വെറുമൊരു ചേയ്ഞ്ചിനായി പ്രോഫിറ്റ് ബുക്കിങ് വേണോ?

Posted on: 18 Oct 2012


സനികസുഹൃത്ത് വിസിറ്റിങ് കാര്‍ഡ് നീട്ടിയപ്പോള്‍ അമ്പരന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടപ്പോള്‍ അദ്ദേഹം ഈ കമ്പനിയിലായിരുന്നില്ല. അതിനും ഏതാണ്ട് ആറ് മാസങ്ങള്‍ക്കു മുന്‍പ് ഇതേ കക്ഷിയുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന കമ്പനിയുടെ പേര് ഇവ രണ്ടുമല്ലാതെ മറ്റൊന്നാണ് പറഞ്ഞിരുന്നത്. ഏതായാലും ഒന്ന് തീര്‍ച്ചയായി. ഏതാണ്ട് ഒരു വര്‍ഷക്കാലയളവില്‍ ഇദ്ദേഹം മൂന്ന് കമ്പനികളെങ്കിലും മാറിയിരിക്കുന്നു. ഉയര്‍ന്ന വേതനവും സേവന വ്യവസ്ഥകളുമൊക്കെയാണോ ഈ ചാട്ടത്തിന് പിന്നില്‍ എന്ന ചോദ്യത്തിന് വന്ന മറുപടിയാണ് ഇതെഴുതുന്നതിന് പ്രേരിപ്പിച്ചത്.

''ഏയ് അതൊന്നുമല്ല, ഒരു കമ്പനിയില്‍ കുറച്ചുനാള്‍ ജോലി ചെയ്തു കഴിയുമ്പോള്‍തന്നെ മടുക്കും. ഇനി എനിക്ക് ഇവിടെ ഒന്നും ചെയ്യാനില്ല എന്ന തോന്നല്‍ വന്നുകഴിഞ്ഞാല്‍ പിന്നെ അവിടെ തുടരുവാന്‍ എനിക്കാവില്ല. മറ്റെവിടെയെങ്കിലും അവസരമുണ്ടോ എന്ന് അറിയാന്‍ ശ്രമിക്കുകയും അത് ലഭിക്കുകയും ചെയ്യുകയാണ് പതിവ്. പരസ്യത്തിലൊക്കെ പറയുന്നതുപോലെ ഒരു ചേയ്ഞ്ച് ഇഷ്ടപ്പെടാത്തവര്‍ ആരാണുള്ളത്? എന്നെ സംബന്ധിച്ച് ഒരു ചേയ്ഞ്ചല്ല, ഇടയ്ക്കിടെ ചേയ്ഞ്ച് ആഗ്രഹിക്കുന്നൊരാളാണ് ഞാന്‍''.

''ഒരുകണക്കിന് അത് നല്ലതാ, ഉയര്‍ന്ന തസ്തികയും ശമ്പളവും ലഭിക്കുമ്പോള്‍ ചാടുന്നതുതന്നെ ഉചിതം എന്നാണല്ലോ പുതിയ മതം''. അദ്ദേഹത്തിന്റെ ചിന്താഗതിയെ ശരിവയ്ക്കുവാനാണിത്രയും പറഞ്ഞത്. പക്ഷേ, അതിന് വന്ന മറുപടി ഇങ്ങനെയായിരുന്നു: ''ഏയ് അതൊക്കെ ചുമ്മാ പറയുന്നതാ. അന്ന് എന്റൊപ്പം ചേര്‍ന്ന സുഹൃത്തുക്കളില്‍ പലരും അതേ കമ്പനിയില്‍ തന്നെ ഇന്നും തുടരുന്നു. ഏതാണ്ട് അഞ്ച് പ്രമോഷനുകള്‍ ലഭിച്ച അവര്‍ ഇതിനോടകം എന്നെക്കാള്‍ വളരെ ഉയരത്തില്‍ എത്തിക്കഴിഞ്ഞു. ഇടയ്ക്കിടെ കമ്പനിയും പൊസിഷനും മാറിയ ഞാന്‍ ഇപ്പോഴും അവരെ അപേക്ഷിച്ച് താഴ്ന്ന പൊസിഷനില്‍ തന്നെയാണ്.'' അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ആദ്യം കണ്ട ആവേശം പിന്നീടുണ്ടായില്ല.

ചുരുക്കം ചിലരുടെ കാര്യത്തിലെങ്കിലും ഓഹരി വിപണിയിലും ഇത് വാസ്തവമാണ്. അല്പം പഠനമൊക്കെ നടത്തിയതിന് ശേഷം ചില ഓഹരികള്‍ വാങ്ങാമെന്നുതന്നെ ചിലര്‍ വിചാരിക്കും. വാങ്ങിച്ചു കഴിഞ്ഞ് കുറച്ചുനാള്‍ ഈ ഓഹരികള്‍ ഇവര്‍ കൈവശം വയ്ക്കുമെങ്കിലും പിന്നീടൊരു മടുപ്പ് ഇവര്‍ക്ക് അനുഭവപ്പെടുന്നു. ഇനി ഇതൊന്നു മാറ്റി മറ്റൊന്ന് വാങ്ങിയാലോ? അത്ര മോശമല്ലാത്ത ഓഹരിയാണ് കൈവശമിരിക്കുന്നതെങ്കില്‍ കൂടി അത് വിറ്റ് മറ്റൊന്ന് വാങ്ങുവാന്‍ സന്നദ്ധരാകുന്നു. ഇതിന് ഒരു സാങ്കേതികപദം കൂടി അവര്‍ കൂട്ടുപിടിക്കുന്നു. ആദ്യം വാങ്ങിയ ഓഹരി ലാഭത്തിലായതിനാല്‍ ഒരു 'പ്രോഫിറ്റ് ബുക്കിങ്' നടത്തിയത്രേ.

ഇങ്ങനെ ഇടയ്ക്കിടെ പ്രോഫിറ്റ് ബുക്കിങ് നടത്തിയൊരാളുടെ കാര്യം നോക്കാം. ഒട്ടേറെ പഠനങ്ങള്‍ക്കു ശേഷം വളരെ നല്ലതെന്നും മികച്ച മൂലധന വര്‍ധന കൈവരിക്കുമെന്നും പ്രതീക്ഷിച്ചൊരു ഓഹരി ഇദ്ദേഹം വാങ്ങി. ആദ്യ ഒന്നുരണ്ട് മാസങ്ങളില്‍ കാര്യമായ അനക്കമൊന്നുമില്ലാതെ കിടന്ന ഈ ഓഹരി പിന്നീട് മെല്ലെ അനക്കം വച്ച് തുടങ്ങി. തന്റെ പ്രതീക്ഷപോലെ ഓഹരി ഉയര്‍ച്ച താണ്ടുന്നതില്‍ ഇദ്ദേഹം സന്തോഷിക്കുകയും ചെയ്തു. ഏതാണ്ട് ഒന്‍പത് മാസംകൊണ്ട് 25 ശതമാനം വര്‍ധന കൈവരിച്ചു. ഈ ഓഹരി വിറ്റ് പ്രോഫിറ്റ് ബുക്ക് ചെയ്ത് എന്തുകൊണ്ട് മറ്റൊരു ഓഹരി വാങ്ങിക്കൂടാ എന്നൊരു ആശയം അദ്ദേഹത്തിനുണ്ടായത് പൊടുന്നനെയാണ്. അതുപോലെതന്നെ, അദ്ദേഹം ചെയ്യുകയും ചെയ്തു. പിന്നീട് ഇതുതന്നെ രണ്ടുതവണ കൂടി അദ്ദേഹം ആവര്‍ത്തിച്ചു. ഇവയില്‍ ഒരെണ്ണം അല്പം നഷ്ടമുണ്ടാക്കിയെങ്കിലും ആവറേജ് റിട്ടേണ്‍ 28 ശതമാനം കിട്ടി എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ഈയൊരു പരിപാടി മെച്ചമാണല്ലോയെന്നാണ് ആദ്യം കരുതിയത്. പക്ഷേ, അദ്ദേഹം ഒരുകാര്യം കൂടിപ്പറഞ്ഞു, ഞാന്‍ ആദ്യം വാങ്ങിയ ഓഹരി വില്‍ക്കാതെ തുടര്‍ന്നിരുന്നെങ്കില്‍ ഇന്ന് 42 ശതമാനം റിട്ടേണ്‍ ലഭിച്ചേനെ.

വെറുതെ ഒരു ചേയ്ഞ്ചിന് വേണ്ടി നല്ല ഓഹരി വിറ്റുകളഞ്ഞതിന്റെ പരിണതഫലം. ഇത്തരത്തില്‍ ചേയ്ഞ്ച്, വെറുതെ ഒരു ചേയ്ഞ്ചിനു വേണ്ടി മാത്രം കാംക്ഷിക്കുന്നവര്‍ക്ക് ആദ്യം പറഞ്ഞയാളുടെ അനുഭവം തന്നെയാകും ഉണ്ടാകുക. ആദ്യത്തെ മികച്ച ഓഹരിയില്‍ തന്നെ ഉറച്ചുനിന്നിരുന്നെങ്കില്‍ അവര്‍ക്ക് ഉണ്ടായേക്കാവുന്ന നേട്ടം എത്രയോ വലുതായിരുന്നുവെന്നോര്‍ത്ത് പിന്നീട് ദുഃഖം തോന്നിയേക്കാം. ഇനി ഇതിന് മറിച്ചൊരു മനഃശാസ്ത്രവുമുണ്ട്. അത് പിന്നാലെ പറയാം.

Tags: Right time to book profits in stock market
»  News in this Section