മികച്ച പലിശയുമായി പിപിഎഫ്, സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്‌

Posted on: 24 Jan 2012



ല്ലാ മുട്ടകളും ഒരേ കൂടയില്‍ വയ്ക്കരുതെന്നാണ് പഴമൊഴി. പക്ഷേ വിവിധ കൂടകള്‍ എവിടെയാണെന്ന് അറിയാത്തൊരാള്‍ എന്തു ചെയ്യും? കാണുന്ന കൂടയില്‍ മുട്ടകളിടുകയല്ലാതെ മറ്റെന്തു വഴി? അതുകൊണ്ടുതന്നെ ഏതൊക്കെ കൂടകള്‍ എവിടെയൊക്കെയാണ് ഇരിക്കുന്നതെന്ന് ഓരോരുത്തരും അറിഞ്ഞിരിക്കണം. ഓരോ കൂടയിലും എത്ര മുട്ടകള്‍ ഇടാമെന്നും. വിവിധ നിക്ഷേപാവസരങ്ങളെക്കുറിച്ച്, അവയുടെ ലാഭ-നഷ്ട സാധ്യത, ഓരോന്നിലും അന്തര്‍ലീനമായിരിക്കുന്ന റിസ്‌ക്ക് എന്നിവയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

ഗവണ്‍മെന്റ് പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങള്‍, കമ്പനികള്‍ ഇഷ്യു ചെയ്യുന്ന കടപ്പത്രങ്ങള്‍ എന്നിവയും നിക്ഷേപാവസരങ്ങള്‍ തന്നെ. ആദ്യത്തേതില്‍ റിസ്‌ക് വളരെ കുറവാണെങ്കിലും വരുമാനവും താരതമ്യേന കുറവായിരിക്കും. കമ്പനികള്‍ ഇഷ്യു ചെയ്യുന്ന കടപ്പത്രങ്ങളുടെ പലിശനിരക്ക് ആദ്യത്തേതിനെ അപേക്ഷിച്ച് കൂടുതലായിരിക്കുമെങ്കിലും റിസ്‌ക് ഏറിയിരിക്കും. അതുകൊണ്ടുതന്നെ ഇവയില്‍ നിക്ഷേപിക്കുന്നതിനു മുന്‍പ് കമ്പനിയേക്കുറിച്ചും, വിവിധ റേറ്റിങ് ഏജന്‍സികള്‍ ഈ കടപ്പത്രത്തിനു നല്‍കിയിരിക്കുന്ന റേറ്റിങ്ങിനേക്കുറിച്ചും ശ്രദ്ധിക്കുന്നത് നന്ന്. കടപ്പത്രങ്ങള്‍ പോലെ തന്നെ കമ്പനികള്‍ നിക്ഷേപകരില്‍നിന്നും സ്ഥിരനിക്ഷേപവും സ്വീകരിക്കാറുണ്ട്. ബാങ്ക് ഡെപ്പോസിറ്റിനെ അപേക്ഷിച്ച് ചില കമ്പനികള്‍ വളരെ ആകര്‍ഷകമായ നിരക്ക് ഓഫര്‍ ചെയ്‌തേക്കാമെങ്കിലും, അതു വാഗ്ദാനം ചെയ്യുന്ന കമ്പനിയെയും, ആ കമ്പനിയുടെ റേറ്റിങ്ങിനേയും പൂര്‍ണമായി അവഗണിച്ച് നിക്ഷേപമരുത്.

ടാക്‌സ് മാറ്റി നിര്‍ത്താനായി ചില നിക്ഷേപാവസരങ്ങള്‍ തിരഞ്ഞെടുക്കുക എന്നത് മലയാളി വളരെക്കാലം മുന്‍പു തന്നെ അനുവര്‍ത്തിക്കുന്നൊരു ശീലമാണ്. തീരെ കുറഞ്ഞ റിസ്‌കില്‍, മോശമല്ലാത്ത വരുമാനത്തില്‍ പോസ്റ്റ് ഓഫീസുകളില്‍നിന്നും തിരഞ്ഞെടുത്ത ബാങ്കുകളുടെ ബ്രാഞ്ചുകളില്‍നിന്നും ലഭ്യമാകുന്ന Public Provident Fund - PPF എന്ന നിക്ഷേപാവസരം സാധാരണ നിക്ഷേപകന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഇപ്പോള്‍ 8.6% പലിശ നല്‍കി വരുന്ന പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് കാലാകാലങ്ങളില്‍ ഗവണ്‍മെന്റ് പരിഷ്‌ക്കരിക്കുന്നു. 15 വര്‍ഷക്കാലാവധിയിലേക്കാരംഭിക്കാവുന്ന പിപിഎഫ് നിക്ഷേപം വേണ്ടുന്ന പക്ഷം 30 വര്‍ഷം വരെ നീട്ടാവുന്നതാണ്. ഓരോ വര്‍ഷവും നിക്ഷേപിക്കുന്ന പരമാവധി 1,00,000 രൂപയ്ക്കു വരെയുള്ള ടാക്‌സ് ഇളവ്, പലിശ ഇനത്തില്‍ ലഭിക്കുന്ന വരുമാനത്തിനുള്ള ടാക്‌സ് ഇളവ്, കേവലം ഒരു ശതമാനം അധികപ്പലിശയില്‍ മൂന്നാം വര്‍ഷം മുതല്‍ ലഭ്യമായ ലോണ്‍ സൗകര്യം, ഏഴാം വര്‍ഷം മുതല്‍ ലഭ്യമായ ഭാഗികമായ പിന്‍വലിക്കല്‍ സൗകര്യം, കോടതിക്കുപോലും ഈ നിക്ഷേപത്തിലെ പണം അറ്റാച്ച് ചെയ്യുവാന്‍ സാധ്യമല്ല എന്ന വസ്തുത - ഇവയൊക്കെ ഈ നിക്ഷേപാവസരത്തെ വ്യത്യസ്തമാക്കുന്നു. ഏതൊരാളുടെയും നിക്ഷേപശേഖരത്തില്‍ അത്യാവശ്യമായി ഉണ്ടാവേണ്ട ഒന്നു തന്നെയാണിത്.

ടാക്‌സ് ഇളവ് പ്രതീക്ഷിക്കുന്നൊരു നിക്ഷേപകന്‍ എപ്പോഴും മുന്‍ഗണന കൊടുക്കുന്നൊരു നിക്ഷേപമാര്‍ഗമാണ് NSC (National Savings Certificate). ആറുവര്‍ഷ കാലാവധിയില്‍, നിലവില്‍ 8% അര്‍ധവാര്‍ഷിക കൂട്ടുപലിശയില്‍ ലഭ്യമായ ഈ നിക്ഷേപാവസരത്തിന്റെ കാലാവധി അഞ്ച് വര്‍ഷമായി കുറിച്ചിട്ടുണ്ട്. ഈ നിക്ഷേപത്തിന് ടാക്‌സ് ഇളവ് ലഭിക്കുന്നു (80 ഇ) എന്നതിനാല്‍ ആകര്‍ഷകമാണ്. എന്‍.എസ്.സിയുടെ 75% തുക ലോണായി ബാങ്കുകള്‍ നല്‍കുന്നു എന്നതിനാല്‍തന്നെ ഈയൊരു നിക്ഷേപത്തില്‍ പണം മുടക്കി ടാക്‌സ് ഒഴിവാക്കാന്‍ ആളുകള്‍ മത്സരിക്കുന്നു.

ഇതിനു പുറമേ, പോസ്റ്റ് ഓഫീസുകളിലെ റെക്കറിങ്, ടൈം, സേവിങ്‌സ് ബാങ്ക് നിക്ഷേപം എന്നിവ ഒട്ടേറെപ്പേരെ ആകര്‍ഷിക്കുന്ന ഒന്നാണ്.
കൂടകള്‍ അറിയാന്‍... ഓരോ കൂടയിലും നിക്ഷേപം എത്ര വരെയാകാമെന്നറിയാന്‍... ഇവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഓരോ നിക്ഷേപകനും അത്യാവശ്യമായി വരുന്നു.

Tags: Invest in PPF, National Savings Certificate
»  News in this Section