
ഇടത്തരം വലിപ്പമുള്ള, വളര്‍ച്ച പ്രതീക്ഷിക്കുന്ന കമ്പനികളിലാണ് മിഡ്-ക്യാപ് ഫണ്ട്‌സിലെ പണം നിക്ഷേപിക്കപ്പെടുന്നത്. കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നു എന്നതിനാല്‍ത്തന്നെ അല്പം റിസ്‌കും ഇതില്‍ അന്തര്‍ലീനമായിരിക്കുന്നു. എന്നാല്‍ അല്പം യഥാസ്ഥിതിക മനോഭാവത്തോടെ മാനേജ് ചെയ്യപ്പെടുന്ന ചില ഫണ്ടുകളില്‍ റിസ്‌ക് അല്പം കുറവാണ്. റിസ്‌ക് എടുത്താലും കൂടുതല്‍ വളര്‍ച്ച പ്രതീക്ഷിക്കുന്നൊരു നിക്ഷേപകന് ഇത്തരം മിഡ്-ക്യാപ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപമാവാം. ചെറുകമ്പനികളിലാണ് സ്‌മോള്‍ ക്യാപ് ഫണ്ടുകളുടെ നിക്ഷേപം.
Value Fund (വാല്യു ഫണ്ട്) എന്ന വിഭാഗം എന്തെന്നാണ് അടുത്തതായി അറിയേണ്ടത്. ഇപ്പോഴത്തെ മാര്‍ക്കറ്റ് വില യഥാര്‍ഥമൂല്യവുമായി തട്ടിച്ചു നോക്കിയാല്‍ കുറവാണ് എന്നനുഭവപ്പെടുന്ന കമ്പനികളുടെ ഓഹരികളിലാണ് ഇത്തരം ഫണ്ടില്‍നിന്നുള്ള നിക്ഷേപം നടത്തുന്നത്. റിസര്‍ച്ച് ടീമിന്റെ മികവു പോലെയിരിക്കും ഇത്തരം ഫണ്ടുകളുടെ പ്രകടനം എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപകനാകാനാഗ്രഹിക്കുന്നൊരു നിക്ഷേപകന് അനുയോജ്യമാവും ഇത്.
ബാങ്ക് ഡെപ്പോസിറ്റിലും മറ്റും വേണമെങ്കില്‍ പ്രതിമാസം പലിശ പിന്‍വലിക്കാനൊരു സാഹചര്യം നിക്ഷേപകന് ലഭ്യമാണ്. ഗ്രോത്ത് ഫണ്ടിലും മറ്റും മ്യൂച്വല്‍ഫണ്ട് നിക്ഷേപകന് ഇടയ്ക്ക് വരുമാനം ലഭ്യമല്ല എന്ന പരാതി തീര്‍ക്കുവാനാണ് ഇക്വിറ്റി - ഇന്‍കം ഫണ്ട് ആവിഷ്‌കരിച്ചിരിക്കുന്നത്. ഡിവിഡന്റ് ഇനത്തില്‍ ഉയര്‍ന്ന വരുമാനം പ്രതീക്ഷിക്കുന്ന ഓഹരികളില്‍ നടത്തപ്പെടുന്ന നിക്ഷേപം അതുകൊണ്ടു തന്നെ ഇടയ്ക്ക് നിക്ഷേപകന് വരുമാനം ലഭ്യമാക്കുന്നു. അതിനാല്‍ തന്റെ നിക്ഷേപത്തില്‍നിന്നും കാലാകാലങ്ങളില്‍ വരുമാനം പ്രതീക്ഷിക്കുന്നൊരു നിക്ഷേപകന് ഈ ഫണ്ടില്‍ നിക്ഷേപകനാകാം.
ഓഹരി വിപണിയുടെ ബാരോമീറ്റര്‍ എന്നറിയപ്പെടുന്നത് സെന്‍സെക്‌സ് തന്നെയാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ആകമാനം പ്രതിനിധീകരിക്കുന്ന 30 പ്രമുഖ കമ്പനികളുടെ ഓഹരികളാണ് ബിഎസ്ഇ സെന്‍സെക്‌സിനെ പ്രതിനിധാനം ചെയ്യുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ തങ്ങളുടെ സ്‌കീമുകള്‍ ഇത്തരത്തില്‍ രൂപീകൃതമാകുന്ന സെന്‍സെക്‌സുമായി ബന്ധപ്പെടുത്തി ആവിഷ്‌കരിക്കാറുണ്ട്. അതായത് ഒരു ഇന്‍ഡക്‌സ് രൂപീകൃതമാകുന്നത് ഏതൊക്കെ കമ്പനികളുടെ ഓഹരികള്‍ കൊണ്ടാണോ, അവയുടെ ഓഹരികളില്‍ അതേ അനുപാതത്തിലാവും ഈ മ്യൂച്വല്‍ഫണ്ടിലൂടെ സമാഹരിക്കപ്പെടുന്ന പണം നിക്ഷേപിക്കപ്പെടുന്നത്. ചില പ്രത്യേക ഗുണങ്ങള്‍ ഇത്തരത്തിലുള്ള ഇന്‍ഡക്‌സ് ഫണ്ടുകള്‍ക്കുണ്ടെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. വൈവിധ്യവത്കരണം എന്നത് ഈ ഫണ്ടിന്റെ എടുത്തു പറയേണ്ട പ്രത്യേകത തന്നെ.
ചില പ്രത്യേക സെക്ടറുകളുടെ ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളും വിപണിയില്‍ സജീവം. ബാങ്കിങ് - ഐ.ടി. പെട്രോളിയം - കമ്പനികളുടെ ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളും മറ്റും ഇതിനോടകംതന്നെ നിക്ഷേപകശ്രദ്ധ നേടിക്കഴിഞ്ഞു. സമ്പദ്ഘടനയുടെ ചാക്രികമായ ചലനത്തില്‍ ഓരോ ഇന്‍ഡസ്ട്രികളുടെയും ഭാഗ്യദൗര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞു വരുമെന്നതിനാല്‍, ഇത്തരം സെക്ടര്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുമ്പോള്‍ അതു കൂടി കണക്കിലെടുക്കേണ്ടി വരുമെന്നു മാത്രം.