നിക്ഷേപമാര്‍ഗത്തിലെ അവസരങ്ങളും അപകടങ്ങളും

Posted on: 28 Jan 2011



വിവിധ നിക്ഷേപാവസരങ്ങളിലെ സാധ്യതകള്‍, ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ എന്നിവയാണ് ഇനി താരതമ്യം ചെയ്യപ്പെടേണ്ടത്. താഴെ കൊടുത്തിരിക്കുന്ന ടേബിള്‍ ശ്രദ്ധിക്കുക:
Download PDF Version



ഈയൊരു ചാര്‍ട്ട് പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന ഒരു നിക്ഷേപമാര്‍ഗം കണ്ടെത്തുക അസാധ്യമാണ്. ഓരോരുത്തരുടെ ആവശ്യങ്ങള്‍ക്കും അഭിരുചിക്കും റിസ്‌ക് എടുക്കാനുള്ള കഴിവിനും അനുസരിച്ചാവണം തങ്ങള്‍ക്കുവേണ്ട നിക്ഷേപമാര്‍ഗം തിരഞ്ഞെടുക്കേണ്ടത്. അതിനായി ഓരോ നിക്ഷേപമാര്‍ഗത്തിന്റെയും ഗുണവും ദോഷവും കൃത്യമായി അറിഞ്ഞിരിക്കുകയും വേണം. ഈ ചാര്‍ട്ടില്‍ ആദ്യം പറഞ്ഞിരിക്കുന്ന ഓഹരി എന്ന നിക്ഷേപമാര്‍ഗം തന്നെ ആദ്യം പരിചയപ്പെടാം.

ഷെയര്‍, സ്റ്റോക്ക്, ഓഹരി എന്നൊക്കെ അറിയപ്പെടുന്ന ഈ പദം യഥാര്‍ഥത്തില്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തെയാണ് സൂചിപ്പിക്കുന്നത്. പണ്ടൊക്കെ ഈ ഉടമസ്ഥാവകാശം ഒരു സര്‍ട്ടിഫിക്കറ്റിന്റെ (ഷെയര്‍ സര്‍ട്ടിഫിക്കറ്റ്) രൂപത്തിലായിരുന്നു നല്‍കപ്പെട്ടതെങ്കില്‍ ഇന്ന് ഇലക്‌ട്രോണിക്-ഡീമാറ്റ് ഫോമിലാണ് ഇത് ലഭ്യമാകുന്നത്. ഒരു കമ്പനിയ്ക്ക് ആകെ പതിനായിരം ഓഹരികളാണുള്ളതെന്നു കരുതുക. അതില്‍ 100 ഓഹരികള്‍ നിങ്ങള്‍ വാങ്ങുന്ന പക്ഷം, യഥാര്‍ഥത്തില്‍ ആ കമ്പനിയുടെ ഒരു ശതമാനം നിങ്ങള്‍ക്ക് സ്വന്തം എന്നു പറയാം. ചുരുക്കത്തില്‍ ഈ കമ്പനിയുടെ എല്ലാ സ്വത്തുക്കളുടേയും ഒരു ശതമാനം ഉടമസ്ഥാവകാശം നിങ്ങള്‍ക്കു തന്നെ! ഉടമയായതുകൊണ്ട് തന്നെ കമ്പനിയുണ്ടാക്കുന്ന നഷ്ടവും ഇവിടെ നിക്ഷേപകന് ബാധകമാണ്. ഇനി, എന്തൊക്കെയാണ് ഇൂ നിക്ഷേപമാര്‍ഗത്തിന്റെ പ്രത്യേകതകള്‍ എന്നു നോക്കാം.

ബാങ്കില്‍ നിങ്ങള്‍ ഒരു അക്കൗണ്ട് തുടങ്ങുമ്പോള്‍ ഒരു പാസ് ബുക്ക് ലഭ്യമാകുന്നു. അതേപോലെ തന്നെ കേവലം ബുക്ക് എന്‍ട്രികൊണ്ട് നിങ്ങള്‍ക്ക് ഓഹരികള്‍ കൈവശം വയ്ക്കാന്‍ സാധിക്കുന്നുവെന്നതാണ് ഡെപ്പോസിറ്റി സംവിധാനത്തിന്റെ പ്രത്യേകത. നിക്ഷേപകര്‍ക്ക് ഒരു ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് മുഖേന മാത്രമാണ് ഡെപ്പോസിറ്ററി അക്കൗണ്ട് തുടങ്ങാന്‍ സാധിക്കുക. സെബിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി സാമ്പത്തിക സ്ഥാപനങ്ങള്‍, ബാങ്കുകള്‍, കസ്റ്റോഡിയന്‍സ്, ബ്രോക്കേഴ്‌സ് മുതലായവര്‍ക്ക് ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റാവാന്‍ സാധിക്കും.

ആക്‌സിസ്, ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി മുതലായ ബാങ്കുകള്‍, ജിയോജിത്, ജെ.ആര്‍.ജി, ഡി.ബി.എഫ്.എസ് മുതലായ സ്റ്റോക്ക് ബ്രോക്കിങ്ങ് കമ്പനികള്‍ എന്നിവയൊക്കെ ഡി.പി.ക്ക് ഉദാഹരണം തന്നെ. ഇത്തരം ഡി.പി.കളില്‍ വേണം ഓഹരി വാങ്ങുവാനാഗ്രഹിക്കുന്നൊരു നിക്ഷേപകന്‍ അക്കൗണ്ട് തുടങ്ങേണ്ടത്. ഐഡന്റിറ്റി കാര്‍ഡിന്റെ കോപ്പി, പാന്‍കാര്‍ഡ് കോപ്പി, ഫോട്ടോ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ നല്‍കി ഡി.പി.യുമായുള്ള കരാറില്‍ ഒപ്പിട്ട് നിങ്ങള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് തുടങ്ങാനായി നിങ്ങള്‍ക്ക് ഓഹരികള്‍ കൈവശം ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. ഡി.പി. അക്കൗണ്ട് ആരംഭിച്ചതിനുശേഷം ബ്രോക്കര്‍ക്ക് ഓര്‍ഡര്‍ നല്‍കി നിങ്ങള്‍ക്ക് ഓഹരികള്‍ വാങ്ങാം. ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍ നല്‍കുന്നതുപോലെ നിങ്ങള്‍ക്ക് നിങ്ങളുടെ കാലശേഷം ഈ ഓഹരികള്‍ ആരുടെ കൈവശം വന്നുചേരണമെന്ന് ആഗ്രഹിക്കുന്നോ, അദ്ദേഹത്തിന്റെ പേര് നോമിനിയായി നല്‍കാവുന്നതാണ്. ഒരു നിക്ഷേപം എന്ന നിലയില്‍ ഈ നിക്ഷേപ മാര്‍ഗത്തിനുള്ള മെച്ചങ്ങളും ന്യൂനതകളുമാണ് അടുത്തതായി അറിയേണ്ടത്.

Tags: Invest opportunities-merits and demerits
»  News in this Section