്, സാമ്പത്തിക വളര്‍ച്ച, ഭാവി പ്രകടന സാധ്യത തുടങ്ങിയ അടിസ്ഥാന ഘടകങ്ങളില്‍ മികവ് പുലര്‍ത്തുന്ന ഓഹരികളില്‍ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് നല്‍കുന്ന ഓഹരികളെ ആകണം പരിഗണിക്കേണ്ടത്. ഇത് ഒരു സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ശ്രമകരമായെന്നു വരാം. അതിനാല്‍ ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡ് നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളുടെ ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയാണ് സാധാരണ നിക്ഷേപകര്‍ക്ക് അനുയോജ്യം. ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകള്‍ താരതമ്യേന സ്ഥിരതയാര്‍ന്ന നേട്ടം നല്‍കുന്ന ഫണ്ടുകളാണ് എന്നതിനു പുറമെ ഇക്വിറ്റി ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളില്‍ കൂടുതല്‍ സുരക്ഷിതവുമാണ് ഇത്തരം ഫണ്ടുകള്‍.
ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളില്‍ ബിര്‍ളാ സണ്‍ലൈഫ് ഡിവിഡന്റ് യീല്‍ഡ് പ്ലസ്, ഐഎന്‍ജി ഡിവിഡന്റ് യീല്‍ഡ്, യുടിഐ ഡിവിഡന്റ് യീല്‍ഡ് എന്നീ ഫണ്ടുകള്‍ ദീര്‍ഘകാല നേട്ടത്തില്‍ ഉയര്‍ന്ന മികവാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഓഹരി സൂചികയുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ വളരെ മികച്ച പ്രകടനമാണ് ഈ ഫണ്ടുകള്‍ കാഴ്ച വെച്ചത്. ഈ ഫണ്ടുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം യഥാക്രമം 15.62, 13.27, 12.60 ശതമാനമാണ്. ഇക്കാലയളവില്‍ സെന്‍സെക്‌സ് നല്‍കിയത് 0.28 ശതമാനം ശരാശരി വാര്‍ഷിക നഷ്ടമാണ്.
മ്യൂച്വല്‍ ഫണ്ടുകളുടെ ഡിവിഡന്റ് പ്ലാനുകളില്‍ നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്ന നിക്ഷേപകര്‍ക്ക് കൂടുതല്‍ സ്ഥിരതയാര്‍ന്ന ഡിവിഡന്റ് നേട്ടം ഇത്തരം ഫണ്ടുകളില്‍ നിന്ന് പ്രതീക്ഷിക്കാം. ഉദാഹരണത്തിന് ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളില്‍ ഏഴ് വര്‍ഷത്തെ ചരിത്രമുള്ള ബിര്‍ളാ സണ്‍ലൈഫ് ഡിവിഡന്റ് യീല്‍ഡ് പ്ലസ് ഫണ്ട് 2003 ഫിബ്രവരിയില്‍ ആരംഭിച്ചതു മുതല്‍ 19 തവണയാണ് ഡിവിഡന്റ് പ്രഖ്യാപിച്ചത്.
വിപണി തകര്‍ച്ചയെ നേരിടുന്ന ഘട്ടങ്ങളില്‍ പ്രതിരോധ സ്വഭാവം കാട്ടുന്നുവെന്നതും ഈ ഫണ്ടുകളുടെ സവിശേഷതയാണ്. ഇടിവുകളില്‍ സൂചികയില്‍ ഉണ്ടാകുന്നതിനേക്കാള്‍ കുറഞ്ഞ ഇടിവ് മാത്രം രേഖപ്പെടുത്തുന്നതില്‍ ഈ മൂന്ന് ഫണ്ടുകളും വിജയിച്ചിട്ടുണ്ട്.
ബിര്‍ളാ സണ്‍ലൈഫ് ഡിവിഡന്റ് യീല്‍ഡ് പ്ലസ് ഫണ്ട്
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും മികച്ച നേട്ടം നല്‍കിയ 10 ഇക്വിറ്റി ഫണ്ടുകളില്‍ ഒന്നാണ് ബിര്‍ളാ സണ്‍ലൈഫ് ഡിവിഡന്റ് യീല്‍ഡ് പ്ലസ് ഫണ്ട്. 50.98 ശതമാനാണ് ഈ ഫണ്ടിന്റെ രണ്ടു വര്‍ഷത്തെ ശരാശരി വാര്‍ഷിക നേട്ടം. സെന്‍സെക്‌സിലെ ശരാശരി വാര്‍ഷിക നേട്ടമാകട്ടെ ഇക്കാലയളവില്‍ 41.25 ശതമാനമാണ്.
വിപണി മുന്നേറുമ്പോള്‍ ഓഹരി സൂചികയിലെ നേട്ടത്തേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കിവരുന്ന ഈ ഫണ്ട് ഇടിവുകളില്‍ കൂടുതല്‍ പ്രതിരോധം കാട്ടുന്നതിനാല്‍ റിസ്‌ക് കുറഞ്ഞ ഫണ്ടാണ് ഇതെന്ന് പറയാം. മിഡ്കാപ്പ്, സ്‌മോള്‍കാപ്പ് ഓഹരികളില്‍ ഗണ്യമായ തോതില്‍ നിക്ഷേപം നടത്തുന്ന ഒരു ഫണ്ട് ആയിരുന്നിട്ടും ഇത്തരമൊരു പ്രതിരോധ സ്വഭാവം ഈ ഫണ്ടിന് നിലനിര്‍ത്താന്‍ സാധിക്കുന്നത് ഫണ്ട് മാനേജ്‌മെന്റിന്റെ മികവാണ് സൂചിപ്പിക്കുന്നത്. ഓഹരി വിപണി കടുത്ത തകര്‍ച്ചയെ നേരിട്ട 2008ല്‍ സെന്‍സെക്‌സില്‍ 52.45 ശതമാനം ഇടിവുണ്ടായപ്പോള്‍ ബിര്‍ളാ സണ്‍ലൈഫ് ഡിവിഡന്റ് യീല്‍ഡ് പ്ലസിന്റെ എന്‍എവിയില്‍ ഉണ്ടായ ഇടിവ് 44.44 ശതമാനമായിരുന്നു. വിപണി ശക്തമായ മുന്നേറ്റം നടത്തിയ 2009ല്‍ 89.74 ശതമാനം നേട്ടമാണ് (2009ലെ സെന്‍സെക്‌സിലെ നേട്ടം 81.03 ശതമാനം) ഈ ഫണ്ട് രേഖപ്പെടുത്തിയത്. 2010ല്‍ 29.85 ശതമാനം നേട്ടം (2010ലെ സെന്‍സെക്‌സിലെ നേട്ടം 17.43 ശതമാനം) ഈ ഫണ്ട് നല്‍കി.
2003ല്‍ ഫണ്ട് ആരംഭിച്ചതിനു ശേഷം ഓഹരി വിപണി ശക്തമായ തകര്‍ച്ചയെ നേരിട്ട 2008ല്‍ മാത്രമാണ് ഈ ഫണ്ടിന്റെ ഡിവിഡന്റ് ഓപ്ഷന്‍ പ്ലാനില്‍ ഡിവിഡന്റ് പ്രഖ്യാപിക്കാതിരുന്നത്. ഫണ്ട് തുടങ്ങിയ 2003ല്‍ ആറ് തവണ ഡിവിഡന്റ് പ്രഖ്യാപിച്ച ബിര്‍ളാ സണ്‍ലൈഫ് ഡിവിഡന്റ് യീല്‍ഡ് പ്ലസ് ഡിവിഡന്റ് പ്ലാന്‍ 2004ലും 2005ലും 2006ലും മൂന്ന് തവണ വീതമാണ് ഡിവിഡന്റ് നല്‍കിയത്. 2007ലും 2009ലും രണ്ടു തവണ വീതം ഡിവിഡന്റ് നല്‍കി. ഈ ഫണ്ടില്‍ 2003ല്‍ നിക്ഷേപം നടത്തിയ ഒരാള്‍ക്ക് ഡിവിഡന്റ് ഇനത്തില്‍ മാത്രം ലഭിച്ചിട്ടുള്ള നേട്ടം 188 ശതമാനമാണ്.
ബിര്‍ളാ സണ്‍ലൈഫ് ഡിവിഡന്റ് യീല്‍ഡ് പ്ലസ് ഫണ്ട് 723 കോടി രൂപയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. നിലവില്‍ ആസ്തിയുടെ 77 ശതമാനവും മിഡ്കാപ്പ്-സ്‌മോള്‍കാപ്പ് ഓഹരികളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. മിഡ്കാപ്പ്-സ്‌മോള്‍കാപ്പ് ഫണ്ടുകള്‍ ഉയര്‍ന്ന റിസ്‌കുള്ള ഫണ്ടുകളാണെങ്കിലും ഇടിവുകളില്‍ പ്രതിരോധ സ്വഭാവം കാണിക്കുന്ന ഈ ഫണ്ടിന്റെ പ്രകടന ചരിത്രം മിഡ്കാപ്പ്-സ്‌മോള്‍കാപ്പ് ഫണ്ടുകളുടെ പൊതുസ്വഭാവത്തില്‍ നിന്നും ഈ ഫണ്ടിനെ വേറിട്ടുനിര്‍ത്തുന്നുണ്ട്.
നിലവില്‍ ഒരു ഓഹരിയിലും ഈ ഫണ്ട് അഞ്ച് ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിട്ടില്ല. എനര്‍ജി ഫിനാന്‍ഷ്യല്‍ സെക്ടറിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്-ആസ്തിയുടെ 14.33 ശതമാനം.
ഐഎന്‍ജി ഡിവിഡന്റ് യീല്‍ഡ് ഫണ്ട്
പോര്‍ട്ട്‌ഫോളിയോയുടെ 65 ശതമാനമെങ്കിലും ഉയര്‍ന്ന ഡിവിഡന്റ് നല്‍കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്ന ഐഎന്‍ജി ഡിവിഡന്റ് യീല്‍ഡ് ഫണ്ട് 2009ല്‍ മറ്റ് ഡിവിഡന്റ് യീല്‍ഡ് ഫണ്ടുകളേക്കാള്‍ മികച്ച നേട്ടമാണ് നല്‍കിയിട്ടുള്ളത്. 105 ശതമാനമാണ് 2009ല്‍ ഐഎന്‍ജി ഡിവിഡന്റ് യീല്‍ഡ് ഫണ്ടിന്റെ നേട്ടം.
2005 ഒക്‌ടോബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഐഎന്‍ജി ഡിവിഡന്റ് യീല്‍ഡ് ഫണ്ട് 2007 മുതല്‍ ഇക്വിറ്റി ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളുടെ ശരാശരി പ്രകടനത്തേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സെന്‍സെക്‌സ് നല്‍കിയ നേട്ടം 7.42 ശതമാനമാണെങ്കില്‍ ഈ ഫണ്ട് നല്‍കിയ നേട്ടം 17.69 ശതമാനമാണ്.
ഇതും മിഡ്കാപ്പ്, സ്‌മോള്‍കാപ്പ് ഓഹരികളില്‍ ഗണ്യമായ തോതില്‍ നിക്ഷേപം നടത്തുന്ന ഒരു ഫണ്ടാണ്. എന്നാല്‍ ഇടിവുകളില്‍ ജാഗ്രത പുലര്‍ത്തുന്ന പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് രീതി ഈ ഫണ്ടിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. 2008ല്‍ സെന്‍സെക്‌സില്‍ ഉണ്ടായതിനേക്കാള്‍ കുറഞ്ഞ ഇടിവ് മാത്രമേ ഈ ഫണ്ടില്‍ (49.92 ശതമാനം) ഉണ്ടായിട്ടുള്ളൂ. അതേ സമയം 2009ല്‍ വളരെ മികച്ച പ്രകടനം ഈ ഫണ്ട് കാഴ്ച വെക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 16.20 ശതമാനം ശരാശരി വാര്‍ഷിക നേട്ടം ഈ ഫണ്ട് നല്‍കിയിട്ടുണ്ട്.
ഓഹരി വിപണി തിരുത്തല്‍ നേരിടുന്ന നിലവിലുള്ള സാഹചര്യത്തില്‍ ഈ ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയുടെ 47 ശതമാനവും ലാര്‍ജ്കാപ്പ് ഓഹരികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 34 ഓഹരികള്‍ ഉള്‍പ്പെട്ട പോര്‍ട്ട്‌ഫോളിയോയിലെ ഒരു ഓഹരിയില്‍ പോലും നാല് ശതമാനത്തില്‍ കൂടുതല്‍ ഈ ഫണ്ട് നിക്ഷേപം നടത്തിയിട്ടില്ല. ടിസിഎസ്, ഐടിസി, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ജെ&കെ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, കാസ്‌ട്രോള്‍ ഇന്ത്യ, എന്‍ഐഐടി ടെക്‌നോളജീസ്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയാണ് പോര്‍ട്ട്‌ഫോളിയോയിലെ ആദ്യ 10 ഓഹരികള്‍.
39.01 കോടി രൂപയുടെ ആസ്തിയുള്ള ഐഎന്‍ജി ഡിവിഡന്റ് യീല്‍ഡ് ഫണ്ട് ആസ്തിയുടെ അടിസ്ഥാനത്തില്‍ ഒരു ചെറിയ ഫണ്ടാണ്. ഈ ഫണ്ടും ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് ഫിനാന്‍ഷ്യല്‍ സെക്ടറിലാണ്- ആസ്തിയുടെ 18.94 ശതമാനം.
യുടിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ ഡിവിഡന്റ് യീല്‍ഡ് ഫണ്ടാണ് യുടിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 18.11 ശതമാനം ശരാശരി വാര്‍ഷിക നേട്ടമാണ് ഈ ഫണ്ട് നല്‍കിയിട്ടുള്ളത്. അതേ സമയം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സെന്‍സെക്‌സ് നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 18.94 ശതമാനമാണ്. മേല്‍പ്പറഞ്ഞ രണ്ടു ഫണ്ടുകളും മിഡ് - സ്‌മോള്‍കാപ്പ് ഫണ്ടുകളാണെങ്കില്‍ യുടിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട് ഒരു മള്‍ട്ടികാപ്പ് ഫണ്ട് (വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തതില്‍ വിവിധ തട്ടുകളില്‍ നില്‍ക്കുന്ന ഓഹരികള്‍ക്ക് ഏതാണ്ട് തുല്യമായ പ്രാധാന്യം നല്‍കുന്ന ഫണ്ട്) ആണ്.
2005 മാര്‍ച്ചില്‍ തുടങ്ങിയ യുടിഐ ഡിവിഡന്റ് യീല്‍ഡ് ഫണ്ട് ആദ്യവര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ചില്ലെങ്കിലും 2007 മുതല്‍ സെന്‍സെക്‌സിനെയും ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകളുടെ ശരാശരി പ്രകടനത്തെയും പിന്നിലാക്കുന്ന നേട്ടമാണ് നല്‍കിയിട്ടുള്ളത്. ഈ ഫണ്ട് തുടങ്ങിയതിനു ശേഷം ഇതുവരെ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 16.45 ശതമാനമാണ്.
ഓഹരി വിപണി കടുത്ത തകര്‍ച്ചയെ നേരിട്ട 2008ല്‍ ഡൈവേഴ്‌സിഫൈഡ് ഇക്വിറ്റി ഫണ്ടുകളുടെ ശരാശരി ഇടിവ് 55.63 ശതമാനമായിരുന്നപ്പോള്‍ 44.44 ശതമാനം ഇടിവ് മാത്രമാണ് ഈ ഫണ്ടില്‍ ഉണ്ടായത്. വിപണി തിരിച്ചുവരവ് നടത്തിയ 2009ല്‍ 85.78 ശതമാനം നേട്ടം ഈ ഫണ്ട് നല്‍കി. 2010ലെ നേട്ടം 24.27 ശതമാനമാണ്.
ഈ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തി 2233 കോടി രൂപയാണ്. എനര്‍ജി സെക്ടറിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്-ആസ്തിയുടെ 21.37 ശതമാനം. 70 ശതമാനവും ലാര്‍ജ്കാപ്പ് ഓഹരികളിലും 30 ശതമാനം മിഡ്കാപ്പ്- സ്‌മോള്‍കാപ്പ് ഓഹരികളിലുമാണ് ഈ ഫണ്ട് നിക്ഷേപം നടത്തിയിരിക്കുന്നത്.
അഞ്ച് ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത് ഇന്‍ഫോസിസ് ടെക്‌നോളജീസില്‍ മാത്രമാണ്. ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, എന്‍ടിപിസി, ഒഎന്‍ജിസി, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഗെയില്‍, ബാങ്ക് ഓഫ് ബറോഡ, ഐടിസി എന്നിവയാണ് പോര്‍ട്ട്‌ഫോളിയോയിലെ ആദ്യത്തെ 10 ഓഹരികള്‍.