ചെലവ് കുറയ്ക്കാം; വരുമാനം കൂട്ടാം
Posted on: 23 Nov 2010

'പണം ഇന്നുവരും നാളെ പോകും, പക്ഷേ, നമുക്ക് പ്രധാനപ്പെട്ടത് പണമാണ്' - മലയാളസിനിമയിലെ ചിരിയിലൂടെ ചിന്തിപ്പിക്കുന്ന ഈ നടന്റെ കമന്റിന് ഏതാനും വര്‍ഷങ്ങളുടെ പഴക്കം. പക്ഷേ, സംഗതി സത്യമല്ലേ?
എന്താണ് കാഷ് ഫ്‌ളോ മാനേജ്‌മെന്റ്? ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ അടിസ്ഥാനശിലയായിത്തന്നെ ഇതിനെ കാണണം. കാഷ് ഫ്‌ളോയുടെ വിശകലനം, കാഷ് ഫ്‌ളോ ആസൂത്രണം, ബജറ്റിങ് - ഇവ മൂന്നുമായാല്‍ കാഷ് ഫ്‌ളോ മാനേജ്‌മെന്റായി.
ഒരാള്‍ക്ക് ധനാഗമത്തിനും അതുപോലെതന്നെ അതിന്റെ വിനിയോഗത്തിനും വിവിധ വഴികളുണ്ട്. ശമ്പളം, പലിശ, ഡിവിഡന്റ്, വാടക, ഭൂമിയില്‍നിന്നള്ള ആദായം എന്നിങ്ങനെ വിവിധതരത്തിലുള്ള വരുമാനത്തിനൊപ്പം വാടക, വായ്പാ തിരിച്ചടവ്, യാത്രാച്ചെലവ്, ഭക്ഷണം, ഇതര ഗാര്‍ഹിക ചെലവുകള്‍ എന്നിങ്ങനെ ചെലവുകളും വിവിധതരം. ഇത് ഒരു സ്റ്റേറ്റ്‌മെന്റ് രൂപത്തിലാക്കുന്നതുവഴി ചില നേട്ടങ്ങളുണ്ടാകുന്നു. ആവശ്യമില്ലാത്ത ചെലവുകള്‍ കണ്ടെത്താമെന്നതും കഴിയുമെങ്കില്‍ അത് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാമെന്നതും ഒന്നാമത്തെ നേട്ടം. ഒപ്പം അത്ര മെച്ചമല്ലാതെ മോശമായ റിട്ടേണ്‍ നല്‍കുന്ന ഇന്‍വെസ്റ്റ്‌മെന്റുകള്‍ കണ്ടെത്തി, വേണ്ടുന്നപക്ഷം മികച്ച ഇന്‍വെസ്റ്റ്‌മെന്റിലേക്ക് മാറ്റിച്ചവിട്ടുവാനും ഈ അവലോകനം ഒരാളെ സഹായിക്കുന്നു.
കാഷ് ഫ്‌ളോ പ്ലാനിങ്ങില്‍ അറിഞ്ഞിരിക്കേണ്ട ഒരു പദംതന്നെയാണ് Net Discretionary Cash Flow എന്നത്. വരുമാനവും ചെലവുകളും തമ്മിലുള്ള വ്യത്യാസമായി സാമാന്യഭാഷയില്‍ ഇതിനു വിശദീകരണം നല്‍കാം. പോസിറ്റീവ് ആയ കാഷ് ഫ്‌ളോ (വരുമാനം ചെലവിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥ) ഒരാള്‍ക്ക് നിക്ഷേപത്തിനോ ഉപഭോഗത്തിനോ ഗിഫ്റ്റിനോ ആവശ്യമായ പണം ലഭ്യമാക്കുന്നു. ഇക്കാരണത്താല്‍ Net Discretionary Cash Flow പരമാവധി ഉയര്‍ത്തുക എന്നതായിരിക്കും പലരുടെയും ആഗ്രഹം. വെറും ആഗ്രഹംകൊണ്ട് കാര്യമില്ലല്ലോ; ഇതിന് എന്താവും വഴി?
മറുനാടുകളിലേതുപോലെ അല്പം വരുമാനംകൂടി ലാക്കാക്കി മറ്റൊരു ജോലി, ഓവര്‍ടൈം, ജോലിയില്ലാത്ത ജീവതപങ്കാളിക്കൊരു ജോലി കണ്ടെത്തുക - അങ്ങനെ വരുമാനം വര്‍ധിപ്പിക്കാനുള്ള വഴികള്‍ ഒരുവശത്ത്. അല്പംകൂടി കുറഞ്ഞ വാടകയിലുള്ള വീട്, വാഹനം, ഉയര്‍ന്ന ചെലവുകളുള്ള ക്ലബ് മെംബര്‍ഷിപ്പുകളില്‍നിന്നുള്ള പിന്‍വാങ്ങല്‍, തുടരെത്തുടരെയുള്ള വിനോദയാത്രകളും പുറമേനിന്നുള്ള ഭക്ഷ്ണവും കുറയ്ക്കല്‍ - അങ്ങനെ ചെലവുകള്‍ കുറയ്ക്കാനുള്ള വഴികള്‍ മറുവശത്ത്.
ഇങ്ങനെ വര്‍ധിക്കപ്പെട്ട Net Discretionary Cash Flow എങ്ങനെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാമെന്നതാണ് കാഷ് ഫ്‌ളോ - പ്ലാനിങ് അഥവാ ആസൂത്രണം. കാഷ്-ഫ്‌ളോ മാനേജ്‌മെന്റിന്റെ അവസാനഘട്ടമായ ബജറ്റിങ്ങിലൂടെയാണ് ഇതിനു കൂടുതല്‍ കൃത്യത കൈവരുന്നത്. എഴുതി തയ്യാറാക്കിയ കൃത്യമായ ഒരു ബജറ്റിനൊപ്പം ചെലവുകളും നിക്ഷേപവും കൊണ്ടുപോവുകയാണ് ഇവിടെ ചെയ്യുന്നത്. എഴുതിത്തയ്യാറാക്കിയ ബജറ്റുമായി യഥാര്‍ത്ഥത്തിലുള്ള വസ്തുതകള്‍ താരതമ്യം ചെയ്യുകവഴി, തങ്ങള്‍ എവിടെയാണ് നില്‍ക്കുന്നതെന്നും ബജറ്റില്‍നിന്നും ഒട്ടേറെ വ്യതിയാനം വന്നിട്ടുണ്ടെങ്കില്‍ അതിന് കാരണമെന്തെന്ന് കണ്ടെത്തുവാനും വേണ്ട നടപടികളിലൂടെ സ്ഥിതി മെച്ചപ്പെടുത്താനും ഒരാള്‍ക്ക് സാധിക്കുന്നു. പക്ഷേ, ബജറ്റ് എഴുതിത്തയ്യാറാക്കാനും അവലോകനം നടത്താനും എന്തുകൊണ്ടോ നാം മടിക്കുന്നു. പക്ഷേ, ഫിനാന്‍ഷ്യല്‍ പ്ലാനിങ് സീരിയസ്സായി എടുക്കുന്നൊരാള്‍ ബജറ്റ് എഴുതിത്തയ്യാറാക്കുകതന്നെ വേണം. ബജറ്റ് തയ്യാറാക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1) വളരെ കാര്‍ക്കശ്യം നിറഞ്ഞതിനു പകരം അല്പം 'ഫ്‌ളെക്‌സിബിള്‍' ആയ ബജറ്റ് തയ്യാറാക്കാന്‍ ശ്രദ്ധിക്കുക. അത്യാവശ്യഘട്ടങ്ങളില്‍ വരുന്ന ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്ക് വേണ്ട 'സ്‌പേസ്' നല്‍കുക എന്നു സാരം.
2) ലളിതവും ചുരുങ്ങിയതുമായിരിക്കണം ബജറ്റ്.
3) ബജറ്റ് തയ്യാറാക്കുമ്പോള്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തേക്കെങ്കിലും തയ്യാറാക്കുക.
4) ബജറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായിത്തന്നെയാണ് കാര്യങ്ങള്‍ പോകുന്നതെന്ന് ഉറപ്പുവരുത്തുക.
5) കൃത്യമായ ലക്ഷ്യപ്രാപ്തിതന്നെയായിരിക്കണം ബജറ്റിന്റെ ലക്ഷ്യം.
6) ബജറ്റും യഥാര്‍ഥ സ്ഥിതിവിവരക്കണക്കുകളും ഇടവേളകളില്‍ അവലോകനം ചെയ്യുകയും കാര്യമായ വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കില്‍ കാരണം കണ്ടെത്തുകയും ചെയ്യുക.