നിക്ഷേപാവസരത്തിലെ അപകടസാധ്യതകള്‍ മനസ്സിലാക്കുക
Posted on: 05 Jul 2010

''ആള്‍ക്കാരല്ലേ പെരുകിവരുന്നത്. ഭൂമി പെരുകുന്നില്ലല്ലോ? എന്തായാലും ഭൂമിക്കു വില കൂടുന്നതല്ലാതെ കുറയില്ല''-സുഹൃത്തിന്റെ ഈ കമന്റ് കേട്ട് 1996-ല്‍ സെന്റൊന്നിന് 50,000 രൂപ നിരക്കില്‍ 8 സെന്റ് സ്ഥലം വാങ്ങിയതാണ് വിമല്‍കുമാര്‍. 2001-ല്‍ മകനെ എന്‍ജിനീയറിംഗിന് ചേര്‍ക്കാന്‍ പണം ആവശ്യം വന്നപ്പോഴാണ് സ്ഥലം വില്‍ക്കുന്നതിനെക്കുറിച്ച് ആദ്യമായി ആലോചിച്ചത്. ചില ബ്രോക്കര്‍മാരോട് പറഞ്ഞപ്പോള്‍ കച്ചവടം ഉടന്‍ നടക്കുമെന്നായിരുന്നു പ്രതീക്ഷ. ഒരു മാസത്തിന് ശേഷം ബ്രോക്കര്‍ കൊണ്ടുവന്നൊരാള്‍ വില പറഞ്ഞു - സെന്റിന് 45000 രൂപ. ഇത് കേട്ട് അദ്ദേഹത്തിന്റെ കണ്ണു തള്ളി. 5 വര്‍ഷങ്ങള്‍ക്ക് മുമ്പ് 50,000 രൂപ നല്‍കിയ വസ്തുവിന്റെ വില ഇപ്പോള്‍ പറയുന്നത് 45,000 രൂപ. ബ്രോക്കര്‍ക്കുള്ള കമ്മീഷന്‍ ഇതില്‍നിന്നും കുറയും. ഭൂമിയോട് ആള്‍ക്കാര്‍ക്ക് വലിയ പ്രതിപത്തിയില്ലാതിരുന്ന ആ വര്‍ഷങ്ങളില്‍ കച്ചവടം നടക്കുന്നത് തന്നെ അപൂര്‍വം.
വാങ്ങിയ വിലയിലും താഴ്ത്തി വില്‍ക്കാന്‍ മനസ്സില്ലായിരുന്നെങ്കിലും മകന്റെ ഭാവി ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ മറ്റു വഴികളില്ലായിരുന്നു. പണപ്പെരുപ്പ നിരക്കോ, പലിശയോ കണക്കിലെടുത്താല്‍ ഈ ഇടപാടില്‍ അദ്ദേഹത്തിന്റെ നഷ്ടം 50% കവിയും! എന്താണിദ്ദേഹത്തിനു പറ്റിയത്?
നിക്ഷേപത്തിന്റെ വളര്‍ച്ചയൊക്കെ മനസില്‍ കണ്ടെങ്കിലും ഈ നിക്ഷേപത്തിന്റെ ഒരു പ്രധാന സ്വഭാവം വിസ്മരിച്ചതാണ് അദ്ദേഹത്തിന് വിനയായത്. ഏതൊരു നിക്ഷേപത്തിനും പ്രതീക്ഷിക്കാവുന്ന വളര്‍ച്ചയോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ആ നിക്ഷേപത്തിന്റെ ലിക്വിഡിറ്റിയും. എന്താണ് ലിക്വിഡിറ്റി? ഏതെങ്കിലും ഒരു നിക്ഷേപം അഥവാ ആസ്തി പണമാക്കി മാറ്റാന്‍ സാധിക്കുന്ന സമയം, അങ്ങനെ ചെയ്യുമ്പോള്‍ ആ നിക്ഷേപത്തിന് നഷ്ടപ്പെട്ടേക്കാവുന്ന മൂല്യം - ഇവ രണ്ടുമാണ് ഒരു നിക്ഷേപത്തിന്റെ ലിക്വിഡിറ്റി നിശ്ചയിക്കുന്നത്. ലളിതമായി പറഞ്ഞാല്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കുറഞ്ഞ മൂല്യനഷ്ടത്താല്‍ പണമാക്കി മാറ്റാന്‍ സാധിയ്ക്കുന്നൊരു നിക്ഷേപത്തിനാണ് ലിക്വിഡിറ്റി ഏറ്റവും കൂടുതല്‍. അങ്ങനെ നോക്കിയാല്‍ ബാങ്കുകളിലെ സേവിങ്‌സ് ബാങ്ക് നിക്ഷേപം, ഫിക്‌സഡ് ഡെപ്പോസിറ്റ് തുടങ്ങിയവയ്ക്ക് ലിക്വിഡിറ്റി വളരെ കൂടുതലാണ്. ഒരു ചെക്ക് വഴി അഥവാ ഡെപ്പോസിറ്റ് സറണ്ടര്‍ ചെയ്യുന്നത് വഴി നിക്ഷേപകന് പണം തിരികെ ലഭിക്കുന്നു. ഇതിനെടുക്കുന്ന സമയമാകട്ടെ വളരെ തുച്ഛവും.
ഇനി ഓഹരിയുടെ കാര്യമെടുത്താലോ? മാര്‍ക്കറ്റില്‍ വളരെ ആക്ടീവ് ആയി വ്യാപാരം ചെയ്യപ്പെടുന്നവയും അല്ലാത്തവയുമായി ഒട്ടനവധി ഓഹരികളുണ്ട്. ആക്ടീവ് ആയി വ്യാപാരം ചെയ്യപ്പെടുന്ന ഓഹരികള്‍ ഏത് സമയത്തും വില്‍ക്കാനും വാങ്ങാനും നിക്ഷേപകന് സാധിക്കും. അതുകൊണ്ടുതന്നെ അവയുടെ ലിക്വിഡിറ്റി വളരെ കൂടുതല്‍ ആയിരിക്കും.
വളര്‍ച്ചാസാധ്യത വളരെ കൂടുതലാണെന്നൊക്കെപ്പറഞ്ഞ് കൈവശമുള്ള പണം നിക്ഷേപിക്കുമ്പോള്‍ നിക്ഷേപകന്‍ ഒന്നോര്‍മിക്കണം. ഒരാവശ്യം വരുന്ന പക്ഷം തന്റെ നിക്ഷേപം പെട്ടെന്ന് പണമാക്കി മാറ്റാന്‍ സാധിക്കുമോ? അതേ തന്റെ നിക്ഷേപത്തിന്റെ ലിക്വിഡിറ്റിയെക്കുറിച്ച് നിക്ഷേപകന് പൂര്‍ണ ബോധ്യമുണ്ടാകണം.
നിക്ഷേപത്തെക്കുറിച്ചു പറയുമ്പോള്‍ സമീപകാലത്തുണ്ടായ മറ്റൊരു അനുഭവം കൂടി പറയട്ടെ. ബിസിനസില്‍ അല്പം ക്ഷീണമുണ്ടായപ്പോഴാണ് നല്ലനാളില്‍ ചുളുവിലയ്ക്കു വാങ്ങിയ പുരയിടം വില്‍ക്കുന്നതിനെക്കുറിച്ച് ചാക്കോച്ചന്‍ ആലോചിക്കുന്നത്. ബിസിനസ്സിനായി എടുത്ത ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി ഉണ്ടാകുമെന്ന് ബാങ്കുകാര്‍ പറഞ്ഞിട്ടും ചാക്കോച്ചന്‍ കുലുങ്ങാതിരുന്നതും അതുകൊണ്ടുതന്നെ. ബിസിനസ്സിനായെടുത്ത ലോണ്‍ ബാങ്കിലടയ്ക്കാനുള്ളത് കേവലം 8 ലക്ഷം രൂപ. 6 സെന്റ് സ്ഥലവും ചെറിയൊരു വീടും ചാക്കോച്ചന്‍ 7 വര്‍ഷങ്ങള്‍ മുമ്പ് ചെറിയ വില കൊടുത്തു വാങ്ങിയതാണ്. കഴിഞ്ഞമാസം സമീപത്തൊരു സ്ഥലം കച്ചവടം നടന്നത് സെന്റൊന്നിന് 2 ലക്ഷം രൂപയ്ക്ക്. എങ്ങനെ പോയാലും പന്ത്രണ്ട് ലക്ഷം രൂപ ചാക്കോച്ചന്‍ കണക്കുകൂട്ടി. 'വില്‍പനയ്ക്കായ്' എന്ന ബോര്‍ഡ് കണ്ടൊരാള്‍ വന്ന് വില പറഞ്ഞപ്പോള്‍ ചാക്കോച്ചന്റെ ഉള്ള് കാളി! സെന്റിന് അമ്പതിനായിരം രൂപ. തൊട്ടടുത്ത സ്ഥലം കച്ചവടം നടന്നത് 2 ലക്ഷം രൂപയ്ക്ക്. ഇതറിഞ്ഞോ എന്ന് വന്നയാളോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് പ്രസക്തം. ''ആ സ്ഥലത്തിന് കാറ് കയറാനുള്ള വഴിയുണ്ട്. ഇവിടെ ബൈക്ക് തന്നെ കഷ്ടിയാ. ഇതൊന്നു വില്‍ക്കണമെന്നു വിചാരിച്ചാല്‍ അത്രയൊന്നും എളുപ്പത്തില്‍ നടക്കില്ല''. ഒട്ടേറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ ചാക്കോച്ചന് ആ സ്ഥലം സെന്റൊന്നിന് 57,000 രൂപയ്ക്ക് വില്‍ക്കേണ്ടിവന്നു.
ഈ നിക്ഷേപത്തിന്റെ മാര്‍ക്കറ്റബിലിറ്റി (Marketability) മറന്നതാണ് അയാള്‍ക്ക് വിനയായത്. ലിക്വിഡിറ്റിയും മാര്‍ക്കറ്റബിലിറ്റിയും ഒന്നാണെന്നു ധരിക്കുന്നവരുണ്ട്. ഒന്നു മറക്കാതിരിക്കുക-എല്ലാ ലിക്വിഡ് ആസ്തികളും (liquid assets) മാര്‍ക്കറ്റബിള്‍ (marketable) ആണ്. എന്നാല്‍ എല്ലാ മാര്‍ക്കറ്റബിള്‍ ആസ്തികളും ലിക്വിഡ് അല്ല.
സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചറിയുമ്പോള്‍ നിക്ഷേപാവസരങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന എല്ലാത്തരം അപകട സാധ്യതകളെക്കുറിച്ചും അറിഞ്ഞിരിയ്ക്കണം.
നിക്ഷേപം നടത്തിയ മുതല്‍മുടക്ക് തന്നെ ഇല്ലാതാകുന്ന അപകടാവസ്ഥയാണ് ആദ്യത്തേത്. Loss of Principal Risk എന്ന് ഇത് ഇംഗ്ലീഷില്‍ അറിയപ്പെടുന്നു.
കാലാകാലങ്ങളില്‍ ഈ നിക്ഷേപത്തില്‍ നിന്ന് ലഭിക്കേണ്ടുന്ന വരുമാനം (ഡിവിഡന്റോ, പലിശയോ) ഇല്ലാതെ വരുന്ന അവസ്ഥയാണ് രണ്ടാമത്തേത്. Loss of Income Risk എന്ന് ഇത് അറിയപ്പെടുന്നു.
ടൈമിങ് റിസ്‌കാണ് മൂന്നാമത്തേത്. മോശം സമയത്തുള്ള വാങ്ങലോ വില്‍പനയോ ആണ് ഇതില്‍ നഷ്ടമുണ്ടാക്കുന്നത്. വില കൂടിയ അവസരത്തില്‍ ഓഹരി വാങ്ങലും, വില കുറഞ്ഞ അവസരത്തില്‍ അവ വില്‍ക്കുന്നതും ഇതിന് ഉദാഹരണമായി പറയാം.
മാര്‍ക്കറ്റബിലിറ്റി റിസ്‌ക് ആണ് നാലാമത്തേതെങ്കില്‍ പലിശനിരക്കിലുണ്ടാകുന്ന വ്യതിയാനമാണ് അഞ്ചാമത്തെ റിസ്‌ക്.
നിക്ഷേപ അവസരങ്ങള്‍ക്ക് ഓരോന്നിനും വ്യത്യസ്തമായ വൈദഗ്ദ്ധ്യം ആവശ്യമാണ്. ബാങ്കിലെ നിക്ഷേപത്തിന് നിക്ഷേപകന്റെ വലിയ വൈദഗ്ദ്ധ്യം ആവശ്യമില്ലെങ്കിലും ഓഹരി-മ്യൂച്വല്‍ ഫണ്ട്-ഫ്യൂച്വര്‍ മാര്‍ക്കറ്റ് നിക്ഷേപങ്ങള്‍ക്ക് അല്പംകൂടി വൈദഗ്ദ്ധ്യം നിക്ഷേപകന്റെ ഭാഗത്തുനിന്നുണ്ടായേ തീരൂ. നിക്ഷേപകന്റെ വിദ്യാഭ്യാസം, അറിവ്, പരിചയസമ്പത്ത്, കഴിവ് ഇവയൊക്കെ നിക്ഷേപാവസരങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പങ്കുവഹിക്കുന്നു.
നിക്ഷേപത്തിന് വേണ്ടുന്ന മിനിമം തുകയാണ് മറ്റൊന്ന്. ചില നിക്ഷേപത്തിന് തുടക്കത്തില്‍ തന്നെ വലിയ പണം ആവശ്യമാണെങ്കില്‍ മറ്റു ചിലതിന് വേണ്ടുന്ന മിനിമം തുക വളരെ കുറവായിരിയ്ക്കും. ബാങ്കിലോ പോസ്റ്റ്ഓഫീസിലോ റെക്കറിങ് ഡെപ്പോസിറ്റിനു വേണ്ടുന്ന മിനിമം തുക 100 രൂപയാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടില്‍ ഇത് 1000 രൂപയാണ്. ഇതേ നിക്ഷേപം റിയല്‍ എസ്റ്റേറ്റിലാണെങ്കിലോ? തുടക്കത്തില്‍ തന്നെ ഭീമമായ തുക വേണ്ടിവരും.