വില കയറാത്ത ഓഹരികള്‍ കൈവശം വെയ്ക്കണോ?

Posted on: 25 Nov 2012


സനിക''കഴിഞ്ഞ 3 വര്‍ഷങ്ങളായി ഞാന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയിട്ട്. വൈവിധ്യവത്ക്കരണത്തിന് പ്രാധാന്യം കൊടുത്ത്, കമ്പനികളെക്കുറിച്ചൊക്കെ അത്യാവശ്യം പഠിച്ചതിനുശേഷം മാത്രമാണ് നിക്ഷേപം. പക്ഷേ, എല്ലാ ഓഹരികളും പ്രതീക്ഷിച്ചപോലെ റിട്ടേണ്‍ നില്കിയിട്ടില്ല. ചില ഓഹരികള്‍ 100 ശതമാനത്തിനുമേല്‍ റിട്ടേണ്‍ നല്കിയപ്പോള്‍ മറ്റു ചിലത് ഇപ്പോഴും വാങ്ങിയ വിലയിലും താഴെ തുടരുന്നു. ഇക്കഴിഞ്ഞ ദിവസം ഞാനൊരു കാര്യം ചെയ്തു. എനിക്ക് മികച്ച റിട്ടേണ്‍ നല്കിയ ഓഹരികളില്‍ ഭൂരിഭാഗവും ഞാന്‍ വിറ്റ് പ്രോഫിറ്റ് ബുക്ക് ചെയ്തു. മറ്റുള്ളവ ഞാന്‍ തത്ക്കാലം 'ഹോള്‍ഡ്' ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്''.

സാധാരണക്കാരായ നിക്ഷേപകര്‍ക്കുള്ള ഒരു പരാതി തന്നെയാണിത്. ആരെങ്കിലും പറഞ്ഞിട്ടോ, സ്വയം നല്ലതാണെന്ന് തോന്നിയോ ചിലര്‍ ഓഹരികള്‍ വാങ്ങും. പക്ഷേ, കാലമെത്ര കഴിഞ്ഞാലും ചില ഓഹരികള്‍ അനങ്ങില്ല എന്നു മാത്രമല്ല അവയുടെ വില താഴേക്കു പോവുകയും ചെയ്യും. വിപണിയുടെ മൊത്തത്തിലുള്ള അവസ്ഥ മുകളിലേക്കായാലും ചില ഓഹരികള്‍ ഇത്തരത്തില്‍ തുടരുമെന്നതാണ് ഏറെ രസകരം.

പക്ഷേ ഈ ഓഹരികള്‍ വാങ്ങിയ നിക്ഷേപകന് അത് ലാഭത്തിലല്ലാതെ നഷ്ടത്തില്‍ വില്‍ക്കാന്‍ മടി. തൊട്ടതെല്ലാം പൊന്നാക്കാനുള്ള തന്റെ കഴിവിന് ഇക്കാരണത്താല്‍ ഭംഗം സംഭവിച്ചാലോ? സെന്‍സെക്‌സ് നല്ലതുപോലെ ഉയര്‍ന്നിട്ടും, തന്റെ കൈവശമുള്ള മറ്റ് ഓഹരികള്‍ 100 ശതമാനത്തിനുമേല്‍ റിട്ടേണ്‍ നല്കിയിട്ടും ഈ ഓഹരികള്‍ മാത്രം താഴേക്ക്. സെന്‍സെക്‌സ് ഇത്രയും ഉയര്‍ന്ന സ്ഥിതിക്ക് കുറച്ച് ഓഹരികള്‍ വിറ്റ് ലാഭം ബുക്ക് ചെയ്യുവാനുള്ള ഉള്‍വിളി ഒടുവില്‍ അയാള്‍ കേള്‍ക്കും. തനിക്ക് നല്ല റിട്ടേണ്‍ നല്കിയ ഷെയറുകള്‍ ലാഭത്തില്‍ വിറ്റ് മറ്റുള്ളവ കൈവശം വച്ച് അയാള്‍ കാത്തിരിക്കും. അവയുടെ വില ഉയര്‍ന്ന് ലാഭത്തില്‍ വിറ്റുമാറാനായി.

വിവിധ ഓഹരികള്‍ കൈവശം വച്ച് മോശമല്ലാത്തൊരു നിക്ഷേപശേഖരം ഉണ്ടാക്കിയിരിക്കുന്നൊരാള്‍ക്ക് തന്റെ വിവിധ ഓഹരികള്‍ പൂന്തോട്ടത്തില്‍ നില്‍ക്കുന്ന ചെടികളോട് ഉപമിക്കാം. പൂന്തോട്ടം മനോഹരമായി നിലനിര്‍ത്തുക എന്നത് അല്പം ശ്രമകരമായ ജോലിയാണെന്ന് പൂന്തോട്ടമുള്ളവര്‍ക്കറിയാം. ദിവസവും നനയ്ക്കുക, മരുന്ന് തളിക്കുക, ഇടയ്ക്കിടെ വളമിടുക, കള പറിക്കുക ഇത്യാദി ജോലികള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകും. എങ്കിലും മനോഹരമായ പൂക്കള്‍ കാണുമ്പോള്‍ ഉടമസ്ഥന്‍ ഈ കഷ്ടപ്പാടുകളെല്ലാം മറക്കും.

വിവിധ ഓഹരികള്‍ കൊണ്ട് തീര്‍ക്കുന്ന നിക്ഷേപ ശേഖരവും ഇങ്ങനെ തന്നെയാണ്. ഇടയ്ക്കിടെ ഒരു അവലോകനം ഈയൊരു കാര്യത്തിലും അത്യാവശ്യമാണ്. ഇന്‍ഡസ്ട്രി, സമ്പദ്ഘടന, കമ്പനി എന്നിവയെക്കുറിച്ചൊക്കെവരുന്ന വാര്‍ത്തകള്‍ കണ്ടില്ല എന്നു നടിക്കരുത്. ഇവയുടെയൊക്കെ അടിസ്ഥാനത്തില്‍ നടത്തുന്ന പോര്‍ട്ട്‌ഫോളിയോ ചെക്ക്അപ്പ് ഒന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു. തന്റെ പൂന്തോട്ടത്തില്‍ ചില കളകള്‍ നില്‍ക്കുന്നു! ഇനിയാണ് ശ്രദ്ധിക്കേണ്ടത്. മികച്ച റിട്ടേണ്‍ നല്കിയ ഓഹരികള്‍ വിറ്റ് ലാഭം ബുക്ക് ചെയ്യുമ്പോള്‍ എപ്പോഴും നിക്ഷേപകന്‍ ചെയ്യുന്നത് ഇതാണ്. പുഷ്പിച്ച് നില്‍ക്കുന്ന മനോഹരമായ ചെടി പറിച്ചെടുത്ത് പുറത്തേക്കെറിയുന്നു. ഇത്രയും അനുകൂലമായ സാഹചര്യം സമ്പദ്ഘടനയ്ക്കും ഓഹരി വിപണിയ്ക്കും ഉണ്ടായിട്ടും, നാളുകളേറെ കഴിഞ്ഞിട്ടും, ഇപ്പോഴും വാങ്ങിയ വിലയിലുംതാഴെ തുടരുന്ന ഓഹരികള്‍ വീണ്ടും കൈവശം വയ്ക്കുന്നൊരു നിക്ഷേപകന്‍, കളകള്‍ നനച്ച് പരിപാലിക്കുന്നതിന് തുല്യമായൊരു സംഗതിയാണ് പലപ്പോഴും ചെയ്യുന്നത്.

ഇങ്ങനെ ചെയ്യുന്നൊരു നിക്ഷേപകന്‍ കുറഞ്ഞ പക്ഷം ഇത്രയെങ്കിലും ചിന്തിക്കേണ്ടതാണ്. സമ്പദ്ഘടനയും ഓഹരി വിപണിയും മിന്നുന്ന പ്രകടനം കാഴ്ചവച്ചിട്ടും എന്തുകൊണ്ടാണ് ഈ ഓഹരികള്‍ക്ക് സമാനമായ പ്രകടനം കാഴ്ചവയ്ക്കാനാകാതെ പോയത്. വിദഗ്ധരാല്‍ കൈകാര്യം ചെയ്യപ്പെടുന്ന ഒന്നാണ് ഓഹരി വിപണി എന്നതിനാല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന് ഒരു പ്രതീക്ഷയെങ്കിലും നിക്ഷേപക സമൂഹത്തിനുണ്ടായിരുന്നാല്‍ ഈ ഓഹരിയുടെ ഡിമാന്‍ഡും വിലയും ഇതിനകം വര്‍ധിച്ചേനെ. അങ്ങനെയല്ലാതാവാന്‍ ഈ കമ്പനി പ്രതിനിധാനം ചെയ്യുന്ന ഇന്‍ഡസ്ട്രിക്കോ, കമ്പനിക്ക് തന്നെയോ എന്തെങ്കിലും ദോഷകരമായി സംഭവിച്ചിട്ടുണ്ടോ? ഈയൊരു അവലോകനം സ്വതന്ത്രമായി നടത്തിയതിനുശേഷം മാത്രമാവണം ഇത്തരം ഓഹരികള്‍ കൈവശം വേണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍. അല്ലാതെ റിട്ടേണ്‍ നല്കാത്തതുകൊണ്ട് മാത്രം ഈ ഓഹരികള്‍ നിക്ഷേപശേഖരത്തില്‍ തുടരട്ടെ എന്നാണ് തീരുമാനമെങ്കില്‍ പലപ്പോഴും കളകള്‍ പുഷ്പിക്കട്ടെ എന്നതിന് സമാനമായ ഒരു തീരുമാനമാവും നിക്ഷേപകന്‍ എടുക്കുക.

ഫലം തരാത്ത വൃക്ഷം വെട്ടിക്കളയാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ഫലം നല്കിക്കൊണ്ടിരിക്കുന്നവയെ അല്ല എന്നോര്‍മ്മിപ്പിക്കാനാണിത്രയും എഴുതിയത്. ഓര്‍മിക്കുക നിക്ഷേപകന്റെ സെന്റിമെന്റ്‌സിന് യാതൊരു സ്ഥാനവുമില്ലാത്തൊരിടം തന്നെയാണ് ഓഹരി വിപണി. അതുകൊണ്ട് താന്‍ വാങ്ങിയ ഓരോ ഓഹരിയും തനിക്ക് ലാഭം നേടിത്തരണമെന്ന് ശഠിക്കാതെ, ഓഹരി വിപണിയിലെ തന്റെ നിക്ഷേപം തനിക്ക് മൊത്തത്തില്‍ നേട്ടമുണ്ടാവണം എന്ന് ചിന്തിക്കുന്നതാവും അഭികാമ്യം.

Tags: Should we hold returnless stocks
»  News in this Section