
'ഈ എന്‍.എ.വി. എന്നൊക്കെ പറയുന്നത് കൊള്ളാം. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങാന്‍ ഒട്ടേറെ ചെലവ് വരുമെന്ന് കേട്ടല്ലോ' പറയുന്നത് മ്യൂച്വല്‍ ഫണ്ടില്‍ പുതുതായി നിക്ഷേപം തുടങ്ങാനിരിക്കുന്ന ബിജോ കുരുവിള.
മ്യൂച്വല്‍ ഫണ്ട് വാങ്ങാന്‍ ഇപ്പോള്‍ ചെലവുകളൊന്നുമില്ല. നേരത്തെ എന്‍ട്രി ലോഡ് ഉണ്ടായിരുന്നെങ്കില്‍ 2009ല്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അത് എടുത്തു കളഞ്ഞിരുന്നു. സെബിയുടെ നിര്‍ദേശമനുസരിച്ച് 2009 ആഗസത് ഒന്ന് മുതലാണ് എന്‍ട്രി ലോഡ് ഒഴിവാക്കിയത്.
മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ നിന്ന് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ മ്യൂച്വല്‍ ഫണ്ട് വാങ്ങാന്‍ ഇപ്പോള്‍ യാതൊരു ചെലവുമില്ല. അതായത് നിങ്ങള്‍ നല്‍കുന്ന മുഴുവന്‍ തുകയും നിക്ഷേപമായി മാറും. നേരത്തെ എന്‍ട്രി ലോഡ് എടുത്തതിന് ശേഷമുള്ള തുക മാത്രമേ നിക്ഷേപിക്കുമായിരുന്നുള്ളൂ.
നേരത്തെ എന്‍ട്രി ലോഡ് ഉണ്ടായിരുന്നപ്പോള്‍ ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് 2.25 ശതമാനം എന്‍ട്രി ലോഡ് കഴിഞ്ഞ 97,750 രൂപ മാത്രമേ നിക്ഷേപമായി മാറുമായിരുന്നുള്ളൂ. ഇതിന് ശരാശരി 15 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമെന്ന് കരുതക. അതായത്, 10 വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക 3.95 ലക്ഷം രൂപയാണ്. എന്നാല്‍ ഇപ്പോള്‍ എന്‍ട്രി ലോഡ് ഒഴിവായതോടെ, നിങ്ങള്‍ നല്‍കിയ ഒരു ലക്ഷം രൂപ പൂര്‍ണമായി നിക്ഷേപമായി മാറും. മുകളില്‍ പറഞ്ഞ അതേനിരക്കില്‍ റിട്ടേണ്‍ കിട്ടുകയാണെങ്കില്‍ 4.05 ലക്ഷം രൂപയാണ് ലഭിക്കുക. എന്‍ട്രി ലോഡ് ഒഴിവായതു മൂലമുള്ള നേട്ടം 9,102 രൂപ.
മ്യൂച്വല്‍ ഫണ്ട് വിതരണക്കാരില്‍ നിന്നാണ് ഫണ്ട് വാങ്ങുന്നതെങ്കില്‍ ഇപ്പോള്‍ ചെറിയൊരു തുക ഫീസായി ഈടാക്കാറുണ്ട്. അത് പ്രത്യേകം തുകയായി തന്നെ നല്‍കണം.
എന്‍എവിയുടെ അടിസ്ഥാനത്തിലാണ് നേരത്തെ എന്‍ട്രി ലോഡ് സ്വീകരിച്ചുകൊണ്ടിരുന്നത്. എന്‍എവിയുടെ രണ്ട് ശതമാനമോ രണ്ടര ശതമാനമോ ഒക്കെയായിരുന്നു ഇത്. എന്‍.എ.വി. എന്നാലെന്തെന്ന് കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞിരുന്നല്ലോ? ഇനി ഇതിന്റെ പ്രാധാന്യം എന്തെന്നറിയേണ്ടിയിരിക്കുന്നു. മ്യൂച്വല്‍ഫണ്ടുകള്‍ ഇനി ന്യൂ ഫണ്ട് ഓഫറുമായി വരുമ്പോള്‍ ഒരുകാര്യം ശ്രദ്ധിക്കണം. ഈ സ്‌കീം ഓപ്പണ്‍ എന്‍ഡഡ് ആണോ ക്ലോസ് എന്‍ഡഡ് (Open - ended or Close - ended) ആണോ എന്ന്. ഓപ്പണ്‍ എന്‍ഡഡ് സ്‌കീമില്‍ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്ന ഒരു മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍നിന്ന് നിങ്ങള്‍ക്ക് എന്നു വേണമെങ്കിലും വാങ്ങാം. അതത് ദിവസത്തെ എന്‍.എ.വി. എത്രയെന്ന് സ്റ്റോക് എക്‌സ്‌ചേഞ്ചിലെ വ്യാപാരത്തിനൊടുവില്‍ ഇത്തരം സ്‌കീമുകള്‍ പ്രഖ്യാപിക്കും. മ്യൂച്വല്‍ ഫണ്ടിന്റെ വെബ്‌സൈറ്റുകളില്‍ ഈ വിവരം സാധാരണ നിക്ഷേപകര്‍ക്ക് ലഭ്യമാകും.
മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ വില്‍ക്കാന്‍
ഇനി ഈ യൂണിറ്റ് വില്‍ക്കാനാണെങ്കിലോ? അപ്പോഴും മാനദണ്ഡമാക്കുന്നത് എന്‍.എ.വി. തന്നെ. അന്നേ ദിവസം വാങ്ങുന്നതിനു പകരം നേരത്തെ കൈവശമുളള യൂണിറ്റുകള്‍ വില്‍ക്കുവാന്‍ ഒരു നിക്ഷേപകന്‍ തുനിയുന്നുവെന്നിരിക്കട്ടെ. ഈ ഫണ്ട് എക്‌സിറ്റ് ലോഡായി നിഷ്‌കര്‍ഷിക്കുന്നത് 3% ആണെന്നു കരുതുക. അങ്ങനെയെങ്കില്‍ 20 രൂപ എന്‍.എ.വി.യുള്ള യൂണിറ്റൊന്നിന്, നിക്ഷേപകന് ലഭിക്കുക എക്‌സിറ്റ് ലോഡ് കൂടി കിഴിച്ച ശേഷം 19.40 ആയിരിക്കും.
ഓരോ ഫണ്ടിന്റെയും എക്‌സിറ്റ് ലോഡ് വ്യത്യസ്തമായിരിക്കും. ഒരു വര്‍ഷത്തിന് ശേഷമാണ് നിക്ഷേപം പിന്‍വലിക്കുന്നതെങ്കില്‍ മിക്ക കമ്പനികളും എക്‌സിറ്റ് ലോഡ് ഈടാക്കാറില്ല.
വിപണിയുടെ സ്പന്ദനങ്ങളില്‍ നേരിട്ട് ഭാഗഭാക്കാകുന്നില്ലെങ്കില്‍ കൂടി വിപണിയില്‍നിന്നുള്ള നേട്ടത്തിന്റെ ഫലം പരോക്ഷമായി മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ലഭിക്കും എന്നതാണ് ഇതിന്റെ നേട്ടം. ഒപ്പം വൈവിധ്യവത്കരണത്തില്‍ കൂടി റിസ്‌ക് ലഘൂകരിക്കപ്പെടുകയും ചെയ്യുന്നു. ഓപ്പണ്‍ എന്‍ഡഡ് സ്‌കീമില്‍ ഏതു സമയവും യൂണിറ്റുകള്‍ അതത് ദിവസത്തെ എന്‍.എ.വി.യെ ആസ്പദമാക്കി തിരിച്ചെടുക്കപ്പെടുന്നു എന്നതിനാല്‍ ലിക്വിഡിറ്റിയും വളരെ കൂടുതലാണ്.
ഒരു കമ്പനിയുടെ പബ്ലിക് ഇഷ്യുവുമായി ക്ലോസ് എന്‍ഡഡ് സ്‌കീമിനെ താരതമ്യം ചെയ്യാം. കമ്പനിയില്‍നിന്ന് നേരിട്ട് അലോട്ട്‌മെന്റ് ആഗ്രഹിക്കുന്നൊരു നിക്ഷേപകന്‍ ഇഷ്യു കാലയളവില്‍ത്തന്നെ അപേക്ഷിക്കണം. ഈയൊരു കാലയളവിനുശേഷം ഈ ഓഹരി വാങ്ങണമെന്നാഗ്രഹിക്കുന്നൊരു നിക്ഷേപകന് അതു സാധിക്കുക ഈ ഓഹരി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം സെക്കന്‍ഡറി മാര്‍ക്കറ്റില്‍ നിന്നു മാത്രമായിരിക്കും. ക്ലോസ് എന്‍ഡഡ് സ്‌കീമില്‍ ദൈനംദിന വില്‍പനയോ, തിരിച്ചു വാങ്ങലോ ഫണ്ട് നേരിട്ടുനടത്താറില്ല. അതുകൊണ്ടുതന്നെ ഒരു നിര്‍ദിഷ്ട കാലയളവിലേക്കുതന്നെയുള്ള ലോക്ക് -ഇന്‍-പീരിയഡ് ഈ സ്‌കീമിനുണ്ടാവും. പക്ഷേ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെടണമെന്ന് നിയമം അനുശാസിക്കുന്നത് നിക്ഷേപകന് തുണയാകുന്നു. കാലാവധിക്കു മുന്‍പുതന്നെ വിപണിയില്‍ കൈമാറ്റം ചെയ്യുവാന്‍ ഇതുമൂലം സാധിക്കുന്നു എന്നതിനാല്‍ ഇതിനും ലിക്വിഡിറ്റി ഉണ്ടെന്നുതന്നെ പറയാം. എന്നാല്‍ ആദ്യത്തേതിലെ അപേക്ഷിച്ച് ക്ലോസ് - എന്‍ഡഡ് സ്‌കീമിന്റെ ലിക്വിഡിറ്റി കുറവാണെന്നു പറയേണ്ടിയിരിക്കുന്നു.
നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ഒരു സ്‌കീം തിരഞ്ഞെടുക്കേണ്ടതെങ്ങനെയെന്ന് അടുത്ത് അധ്യായത്തില്‍.