ഓഹരി വിപണിയില്‍ പിന്നാലെ ഓടുന്നവര്‍

Posted on: 16 Jan 2013


സനിക''പണ്ടേ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിരുന്നെങ്കില്‍ എത്ര നന്നായേനെ. വൈകിപ്പോയെങ്കിലും ഉടന്‍ അത് ആരംഭിക്കണമെന്ന് കരുതുകയാ ഞാന്‍. റെക്കറിങ് ഡെപ്പോസിറ്റൊക്കെ ആരംഭിക്കുന്നതുപോലെ പ്രതിമാസം ഒരു നിശ്ചിത തുക നല്‍കി സ്വര്‍ണത്തിലും നിക്ഷേപമാവാമെന്ന് ഓഫീസില്‍ പറയുന്നത് കേട്ടു. കഴിഞ്ഞ ദിവസം ഏതോ ബ്രോക്കിങ് സ്ഥാപനത്തിലെ ജീവനക്കാര്‍ വന്ന ആപ്ലിക്കേഷന്‍ നല്‍കിയിരുന്നു. എന്തായാലും ഇനി വൈകേണ്ട എന്നു തന്നെയാണ് എന്റെ തീരുമാനം''.

സ്വര്‍ണ വില കുതിക്കുന്നുവെന്ന് പത്രങ്ങളിലും ടി.വി. ചാനലുകളിലും വാര്‍ത്ത നിറയുമ്പോള്‍ തനിക്ക് ഇവിടെ കാര്യമായി നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നു കരുതുന്നവര്‍ കുറവല്ല. എല്ലാവരുടെയും ശ്രദ്ധ തിരിയുന്നിടത്തേക്ക് ഒന്നുനോക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്. മനുഷ്യമനസ്സിന്റെ സഹജമായ ഈ വികാരം എങ്ങനെ എവിടെയൊക്കെ പ്രതിഫലിക്കുമെന്ന് നോക്കാം.

ജീവിതത്തിലെ ഏറ്റവും രസകരമായ കാലം ഒരുപക്ഷേ, കോളേജില്‍ പഠിക്കുന്ന ആ ഘട്ടം തന്നെയാകും ഏവര്‍ക്കും. ഉത്തരവാദിത്വങ്ങളുടെ മാറാപ്പില്ലാതെ ചിരിച്ചും ചിരിപ്പിച്ചും വളരെപ്പെട്ടെന്ന് കടന്നുപോകുന്ന ആ കാലത്തിന്റെ പ്രാധാന്യം പലരും മനസ്സിലാക്കുക പിന്നീടാണെന്നു മാത്രം. ഭാവിയില്‍ പല പ്രതിസന്ധികളിലും പിടിച്ചുനില്‍ക്കാനുതകുന്ന പല അനുഭവവും ഈ കലാലയ ജീവിതത്തില്‍ നിന്നാണ് ഒരാള്‍ക്ക് ലഭിക്കുന്നത്.

കോളേജില്‍ നിന്ന് തിരിച്ച് വീട്ടിലേക്കു പോകുന്നത് പലപ്പോഴും ഒരു പാസഞ്ചര്‍ ട്രെയിനിലായിരുന്നു അക്കാലത്ത്. ഒരു വിധത്തില്‍ അഞ്ചുമണിയാക്കി ഓഫീസില്‍ നിന്ന് ഇടവഴിയും ടാര്‍ റോഡും ചാടിയോടി വാച്ചിലേക്ക് ഇടയ്ക്കിടെ നോക്കി വണ്ടി പോയോ എന്ന് വ്യാകുലപ്പെട്ട് ഓടിയണച്ചെത്തുന്ന അവരെ സ്ഥിരമായി പറ്റിക്കുന്ന ഒരു പരിപാടി അക്കാലത്ത് കോളേജില്‍ പഠിക്കുന്ന ഒരു വിരുതനുണ്ടായിരുന്നു. കക്ഷിയുടെ ക്ലാസ്, നാലു മണിക്ക് തന്നെ കഴിയുമെങ്കിലും അവിടെയൊക്കെ കറങ്ങി നടന്ന് കൃത്യം 5 മണിയോടടുപ്പിച്ചാണ് റെയില്‍വേ സ്റ്റേഷനിലേക്കെത്തുന്നത്. തന്റെയൊപ്പമോ പിന്നാലെയോ ഏതെങ്കിലും യാത്രക്കാര്‍ നടക്കുന്നുണ്ടെന്ന് ഈ വിരുതനു തോന്നിയാല്‍ പിന്നെ ''അയ്യോ ട്രെയിന്‍ വന്നല്ലോ'' എന്ന് അല്പം ഉറക്കെപ്പറഞ്ഞ് ഒരൊറ്റ ഓട്ടമാണ്. പുറകെ നടക്കുന്ന ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ തന്റെ ബാഗും തൂക്കി പിന്നാലെ പായും. ഇതു കാണുന്ന മറ്റുള്ളവരും പരിഭ്രാന്തിയില്‍ ഇവരുടെ പിന്നാലെ പോകുന്നതോടെ വലിയ ഒരാള്‍ക്കൂട്ടം ഓടുകയായി. ഒടുവില്‍ സ്‌റ്റേഷനിലെത്തുമ്പോള്‍ ട്രെയിനിന്റെ അനൗണ്‍സ്‌മെന്റ് പോലുമുണ്ടാവില്ല. ഇതിനോടകം നമ്മുടെ വിരുതന്‍ ആള്‍ക്കൂട്ടത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടാവും. ഒരു തവണയല്ല ഒട്ടേറെത്തവണ ഈ സംഭവത്തിന് ദൃക്‌സാക്ഷിയായിട്ടുണ്ട്. ഏറ്റവും രസകരമായിത്തോന്നിയ വസ്തുത ഒരേ ആള്‍ക്കാരെ തന്നെയാണ് ഈ രസികന്‍ പല തവണ കബളിപ്പിച്ചത് എന്നതാണ്.

മനുഷ്യന്റെ മനസ്സ് ഇതു തന്നെയാണ്. എല്ലാവരും ഓടുമ്പോള്‍ ഒരു കാര്യവുമില്ലാതെയാണെങ്കിലും പിന്നാലെ പായാന്‍ ഒരാഗ്രഹം. 5.15നാണ് ട്രെയിനെന്ന് അറിയാമെങ്കിലും വാച്ചിലേക്ക് ഇടയ്ക്കിടെ നോക്കി 5 മണിയേ ആയിട്ടുള്ളൂ എന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കുമ്പോഴും ട്രെയിന്‍ വന്നു എന്ന് പറഞ്ഞ് ഒരാള്‍ ഓടുമ്പോള്‍, മറ്റുള്ളവര്‍ പിന്‍ചെല്ലുമ്പോള്‍ തനിക്ക് ഓടാതിരിക്കാനാവുന്നില്ല.

ഇനിയൊന്നു ശ്രദ്ധിച്ചാല്‍ ഓഹരി വിപണിയിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് മനസ്സിലാകും. മാന്ദ്യത്തിന്റെ പിടിയിലമര്‍ന്ന്, അനക്കമില്ലാതെ കിടക്കുന്ന ഓഹരി വിപണിയില്‍ നിന്ന് നല്ല ഓഹരികള്‍ മികച്ച വിലയില്‍ നിക്ഷേപകന് ലഭ്യമാകും. പക്ഷേ, ആള്‍ക്കൂട്ടമില്ലാത്തിടത്ത് തിരിഞ്ഞുനോക്കാന്‍ ആര്‍ക്കും ഇഷ്ടമില്ല.

ഒടുവില്‍ വിപണി ചൂടുപിടിച്ച്, പത്ര-ടിവി മാധ്യമങ്ങളില്‍ ഇതൊരു ചൂടു ചര്‍ച്ചാവിഷയമായി മാറിത്തുടങ്ങുമ്പോള്‍ ആള്‍ക്കാര്‍ ഇങ്ങോട്ടേക്ക് ശ്രദ്ധിക്കുകയായി. കോളേജ് കാലത്തെ വിരുതനെപ്പോലെ പല വിതുരന്മാര്‍ ഈ ഘട്ടത്തില്‍ ഓഫീസുകളില്‍, റെയില്‍വെ സ്റ്റേഷനില്‍, കോഫീഹൗസില്‍ പ്രത്യക്ഷപ്പെടുകയായി. അവര്‍ക്കു പറയാനുള്ളത് ഒന്നുമാത്രം. കഴിഞ്ഞ ചുരുങ്ങിയ കാലംകൊണ്ട് ചില ഓഹരികള്‍ അവര്‍ക്ക് നേടിക്കൊടുത്ത ലാഭം. ഈ ഓഹരികള്‍ വരും ദിവസങ്ങളില്‍ കീഴടക്കാനിരിക്കുന്ന പുതിയ ഉയരങ്ങള്‍.

ട്രെയിന്‍ വന്നേ എന്നു പറഞ്ഞോടിയ വിരുതന്‍ വിദ്യാര്‍ഥിയുടെ പിന്നാലെ യാത്രക്കാര്‍ പാഞ്ഞതുപോലെ, ഇതു കേട്ടിരിക്കുന്നവര്‍ ഒന്നു തീരുമാനിക്കുന്നു - ഇനി വൈകിക്കൂടാ. കഴിഞ്ഞ ബുള്‍തരംഗത്തിനൊടുവില്‍ ഈ 'ബോഗി'യില്‍ ഇടിച്ചുകയറി അപകടം പിണഞ്ഞവരും അക്കൂട്ടത്തില്‍ കാണും. ഒരേ ആള്‍ക്കാര്‍ തന്നെ പലവട്ടം ഈ കബളിപ്പിക്കലിന് ഇരയായിട്ടും വീണ്ടും വീണ്ടും കാട്ടുന്നതുപോലെ, ആള്‍ക്കൂട്ടത്തിന് പിന്നാലെ പായാനുള്ള ത്വര മനുഷ്യനില്‍ എന്നുമുണ്ടല്ലോ.

ഓഹരി വിപണിയില്‍ ഇത്തരം ഓട്ടങ്ങള്‍ എന്നുമുണ്ട്. ട്രെയിനിന്റെ സമയം കൃത്യമായി അറിയാമായിരുന്നിട്ടും, ഇപ്പോള്‍ ആ ട്രെയിന്‍ വരില്ല എന്നുറപ്പുണ്ടായിട്ടും ട്രെയിന്‍ ഇതാ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ എന്തിന് വൃഥാ ഓടി സമയം പാഴാക്കുന്നു. സമ്പദ്ഘടന തളര്‍ച്ചയുടെ വക്കിലാണെന്നറിഞ്ഞിട്ടും, ഓഹരി വിപണി അതിന്റെ പാരമ്യത്തിലാണെന്ന് തോന്നിയിട്ടും, ആളുകള്‍ ചില ഓഹരികള്‍ വാങ്ങിക്കുന്നു എന്നറിയുമ്പോള്‍ അവ തനിക്കും വാങ്ങിക്കൂട്ടണമെന്ന് ഒരാഗ്രഹം. ഇനി ഒരുവേള ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങള്‍ക്കൊപ്പം തനിക്ക് പങ്കുചേരാനായില്ലെങ്കിലോ?

Tags: Chasing the market
»  News in this Section