മ്യൂച്വല്‍ ഫണ്ടുകളില്‍ ഇനി നേരിട്ട് നിക്ഷേപിക്കാം

Posted on: 28 Jan 2013


ഡോ. ആന്റണി സി. ഡേവിസ്‌മികച്ച ലാഭം നേടാന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ ഇനി നേരിട്ട് നിക്ഷേപിക്കാം. ജനവരി മുതലുള്ള നിക്ഷേപങ്ങള്‍ക്കാണ് സെബിയുടെ പരിഷ്‌കാരങ്ങള്‍ ബാധകമാകുക. ഇതിനു വേണ്ടി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെന്റ് കമ്പനികള്‍ ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകള്‍ അവതരിപ്പിച്ചു.

ബ്രോക്കര്‍, ഏജന്റ്, സാമ്പത്തിക ഉപദേഷ്ടാക്കള്‍, ഇടനിലക്കാര്‍ എന്നിവരെ ഒഴിവാക്കി നേരിട്ട് നിക്ഷേപിച്ചാല്‍ മാത്രമാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. ഇങ്ങനെ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ പുതിയ എന്‍.എ.വി. (അറ്റ ആസ്തി മൂല്യം) യായിരിക്കും ബാധകമാകുക. നിലവില്‍ സാധാരണ പ്ലാനിലുള്ള എന്‍.എ.വിയെക്കാളും കൂടുതലായിരിക്കും ഡയറക്ട് പ്ലാന്‍ പ്രകാരമുള്ള എന്‍.എ.വി. മ്യൂച്വല്‍ ഫണ്ട് വിതരണക്കാര്‍ക്ക് കമ്പനികള്‍ നല്‍കുന്ന കമ്മീഷന്‍ നിക്ഷേപകന് വീതിച്ചു നല്‍കുന്നതിനാലാണ് അറ്റ ആസ്തി മൂല്യത്തില്‍ വര്‍ധന ഉണ്ടാകുന്നത്. വിതരണക്കാര്‍ക്കും മറ്റും നല്‍കുന്ന കമ്മീഷന്‍ ഇല്ലാതാകുന്നതോടെ ചെലവ് അനുപാതത്തില്‍ 0.75 ശതമാനം വരെ കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. ഇതാണ് നേരിട്ടുള്ള നിക്ഷേപകന് ഗുണകരമാകുക.

ഒറ്റത്തവണ നിക്ഷേപിക്കുന്നവര്‍ക്കും എസ്.ഐ.പി. (സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പദ്ധതി) പ്രകാരം നിക്ഷേപം തുടരുന്നവര്‍ക്കും പരിഷ്‌കാരം ബാധകമാണ്. എസ്.ഐ.പി. പ്രകാരം നിലവില്‍ നിക്ഷേപം തുടരുന്നവര്‍ക്ക് അപേക്ഷ നല്‍കി ഡയറക്ട് പ്ലാനിലേയ്ക്ക് മാറാം. അല്ലെങ്കില്‍ പദ്ധതി ഇടയ്ക്കുവെച്ച് നിര്‍ത്തി പുതിയതായി ഡയറക്ട് പ്ലാനില്‍ നിക്ഷേപിച്ചു തുടങ്ങാം. നിലവില്‍ നേരിട്ട് എസ്.ഐ.പി. നിക്ഷേപം തുടരുന്നവര്‍ താനെ ഡയറക്ട് പ്ലാനിലേയ്ക്ക് മാറിയിട്ടുണ്ടാകും.

എങ്ങനെ നിക്ഷേപിക്കാം

അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ ഇന്‍വെസ്റ്റര്‍ സര്‍വീസ് സെന്ററുകള്‍ വഴിയും ഇവയുടെ രജിസ്ട്രാര്‍മാരായ കംപ്യൂട്ടര്‍ ഏജ് മാനേജ്‌മെന്റ് സര്‍വീസസ(CAMS), കാര്‍വി(KARVY) എന്നിവ വഴിയും ഫണ്ട് കമ്പനികളുടെ വെബ്‌സൈറ്റ് വഴിയും നേരിട്ട് നിക്ഷേപം നടത്താം. എ.എം.സി. ഓഫീസുകള്‍ മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഉണ്ടാകുക. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചില കമ്പനികള്‍ക്ക് ഓഫീസുകളുണ്ട്. കാംസ്, കാര്‍വി തുടങ്ങിയ രജിസ്ട്രാര്‍മാര്‍ക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓഫീസുകളുണ്ട്. (ഇവയുടെ വിവരങ്ങള്‍ അതത് രജിസ്ട്രാര്‍മാരുടെ വെബ് സൈറ്റുകളില്‍ നിന്ന് ലഭിക്കും).

നിക്ഷേപം നടത്തേണ്ട ഫണ്ടുകളുടെ അപേക്ഷാ ഫോറങ്ങള്‍ മേല്‍പ്പറഞ്ഞ ഓഫീസുകളില്‍ നിന്ന് നേരിട്ട് ലഭിക്കും. വെബ് സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഇ-മെയില്‍ അല്ലെങ്കില്‍ തപാല്‍ വഴി ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ അപേക്ഷാ ഫോറം അയച്ചുതരും.

അപേക്ഷയില്‍ ബ്രോക്കര്‍ കോഡ് നല്‍കേണ്ട ഭാഗത്ത് 'ഡയറക്ട്' എന്നെഴുതിയാല്‍ നേരിട്ടുള്ള നിക്ഷേപമായി പരിഗണിക്കും. പേര്, വിലാസം, പാന്‍ നമ്പര്‍ (പാന്‍ കാര്‍ഡിന്റെ കോപ്പി അപേക്ഷയോടൊപ്പം നല്‍കണം), ബാങ്ക് അക്കൗണ്ട് നമ്പര്‍, ബാങ്കിന്റെ പേര്, ബ്രാഞ്ച്, നോമിനി (ആവശ്യമുണ്ടെങ്കില്‍) എന്നിവ മാത്രം അറിഞ്ഞാല്‍ അപേക്ഷാ ഫോം പൂരിപ്പിക്കാം. ഒപ്പ് ഇടാന്‍ മറക്കരുത്. നിശ്ചിതസ്ഥലത്ത് ഫണ്ടിന്റെ പേര് നല്‍കാം. ഫണ്ടിന്റെ പേരില്‍ നിക്ഷേപ തുകയ്ക്കുള്ള ചെക്കെഴുതി അപേക്ഷയോടൊപ്പം സര്‍വീസ് സെന്ററുകളില്‍ നല്‍കണം.

നെറ്റ് ബാങ്കിങ് അക്കൗണ്ട് ഉണ്ടെങ്കില്‍ ആര്‍ക്കും ഓണ്‍ലൈനായി നിക്ഷേപം നടത്താം. എസ്.ബി.ഐ, ഡി.എസ്.പി.ബി.ആര്‍, ഫിഡിലിറ്റി, റിലയന്‍സ്, ടാറ്റ തുടങ്ങിയ മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ ഫണ്ടുകളില്‍ ഓണ്‍ലൈനായി നിക്ഷേപിക്കാം. ഈ കമ്പനികളുടെ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ലളിതമായ നടപടിക്രമങ്ങളിലൂടെ ഇത് പൂര്‍ത്തിയാക്കാം. ഒരുതവണ രജിസ്റ്റര്‍ ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപം നടത്താം. ചില ഫണ്ട് കമ്പനികള്‍ നിക്ഷേപകന് പിന്‍ നമ്പര്‍ നല്‍കുന്നുണ്ട്. ഈ രഹസ്യനമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനായി നിക്ഷേപം നടത്തകയും നിക്ഷേപം പിന്‍വലിക്കുകയും ചെയ്യാം. നേരത്തെ ഒരു തവണയെങ്കിലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ ഓണ്‍ലൈനായി ഫണ്ടുകളില്‍ നിക്ഷേപിക്കാം.

ഫണ്ടുകള്‍ തിരഞ്ഞെടുക്കല്‍

സാമ്പത്തിക ഉപദേഷ്ടാവിന്റെയോ ബ്രോക്കറുടെയോ സഹായമില്ലാതെ മികച്ച ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ www.mb4fin.com പോലുള്ള സാമ്പത്തികകാര്യ വെബ്‌സൈറ്റുകള്‍, സാമ്പത്തിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ സഹായിക്കും. പ്രവര്‍ത്തനമികവ് പരിഗണിച്ച് വിവിധ ഏജന്‍സികള്‍ ഫണ്ടുകള്‍ക്ക് സ്റ്റാര്‍ റേറ്റിങ് നല്‍കിയിട്ടുണ്ട്.

മൂന്നോ അഞ്ചോ വര്‍ഷം തുടര്‍ച്ചയായി മികച്ച നേട്ടം നല്‍കിയ ഫണ്ടുകളാണ് നിക്ഷേപത്തിന് ഉചിതം.

ഫണ്ടില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ വെബ്‌സൈറ്റുകളിലെ സൗജ്യന്യ പോര്‍ട്ട് ഫോളിയോ സര്‍വീസുകളില്‍ രജിസ്റ്റര്‍ ചെയ്യാം. ഫണ്ടിന്റെ പ്രകടനം ഇതിലൂടെ അനായാസം വിലയിരുത്താനാകും. വര്‍ഷത്തിലൊരിക്കല്‍ പ്രകടനം വിലയിരുത്തി നിക്ഷേപകര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാന്‍ ഇത് സഹായകമാകും.

ഓപ്പണ്‍ എന്‍ഡ് ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ തുക നിക്ഷേപകര്‍ക്ക് ഏതുസമയത്തും മുഴുവനായോ ഭാഗികമായോ തിരിച്ചെടുക്കാവുന്നതാണ്. അതത് ദിവസത്തെ എന്‍.എ.വിക്ക് അനുസരിച്ചായിരിക്കും പണം ലഭിക്കുക. ഇതിനു വേണ്ടി മേല്‍പ്പറഞ്ഞ ഓഫീസുകളിലൊന്നില്‍ പണം തിരിച്ചെടുക്കാനുള്ള ഫോറം (റിഡംപ്ഷന്‍) പൂരിപ്പിച്ച് നല്‍കണം.

അക്കൗണ്ടിലേക്ക് നേരിട്ടോ അല്ലെങ്കില്‍ ചെക്ക് മുഖേനയോ പണം ലഭിക്കും. നിക്ഷേപകര്‍ക്ക് കമ്പനികളുടെ ടോള്‍ ഫ്രീ നമ്പറുകളില്‍ നേരിട്ട് വിളിച്ച് സംശയങ്ങള്‍ തീര്‍ക്കാവുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ കാംസ്(www.camsonline.com), കാര്‍വി(www.karvymfs.com)എന്നിവയുടെ വെബ് സൈറ്റുകളില്‍ നിന്ന് ലഭിക്കും.
Tags: Buy mutual funds directly from AMCs
»  News in this Section