നിക്ഷേപത്തിലെ ബാലന്‍സിങ്ങിന് ബാലന്‍സ്ഡ് ഫണ്ടുകളും എംഐപികളും

Posted on: 09 Dec 2012


കെ.അരവിന്ദ്‌നിക്ഷേപത്തിലെ ബാലന്‍സിങ്ങിന്റെ അടിസ്ഥാനം വൈവിധ്യവത്ക്കരണമാണ്. നിക്ഷേപത്തിന്റെ വൈവിധ്യവത്ക്കരണത്തിന് ഓഹരികള്‍ പോലെ റിസ്‌കുള്ള നിക്ഷേപരീതികളിലും റിസ്‌ക് കുറഞ്ഞ സ്ഥിരനിക്ഷേപ മാര്‍ഗങ്ങളിലും ആനുപാതികമായി നിക്ഷേപം നടത്തുന്ന ശൈലിയാണ് പിന്തുടരേണ്ടത്. ഇതിനായി ഒരു നിക്ഷേപകന്‍ സാധാരണഗതിയില്‍ ഓഹരികളിലോ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലോ തന്റെ റിസ്‌ക് സന്നദ്ധതക്ക് അനുസരിച്ച് നിക്ഷേപതുകയുടെ നിശ്ചിത ശതമാനം നിക്ഷേപിക്കുകയും ബാക്കി തുക ബാങ്ക് നിക്ഷേപത്തിലോ മറ്റ് സ്ഥിര നിക്ഷേപമാര്‍ഗങ്ങളിലോ നിക്ഷേപിക്കുകയുമാണ് ചെയ്യേണ്ടത്. ഇത് ഒരു കുടക്കീഴിലായി ചെയ്യാമെന്നതാണ് മ്യൂച്വല്‍ ഫണ്ട് ഉത്പന്നങ്ങളായ ബാലന്‍സ്ഡ് ഫണ്ടുകളുടെയും മന്ത്‌ലി ഇന്‍കം പ്ലാനുകളുടെ (എംഐപി) യും മേന്മ.

ഓഹരികളിലും സ്ഥിരനിക്ഷേപ മാര്‍ഗങ്ങളിലുമായി നിക്ഷേപിക്കുന്നതിന് സമാനമായ ഫലം തന്നെയാണ് ബാലന്‍സ്ഡ് ഫണ്ടുകളിലും മന്ത്‌ലി ഇന്‍കം പ്ലാനുകളിലും നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്നത്. ഓഹരികളിലോ ഇക്വിറ്റി ഫണ്ടിലോ 50 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഫലപ്രദമായി ബാലന്‍സ്ഡ് ഫണ്ടുകളെ പ്രയോജനപ്പെടുത്താമെങ്കില്‍ ഓഹരി നിക്ഷേപം 15-20 ശതമാനമായി പരിമിതപ്പെടുത്താന്‍ താത്പര്യപ്പെടുന്ന, താഴ്ന്ന റിസ്‌ക് സന്നദ്ധത മാത്രമുള്ള നിക്ഷേപകര്‍ക്ക് മന്ത്‌ലി ഇന്‍കം പ്ലാനുകളെ പ്രയോജനപ്പെടുത്താം.

വിപണിയുടെ കാലാവസ്ഥക്ക് അനുസൃതമായി ഓഹരികളിലെയും ഡെബ്റ്റിലെയും നിക്ഷേപ അനുപാതം ക്രമീകരിക്കുകയാണ് ബാലന്‍സ്ഡ് ഫണ്ടുകള്‍ ചെയ്യുന്നത്. ഓഹരികളില്‍ 65-75 ശതമാനം വരെയും ഡെബ്റ്റില്‍ 25-35 ശതമാനം വരെയും നിക്ഷേപം നടത്തുന്ന ബാലന്‍സ്ഡ് ഫണ്ടുകള്‍ നിക്ഷേപ അനുപാതം ക്രമീകരിക്കുന്നതിലൂടെ വിപണിയിലെ ഉയര്‍ന്ന നിലകളില്‍ നിക്ഷേപം നടത്തുന്നതിലെ റിസ്‌ക് കുറക്കാനും പോര്‍ട്ട്‌ഫോളിയോയിലെ ബാലന്‍സിങ് ഉറപ്പുവരുത്താനും അനുയോജ്യമാണ്.

അതേസമയം ഓഹരികളില്‍ 15-20 ശതമാനം വരെ മാത്രം നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്ന താഴ്ന്ന റിസ്‌ക് സന്നദ്ധതയുള്ള നിക്ഷേപകര്‍ക്ക് മന്ത്‌ലി ഇന്‍കം പ്ലാനുകള്‍ (എംഐപി) ആണ് അനുയോജ്യം. 15-25 ശതമാനം വരെ ഓഹരികളിലും 75-85 ശതമാനം വരെ ഡെബ്റ്റിലും നിക്ഷേപിക്കുന്ന മന്ത്‌ലി ഇന്‍കം പ്ലാനുകള്‍ പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നുണ്ട്.

ഓഹരി വിപണിയിലെ മുന്നേറ്റ ഘട്ടങ്ങളില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കാനും ഇടിവുകളില്‍ നഷ്ടം പരിമിതപ്പെടുത്താനും സാധിക്കുന്നുവെന്നതാണ് ബാലന്‍സ്ഡ് ഫണ്ടുകളിലെ നിക്ഷേപത്തിന്റെ മേന്മ. മന്ത്‌ലി ഇന്‍കം പ്ലാനുകളും ഓഹരി വിപണിയിലെ മുന്നേറ്റ ഘട്ടങ്ങളില്‍ സ്ഥിര നിക്ഷേപ മാര്‍ഗങ്ങളേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കുന്നുണ്ട്.

നികുതിയുടെ വശം പരിഗണിക്കുമ്പോഴും ഇത്തരം ഹൈബ്രിഡ് ഫണ്ടുകളാണ് മെച്ചം. ബാങ്ക് നിക്ഷേപം പോലുള്ള സ്ഥിരനിക്ഷേപ മാര്‍ഗങ്ങളില്‍ നിന്നുള്ള നേട്ടത്തിന് ടിഡിഎസ് (ടാക്‌സ് ഡിഡക്ഷന്‍ അറ്റ് സോഴ്‌സ്) ബാധകമാണെങ്കില്‍ എംഐപികളും ബാലന്‍സ്ഡ് ഫണ്ടുകളും പോലുള്ള ഓഹരി അനുബന്ധിത നിക്ഷേപ ഉത്പന്നങ്ങള്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വെച്ചതിനു ശേഷം ലാഭമെടുക്കുമ്പോള്‍ നികുതി ബാധകമല്ല.

ഒരു നിക്ഷേപ ഉത്പന്നത്തിലൂടെ തന്നെ നിക്ഷേപത്തില്‍ ആവശ്യമായ വൈവിധ്യവത്ക്കരണം കൊണ്ടുവരാമെന്ന സൗകര്യം പ്രയോജനപ്പെടുത്തുന്നതിന് ഫണ്ടുകളുടെ തിരഞ്ഞെടുപ്പില്‍ ഏറെ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. മികച്ച ട്രാക്ക് റെക്കോഡുള്ള ബാലന്‍സ്ഡ് ഫണ്ടുകളെയും എംഐപികളെയും തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നതില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Tags: Balanced Funds and MIPs
»  News in this Section