ഇപ്പോള്‍ വാങ്ങാവുന്ന അഞ്ച് മ്യൂച്വല്‍ ഫണ്ടുകള്‍

Posted on: 04 Mar 2011


കെ.അരവിന്ദ്‌



ലാര്‍ജ് ക്യാപ്, മള്‍ട്ടിക്യാപ്, ബാലന്‍സ്ഡ് എന്നീ വിഭാഗങ്ങളിലായി അഞ്ച് മികച്ച മ്യൂച്വല്‍ ഫണ്ടുകളാണ് വിപണിയുടെ ഇപ്പോഴത്തെ നിലയില്‍ നിക്ഷേപകര്‍ക്കായി ശുപാര്‍ശ ചെയ്യുന്നത്.

എച്ച്.ഡി.എഫ്.സി ടോപ്പ് 200 (എന്‍.എ.വി 203.80 രൂപ)

ശക്തമായ ചാഞ്ചാട്ടങ്ങള്‍ നിലനില്‍ക്കുന്ന വിപണിയുടെ ഇപ്പോഴത്തെ നിലയില്‍ ലാര്‍ജ് ക്യാപ് ഓഹരികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന മികച്ച ഫണ്ടുകള്‍ മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോയില്‍ ഉള്‍പ്പെടുത്തുന്നത് റിസ്‌ക് കുറയ്ക്കാന്‍ സഹായകമാണ്. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് നിശ്ചയമായും പരിഗണിക്കാവുന്ന ഒരു ലാര്‍ജ് ക്യാപ് ഫണ്ടാണ് എച്ച്.ഡി.എഫ്.സി ടോപ്പ് 200.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും മികച്ച നേട്ടം നല്‍കിയ ലാര്‍ജ് ക്യാപ് ഫണ്ടാണ് എച്ച്.ഡി.എഫ്.സി ടോപ്പ് 200. പതിമൂന്ന് വര്‍ഷത്തെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ ചരിത്രമാണ് ഈ ഫണ്ടിനുള്ളത്. വിവിധ കാലയളവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുയാണെങ്കില്‍ ഓഹരി സൂചികയെ വെല്ലുന്ന മികച്ച നേട്ടം നല്‍കുന്നതില്‍ എച്ച്.ഡി.എഫ്.സി ടോപ്പ് 200 വിജയിച്ചിട്ടുണ്ടെന്നു കാണാം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 18.88 ശതമാനം ശരാശരി വാര്‍ഷിക നേട്ടമാണ് ഈ ഫണ്ട് നല്‍കിയിട്ടുള്ളത്. ഇക്കാലയളവില്‍ സെന്‍സെക്‌സ് നല്‍കിയ ശരാശരി നേട്ടം 12.57 ശതമാനമാണ്.

വിപണി ശക്തമായ ചാഞ്ചാട്ടങ്ങളിലൂടെ കടന്നുപോയ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സെന്‍സെക്‌സിലുണ്ടായ ശരാശരി വാര്‍ഷിക നേട്ടം 0.34 ശതമാനം മാത്രമാണ്. അതേ സമയം ഇക്കാലയളവില്‍ നിക്ഷേപകരെ നിരാശപ്പെടുത്താത്ത നേട്ടം നല്‍കാന്‍ എച്ച്ഡിഎഫ്‌സി ടോപ്പ് 200ന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എച്ച്ഡിഎഫ്‌സി ടോപ്പ് 200 നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 10.43 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സെന്‍സെക്‌സ് 12.78 ശതമാനം മുന്നേറിയപ്പോള്‍ 18.87 ശതമാനം നേട്ടം ഈ ഫണ്ട് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 2006ല്‍ മാത്രമാണ് സെന്‍സെക്‌സിനേക്കാള്‍ മികച്ച നേട്ടം നല്‍കുന്നതില്‍ ഈ ഫണ്ട് പരാജയപ്പെട്ടത്. ഓഹരി വിപണി കനത്ത തകര്‍ച്ചയെ നേരിട്ട 2008ല്‍ സെന്‍സെക്‌സിലുണ്ടായ ഇടിവ് 52.45 ശതമാനമായിരുന്നപ്പോള്‍ 45.35 ശതമാനം ഇടിവാണ് എച്ച്ഡിഎഫ്‌സി ടോപ്പ് 200ല്‍ ഉണ്ടായത്. വിപണി ശക്തമായ തിരിച്ചുവരവ് നടത്തിയ 2009ല്‍ സെന്‍സെക്‌സില്‍ 81.03 ശതമാനം മുന്നേറ്റം ഉണ്ടായപ്പോള്‍ ഈ ഫണ്ടിലുണ്ടായ നേട്ടം 94.46 ശതമാനമാണ്.

നിലവില്‍ ആസ്തിയുടെ 83 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്ന ഈ ഫണ്ട് പോര്‍ട്ട്‌ഫോളിയോയിലെ ആദ്യത്തെ മൂന്ന് ഓഹരികളിലാണ് (എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് ടെക്‌നോളജീസ്) 20 ശതമാനം നിക്ഷേപവും നടത്തിയിരിക്കുന്നത്. 24.60 ശതമാനം നിക്ഷേപവും ധനകാര്യ സേവന മേഖലയിലാണ്. എനര്‍ജി സെക്ടറിലെ നിക്ഷേപം 21.72 ശതമാനമാണ്.

9489 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന എച്ച്ഡിഎഫ്‌സി ടോപ്പ് 200 ഏറ്റവും ഉയര്‍ന്ന ആസ്തിയുള്ള ഇക്വിറ്റി ഫണ്ടുകളില്‍ ഒന്നാണ്. ഈ ഫണ്ടിന്റെ ആസ്തയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉണ്ടായ വളര്‍ച്ച 228.76 ശതമാനമാണ്. ഇത് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരു ഇക്വിറ്റി ഫണ്ടിന്റെ ആസ്തിയില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണ്.

ഫ്രാങ്ക്‌ളിന്‍ ഇന്ത്യാ ബ്ലൂചിപ്പ് ഫണ്ട് (എന്‍.എ.വി 208.95 രൂപ)

വിവിധ നിക്ഷേപ കാലയളവുകള്‍ മാനദണ്ഡമായി എടുത്താല്‍ ഉയര്‍ന്ന നേട്ടം നല്‍കിയ ലാര്‍ജ് ക്യാപ് ഫണ്ടുകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്ന മറ്റൊരു മികച്ച ഫണ്ടാണ് ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ബ്ലൂചിപ് ഫണ്ട്. കുറെക്കൂടി പരമ്പരാഗത രീതിയില്‍ പോര്‍ട്ട്‌ഫോളിയോ കൈകാര്യം ചെയ്യുന്ന രീതിയാണ് ഈ ഫണ്ട് അനുവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ റിസ്‌ക് പരമാവധി കുറക്കാന്‍ താല്‍പര്യപ്പെടുന്ന നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ഫണ്ട് ആണ് ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ബ്ലൂചിപ് ഫണ്ട്.

വിപണിയിലെ കടുത്ത ചാഞ്ചാട്ടങ്ങള്‍ക്കിടയിലും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഫ്രാങ്ക്‌ളിന്‍ ഇന്ത്യാ ബ്ലൂചിപ്പ് ഫണ്ട് നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 7.71 ശതമാനമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫ്രാങ്ക്‌ളിന്‍ ഇന്ത്യാ ബ്ലൂചിപ്പ് ഫണ്ട് നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 15.73 ശതമാനമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15.96 ശതമാനം നേട്ടവും നല്‍കിയിട്ടുണ്ട്.

ഏറ്റവും പഴയ ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ ഒന്നായ ഫ്രാങ്ക്‌ളിന്‍ ഇന്ത്യാ ബ്ലൂചിപ് ഫണ്ട് തുടങ്ങിയത് 1993 നവംബറിലാണ്. ഫണ്ട് തുടങ്ങിയതിനു ശേഷം ഇതുവരെ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 25.48 ശതമാനമാണ്. 2005 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളിലെ ഈ ഫണ്ടിന്റെ പ്രകടനം പരിഗണിക്കുമ്പോള്‍ 2006 ഒഴികെയുള്ള എല്ലാ വര്‍ഷവും സെന്‍സെക്‌സിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വിപണിയിലെ ഇടിവുകളില്‍ സെന്‍സെക്‌സിലുണ്ടാകുന്നതിനേക്കാള്‍ താഴ്ന്ന ഇടിവ് രേഖപ്പെടുത്തുന്നതില്‍ ഈ ഫണ്ട് വിജയിച്ചിട്ടുമുണ്ട്.

ഈ ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയുടെ 85 ശതമാനവും നിലവില്‍ ലാര്‍ജ് ക്യാപ് ഓഹരികളിലാണ്. ആസ്തിയുടെ 97 ശതമാനവും ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുകയാണ്.

കഴിഞ്ഞ രണ്ടു വര്‍ഷമായി ധനകാര്യ സേവന മേഖലയിലാണ് ഈ ഫണ്ട് ഉയര്‍ന്ന തോതില്‍ നിക്ഷേപം നടത്തിയിരുന്നത്. ഇത് പോര്‍ട്ട്‌ഫോളിയോയുടെ 26 ശതമാനം വരെ ഉയര്‍ന്നിരുന്നു. പലിശനിരക്കുകള്‍ ഉയരുകയും ഈ സെക്ടറിലെ മിക്ക ഓഹരികളും ഉയര്‍ന്ന മൂല്യത്തിലെത്തുകയും ചെയ്തതോടെ ഫിനാന്‍ഷ്യല്‍ സെക്ടറിലെ നിക്ഷേപം കുറക്കുകയാണ് ഫണ്ട് മാനേജര്‍ ചെയ്തത്. 19 ശതമാനമാണ് നിലവില്‍ ഫിനാന്‍ഷ്യല്‍ സെക്ടറിലെ നിക്ഷേപം. വിപണിയില്‍ 2009ലും 2010ലും വിപണിയില്‍ ഉണ്ടായ ശക്തമായ കുതിപ്പില്‍ കാര്യമായി പങ്കെടുക്കാത്ത എനര്‍ജി സെക്ടറിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്-25.70 ശതമാനം.

എച്ച്.ഡി.എഫ്.സി ഇക്വിറ്റി ഫണ്ട് (എന്‍.എ.വി 268.28 രൂപ)

വിവിധ വിപണി കാലാവസ്ഥകളില്‍ നേട്ടം കൊയ്യാന്‍ സാധിക്കും വിധം വിപണി മൂല്യത്തിന്റെ വിവിധ തട്ടുകളില്‍ നില്‍ക്കുന്ന ഓഹരികളില്‍ നിക്ഷേപിക്കുകയാണ് മള്‍ട്ടി ക്യാപ് ഇക്വിറ്റി ഫണ്ടുകള്‍ ചെയ്യുന്നത്. മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ ഈ ദൗത്യം നിറവേറ്റുന്നതില്‍ വിജയിച്ചിരിക്കുന്ന ഫണ്ടാണ് എച്ച്ഡിഎഫ്‌സി ഇക്വിറ്റി ഫണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും മികച്ച നേട്ടം നല്‍കിയ മള്‍ട്ടി ക്യാപ് ഫണ്ടുകളിലൊന്നാണ് എച്ച്ഡിഎഫ്‌സി ഇക്വിറ്റി ഫണ്ട്. 16 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള ഈ ഫണ്ട് തുടങ്ങിയതിനു ശേഷം ഇതുവരെ നല്‍കിയ ശരാശരി വാര്‍ഷികനേട്ടം 22.64 ശതമാനമാണ്.

18.87 ശതമാനം നേട്ടമാണ് ഈ ഫണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയത്. വിവിധ കാലയളവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ വിവിധ വിപണി കാലാവസ്ഥകളിലെ ചാഞ്ചാട്ടങ്ങളെ മറികടക്കുന്ന മികച്ച നേട്ടം സ്ഥിരതയോടെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് ഈ ഫണ്ടിന്റെ സവിശേഷതയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ എച്ച്.ഡി.എഫ്.സി ഇക്വിറ്റി ഫണ്ട് നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 12.57 ശതമാനമാണ്. ഇക്കാലയളവില്‍ മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ ശരാശരി വാര്‍ഷിക നേട്ടം 3.13 ശതമാനമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ എച്ച്.ഡി.എഫ്.സി ഇക്വിറ്റി ഫണ്ട് നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 18.68 ശതമാനമാണ്. ഇക്കാലയളവില്‍ മള്‍ട്ടിക്യാപ് ഫണ്ടുകളുടെ ശരാശരി വാര്‍ഷിക നേട്ടം 16.93 ശതമാനമാണ്. 2005 മുതല്‍ 2010 വരെയുള്ള വര്‍ഷങ്ങളില്‍ 2006ല്‍ ഒഴികെ എല്ലാ വര്‍ഷവും സൂചികയേക്കാള്‍ മികച്ച നേട്ടം ഈ ഫണ്ട് നല്‍കിയിട്ടുണ്ട്. വിപണിയിലെ ഇടിവിന്റെ ഘട്ടങ്ങളില്‍ നഷ്ടം കുറയ്ക്കാനും ഈ ഫണ്ടിന് സാധിച്ചിട്ടുണ്ട്.

8353 കോടി രൂപ ആസ്തി കൈകാര്യം ചെയ്യുന്ന എച്ച്ഡിഎഫ്‌സി ഇക്വിറ്റി ഫണ്ട് ആസ്തിയുടെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ഇക്വിറ്റി ഫണ്ടുകളില്‍ ഒന്നാണ്. ആസ്തിയുടെ 98 ശതമാനവും നിലവില്‍ ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഈ മള്‍ട്ടി ക്യാപ് ഫണ്ടിന്റെ നിലവിലുള്ള പോര്‍ട്ട്‌ഫോളിയോയുടെ 69 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളും 31 ശതമാനം മിഡ് ക്യാപ്-സ്‌മോള്‍ക്യാപ് ഓഹരികളുമാണ്.

പോര്‍ട്ട്‌ഫോളിയോയിലെ ആദ്യത്തെ അഞ്ച് ഓഹരികളിലാണ് (എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടൈറ്റാന്‍ ഇന്റസ്ട്രീസ്, റിലയന്‍സ് ഇന്റസ്ട്രീസ്, ഇന്‍ഫോസിസ് ടെക്‌നോളജീസ്) 28 ശതമാനവും നിക്ഷേപം നടത്തിയിരിക്കുന്നത്. സെക്ടര്‍ അടിസ്ഥാനത്തില്‍ ഫിനാന്‍ഷ്യല്‍ സെക്ടറിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയിരിക്കുന്നത്-23.86 ശതമാനം. എനര്‍ജി സെക്ടറില്‍ 20.97 ശതമാനവും ടെക്‌നോളജി സെക്ടറില്‍ 10.56 ശതമാനവും നിക്ഷേപം നടത്തിയിരിക്കുന്നു.

ക്വാണ്ടം ലോങ് ടേം ഇക്വിറ്റി ഫണ്ട് (എന്‍.എ.വി 21.83 രൂപ)

പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏകദേശം അഞ്ച് വര്‍ഷം പൂര്‍ത്തിയായതേയുള്ളൂവെങ്കിലും ഇക്കാലയളവില്‍ വളരെ സ്ഥിരതയാര്‍ന്ന നേട്ടം നല്‍കിയ ക്വാണ്ടം ലോങ് ടേം ഇക്വിറ്റി ഫണ്ട് പ്രകടനത്തില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന ചരിത്രമുള്ള ഫണ്ടുകള്‍ക്ക് ഒപ്പം നില്‍ക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ മള്‍ട്ടി ക്യാപ് ഫണ്ടാണ് ക്വാണ്ടം ലോങ്‌ടേം ഇക്വിറ്റി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയ രണ്ടാമത്തെ മള്‍ട്ടി ക്യാപ് ഫണ്ട് കൂടിയാണ് ഇത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 12.60 ശതമാനം ശരാശരി വാര്‍ഷിക നേട്ടമാണ് ഈ ഫണ്ട് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20.49 ശതമാനം നേട്ടവും ഈ ഫണ്ട് നല്‍കി. മിക്ക ഇക്വിറ്റി ഫണ്ടുകളും ആദ്യവര്‍ഷങ്ങളില്‍ ദുര്‍ബലമായ പ്രകടനം കാഴ്ച വെക്കുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നിരിക്കെ അതില്‍ നിന്ന് വ്യത്യസ്തമായി ഹ്രസ്വകാലത്തിനുള്ളില്‍ പ്രകടന മികവ് ആര്‍ജിക്കാന്‍ കഴിഞ്ഞുവെന്നത് ക്വാണ്ടം ലോങ് ടേം ഇക്വിറ്റി ഫണ്ടിന്റെ സവിശേഷതയാണ്.

65.75 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ക്വാണ്ടം ലോങ് ടേം ഇക്വിറ്റി ആസ്തിയുടെ അടിസ്ഥാനത്തില്‍ ഒരു ചെറിയ ഫണ്ടാണ്. 2006 ഫിബ്രവരിയില്‍ തുടങ്ങിയ ഈ ഫണ്ട് തുടക്കത്തിനു ശേഷം നല്‍കിയിട്ടുള്ള ശരാശരി വാര്‍ഷിക നേട്ടം 16.94 ശതമാനമാണ്. 2007ല്‍ സെന്‍സെക്‌സിനേക്കാള്‍ അല്‍പ്പം താഴ്ന്ന നേട്ടമാണ് ഈ ഫണ്ട് നല്‍കിയതെങ്കിലും 2008, 2009, 2010 വര്‍ഷങ്ങളില്‍ സെന്‍സെക്‌സിനേക്കാള്‍ ഭേദപ്പെട്ട പ്രകടനം ക്വാണ്ടം ലോങ് ടേം ഇക്വിറ്റി ഫണ്ട് കാഴ്ച വെച്ചു. 2008ലെ വിപണിയിലെ തകര്‍ച്ചയില്‍ സെന്‍സെക്‌സിലുണ്ടായതിനേക്കാള്‍ കുറഞ്ഞ ഇടിവാണ് ഈ ഫണ്ടിന്റെ അറ്റ ആസ്തിമൂല്യ (യൂണിറ്റ് വില - എന്‍എവി) ത്തിലുണ്ടായത്.

നിലവില്‍ ഈ ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയുടെ 67 ശതമാനം ലാര്‍ജ് ക്യാപ് ഓഹരികളും 28 ശതമാനം മിഡ് ക്യാപ് ഓഹരികളുമാണ്. ആസ്തിയുടെ നാല് ശതമാനം മാത്രമേ സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപം നടത്തിയിട്ടുള്ളൂ. ഓഹരി വിപണിയുടെ ഉയര്‍ന്ന തലത്തില്‍ ജാഗ്രത പുലര്‍ത്തുന്ന നിക്ഷേപരീതിയാണ് ക്വാണ്ടം ലോങ് ടേം ഇക്വിറ്റി ഫണ്ട് പിന്തുടരുന്നത്. നിലവില്‍ ആസ്തിയുടെ 78 ശതമാനം മാത്രം ഓഹരികളില്‍ നിക്ഷേപിച്ചിരിക്കുന്ന ഈ ഫണ്ട് 22 ശതമാനം കൈയില്‍ വെച്ചിരിക്കുകയാണ്.

എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഫോസിസ് ടെക്‌നോളജീസ് എന്നിവയാണ് പോര്‍ട്ട്‌ഫോളിയോയിലെ ആദ്യത്തെ അഞ്ച് ഓഹരികള്‍. ഫിനാന്‍ഷ്യല്‍ സെക്ടറില്‍ 17.53 ശതമാനവും എനര്‍ജി സെക്ടറില്‍ 14.47 ശതമാനവും ടെക്‌നോളജി സെക്ടറില്‍ 10.92 ശതമാനവുമാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.

റിലയന്‍സ് റെഗുലര്‍ സേവിങ്‌സ് ഫണ്ട് - ബാലന്‍സ്ഡ് (എന്‍.എ.വി 21.44 രൂപ)

ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം നടക്കുന്ന സാഹചര്യത്തില്‍ ഓഹരി ബന്ധിത നിക്ഷേപത്തിലെ റിസ്‌ക് ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായകമാണ് ഓഹരികളിലും ഡെറ്റിലുമായി നിക്ഷേപ അനുപാതം ക്രമീകരിക്കുന്ന ബാലന്‍സ്ഡ് ഫണ്ടുകള്‍. മ്യൂച്വല്‍ ഫണ്ട് പോര്‍ട്ട്‌ഫോളിയോയിലെ വൈവിധ്യവത്ക്കരണം ഉറപ്പുവരുത്താന്‍ ബാലന്‍സ്ഡ് ഫണ്ടുകളിലെ നിക്ഷേപത്തിലൂടെ സാധിക്കുന്നു. വിപണിയുടെ ഇപ്പോഴത്തെ നിലയില്‍ ബാലന്‍സ്ഡ് ഫണ്ടുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

റിലയന്‍സ് റെഗുലര്‍ സേവിങ്‌സ് ബാലന്‍സ്ഡ് ഫണ്ട് ഓഹരികളിലും ഡെറ്റിലും നിക്ഷേപം നടത്തുന്ന ഒരു ബാലന്‍സ്ഡ് ഫണ്ടാണെങ്കിലും ദീര്‍ഘകാലമായി സെന്‍സെക്‌സിനേക്കാള്‍ ഉയര്‍ന്ന നേട്ടമാണ് ഈ ഫണ്ട് നല്‍കുന്നത്. ഓഹരികളില്‍ നിലവില്‍ 73 ശതമാനം മാത്രം നിക്ഷേപം നടത്തിയിരിക്കുന്ന ഈ ഫണ്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയ നേട്ടം 12.27 ശതമാനമാണ്. സെന്‍സെക്‌സിനേക്കാള്‍ ഉയര്‍ന്ന നേട്ടമാണ് ഇത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തെ നേട്ടം കണക്കിലെടുത്താല്‍ പല മികച്ച ഇക്വിറ്റി ഡൈവേഴ്‌സിഫൈഡ് ഫണ്ടുകളെക്കാളും ഉയര്‍ന്ന നേട്ടം റിലയന്‍സ് റെഗുലര്‍ സേവിങ്‌സ് ബാലന്‍സ്ഡ് ഫണ്ട് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 12.53 ശതമാനം ശരാശരി വാര്‍ഷിക നേട്ടമാണ് ഈ ഫണ്ട് നല്‍കിയിട്ടുള്ളത്. അതേ സമയം ബാലന്‍സ്ഡ് ഫണ്ടുകളുടെ മൂന്ന് വര്‍ഷത്തെ ശരാശരി വാര്‍ഷിക നേട്ടം 4.23 ശതമാനമാണ്.

പോര്‍ട്ട്‌ഫോളിയോയില്‍ മിഡ് ക്യാപ് ഓഹരികള്‍ക്ക് മതിയായ അനുപാതം നല്‍കുന്നതിലൂടെയാണ് റിലയന്‍സ് റെഗുലര്‍ സേവിങ്‌സ് ബാലന്‍സ്ഡ് ഫണ്ട് ഉയര്‍ന്ന നേട്ടം സാധ്യമാക്കുന്നത്. നിലവില്‍ ഈ ഫണ്ടിന്റെ ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോയുടെ 48 ശതമാനവും മിഡ് ക്യാപ്-സ്‌മോള്‍ ക്യാപ് ഓഹരികളാണ്.

Disclaimer: മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.

Tags: 5 mutual funds to invest now
»  News in this Section