ഓഹരി വിപണിയില്‍ 'ഭ്രാന്തന്‍' ആകുക

Posted on: 16 Dec 2012


സനികനിക്ഷേപകരുടെ മനഃശാസ്ത്രമറിഞ്ഞാല്‍ വിപണിയില്‍ ഒരാള്‍ക്ക് നേട്ടമുണ്ടാക്കാം. ഈ നിക്ഷേപ മനഃശാസ്ത്രമാകട്ടെ പലപ്പോഴും മാറിമറിയുകയും ചെയ്യും. ഈ വികാരം ഏതു ദിശയിലേക്കാണ് പോകുന്നതെന്നറിഞ്ഞാല്‍ ഒരുവന് തീര്‍ച്ചയായും ഇവിടെ നിന്ന് പരമാവധി ലാഭമുണ്ടാക്കാം. എന്നാല്‍ ഭൂരിപക്ഷ നിക്ഷേപകരുടെ ചിന്താഗതിക്ക് മറിച്ചാണ് നിങ്ങള്‍ തീരുമാനമെടുക്കുന്നതെങ്കിലോ? ഇതൊന്ന് ശ്രദ്ധിക്കാം.

നാളത്തെ മഴയ്ക്കുശേഷം ആ ഗ്രാമത്തിലെ തടാകത്തില്‍ നിന്ന് വെള്ളം കുടിക്കുന്ന മുഴുവനാളുകള്‍ക്കും ഭ്രാന്ത് പിടിക്കുമെന്ന് അന്നാട്ടിലെ ഒരു പ്രവാചകന് ഉറക്കത്തില്‍ ഒരു ദര്‍ശനമുണ്ടാകുന്നു. കുടിവെള്ളത്തിനായി ആ ഗ്രാമം മുഴുവന്‍ ആശ്രയിക്കുന്നത് ആ തടാകത്തെയാണ്. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന പ്രവാചകന്‍ സമയം പാഴാക്കാതെ തടാകത്തിലേക്ക് നടന്നു. അവിടെ നിന്ന് വലിയ കല്‍ഭരണികളില്‍ ജലം ശേഖരിച്ചു. സ്വപ്‌നത്തില്‍ കണ്ടതുപോലെ തന്നെ സംഭവിച്ചു. പിറ്റേ ദിവസം മുതല്‍ കനത്തമഴ. മഴയ്‌ക്കൊടുവില്‍ ആ തടാകത്തില്‍ നിന്നും വെള്ളം കുടിച്ച മുഴുവനാളുകള്‍ക്കും ഭ്രാന്ത്! പ്രവാചകന് അവരോട് എന്തൊക്കെയോ പറയണമെന്നുണ്ട്. അതിനായി അയാള്‍ ഒരുപാട് ശ്രമിക്കുകയും ചെയ്തു. പക്ഷേ, അവര്‍ ഒറ്റക്കെട്ടായി. ഒരേ സ്വരത്തില്‍ അയാളെ നോക്കി കൂക്കിവിളിച്ചു; ഭ്രാന്ത്!

പിന്നീടയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. അയാള്‍ തിരിച്ച് വീട്ടിലേക്കു നടന്നു. എന്നിട്ട് ജലം ശേഖരിച്ചുവെച്ച കല്‍ഭരണികള്‍ മുഴുവന്‍ ഉടച്ചു കളഞ്ഞു. പിന്നെ, തടാകത്തിലേക്ക് നടന്ന് അവിടെ നിന്ന് വെള്ളം കുടിച്ച എല്ലാവരെയും പോലെ 'നോര്‍മലായി'.

അപ്പോള്‍ അതാണ് സംഗതി. ഭ്രാന്തന്‍മാരുടെ ലോകത്ത് ഭ്രാന്തില്ലാതെ ഒരുവന് മാത്രം പിടിച്ചുനില്‍ക്കാനാവില്ല. ഒന്നുകില്‍ ബാക്കിയുള്ളവരുടെ ഭ്രാന്ത് മാറണം. അല്ലെങ്കില്‍ എല്ലാവരെയും പോലെ അയാളും ഭ്രാന്തനാവണം. അയാള്‍ സംവേദിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെട്ടപ്പോള്‍ ഒരു സത്യം അയാള്‍ തിരിച്ചറിഞ്ഞു. ഇവരുടെയെല്ലാവരുടെയും ഭ്രാന്ത് താനൊരാളെക്കൊണ്ട് മാറ്റുക എന്നത് അസാധ്യം. അതിനെക്കാള്‍ എളുപ്പം അവരില്‍ ഒരാളായി മാറുക എന്നതാണ്. അതു തന്നെ അയാള്‍ ചെയ്യുന്നു.

ഓഹരി വിപണിയുടെ കാര്യവും ഇങ്ങനെ തന്നെ. നിങ്ങള്‍ക്ക് സമ്പദ്ഘടനയെക്കുറിച്ചോ, വിവിധ ഇന്‍ഡസ്ട്രികളുടെ ഭാഗ്യ-ദൗര്‍ഭാഗ്യങ്ങളെക്കുറിച്ചോ, കമ്പനികളുടെ ഇപ്പോഴത്തെ നിലവാരത്തെക്കുറിച്ചോ ഒക്കെ കൃത്യമായ ധാരണ ഉണ്ടായിരിക്കാം. കമ്പനികളുടെ ബാലന്‍സ് ഷീറ്റുകളും, വിവിധ അനുപാതങ്ങളും കൃത്യമായി അപഗ്രഥിക്കാന്‍ ഒരുപക്ഷേ കഴിവുമുണ്ടായിരിക്കാം. പക്ഷേ, ഇത്രയും കഴിവുള്ള നിങ്ങള്‍ കൃത്യമായി ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു എന്നാശ്വസിച്ചിരിക്കുമ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത് ശ്രദ്ധിച്ചിട്ടില്ലേ.

മികച്ച റിട്ടേണ്‍ ഓണ്‍ ക്യാപ്പിറ്റല്‍ ഉള്ള, ശക്തമായ മാനേജ്‌മെന്റ് എന്ന് പലരും തെളിയിച്ച, കുറഞ്ഞ പി.ഇ. അനുപാതമുള്ള ഈ ഓഹരി നിങ്ങള്‍ വാങ്ങുമ്പോള്‍ നിങ്ങളുടെ പ്രതീക്ഷ ഇതാണ്. താമസംവിനാ ഈ ഓഹരി ഉയരങ്ങള്‍ കീഴടക്കാന്‍ പോവുകയാണ്. എന്നാല്‍ സംഭവിക്കുന്നതോ? നിങ്ങള്‍ വാങ്ങിയ അന്നുമുതല്‍ വില താഴേക്കുവന്നു തുടങ്ങുന്നു. എന്താണ് തനിക്ക് പറ്റിയത്? എവിടെയാണ് പാളിച്ച സംഭവിച്ചത്?

ഉത്തരം ലളിതം. ഭൂരിപക്ഷവും മറിച്ച് ചിന്തിക്കുന്നു. അതേ ഭ്രാന്തന്മാരുടെ ഈ ലോകത്ത് പിടിച്ച് നില്‍ക്കണമെങ്കില്‍ ഭ്രാന്തനായേ പറ്റൂ. ഒരു കാരണവുമില്ലാതെ ചില ഓഹരികള്‍ പൊടുന്നനെ പുതിയ പുതിയ ഉയരങ്ങള്‍ ഭേദിക്കുന്നതു കണ്ടിട്ടില്ലേ? ഈ ഓഹരി ഇനിയും ഹോള്‍ഡ് ചെയ്യുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്നു കരുതി, ആദ്യത്തെ ഉയര്‍ച്ചയില്‍ തന്നെ അവ വിറ്റ് കളം കാലിയാക്കിയിരിക്കും നിങ്ങള്‍. എന്നാല്‍ പിന്നീടുള്ള ഈ ഓഹരിയുടെ ഉയര്‍ച്ച കാണുമ്പോള്‍ നിങ്ങള്‍ തന്നെ അമ്പരക്കും.

ഇവിടെയും സംഭവിക്കുന്നത് മറ്റൊന്നല്ല. ആള്‍ക്കാര്‍ ഭ്രാന്തമായി ചില ഓഹരികളുടെ പിന്നാലെ പായുമ്പോള്‍, ഭ്രാന്തില്ലാതെ മാറിനില്‍ക്കുന്ന നിങ്ങള്‍ മഠയനായേക്കാം. ഇതും ഓഹരിവിപണിയുടെ പ്രത്യേകതയാണ്. ഇത്തരം മനഃശാസ്ത്രം അറിഞ്ഞിരുന്നാല്‍ ഒരുപക്ഷേ, വലിയ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടായില്ലെങ്കിലും വലിയ വീഴ്ചകളില്‍ നിങ്ങള്‍ പതിച്ചേക്കില്ല.

Tags: How investment psychology help in stock market
»  News in this Section