സാമ്പത്തികാസൂത്രണത്തിനായുള്ള പ്ലാന്‍ തയ്യാറാക്കേണ്ടത് എങ്ങനെ?

Posted on: 05 Nov 2010



ഒരു 'ഫിനാന്‍ഷ്യല്‍ പ്ലാനി'ല്‍ എന്തൊക്കെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കണം? വളരെ വ്യക്തമായി ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാല്‍ മാത്രമേ പ്ലാനിനു പൂര്‍ണത കൈവരൂ.

ഈയൊരു പ്ലാന്‍ ആരെയൊക്കെ ഉദ്ദേശിച്ചുള്ളതാണോ അവരുടെയെല്ലാം പേര്, ജനനത്തീയതി, വയസ്സ് ഇവയടങ്ങുന്ന വ്യക്തിഗത വിവരങ്ങള്‍ (personal data) തന്നെയാകണം ഫിനാന്‍ഷ്യല്‍ പ്ലാനിന്റെ ആദ്യഘട്ടത്തില്‍ കൊടുക്കേണ്ടത്. ഭാര്യയും ഭര്‍ത്താവും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ പ്ലാനാണ് തയ്യാറാക്കുന്നതെങ്കില്‍ ഇവരുടെയെല്ലാം ഇത്തരം വിവരങ്ങള്‍ നല്‍കണമെന്നു സാരം.

അടുത്തതായി എഴുതേണ്ടത് കൃത്യമായ സാമ്പത്തികലക്ഷ്യങ്ങളാണ്. ഇതുതന്നെയാണ് ഫിനാന്‍ഷ്യല്‍ പ്ലാനിന്റെ അടിത്തറ എന്നതിനാല്‍ സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ച് എഴുതുമ്പോള്‍ കൃത്യതയുണ്ടാകാന്‍ പരമാവധി ശ്രമിക്കണം. ''60 വയസ്സില്‍ വിരമിച്ച് ഇപ്പോഴത്തെ അവസ്ഥയില്‍ ജീവിക്കാനാകണം (to maintain the present standard of living) എന്നത് കൃത്യതയാര്‍ന്ന ഒരാളുടെ സാമ്പത്തികലക്ഷ്യത്തിന് ഉദാഹരണമായി പറയാം.

ഇപ്പോള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ലിസ്റ്റ് അഥവാ സൂചനയാണ് അടുത്തതായി നല്‍കേണ്ടത്. ഉദാഹരണത്തിന് സാമ്പത്തികലക്ഷ്യം കൈവരിക്കാന്‍ ആഗ്രഹിക്കുമ്പോള്‍തന്നെ അതിനു മാര്‍ഗ്ഗ തടസ്സമായി വന്നേക്കാവുന്ന ചില ഭാരിച്ച ചെലവുകളെക്കുറിച്ച് - അസുഖമോ വിദ്യാഭ്യാസമോ ടാക്‌സോ അങ്ങനെ എന്തുമാവാം - പരാമര്‍ശം ഫിനാന്‍ഷ്യല്‍ പ്ലാനില്‍ ഉണ്ടാവുകതന്നെ വേണം. ഒപ്പം ചില കാര്യങ്ങള്‍കൂടി കണക്കിലെടുത്തുവേണം പ്ലാന്‍ തയ്യാറാക്കാന്‍.

അടുത്തത് ആസ്തി-ബാധ്യതാലിസ്റ്റും അതുവഴി കണക്കാക്കപ്പെടുന്ന അറ്റ ആസ്തിമൂല്യവുമാണ്. ഇത് തയ്യാറാക്കേണ്ട വിവരം മുന്‍ലക്കത്തില്‍ വിവരിച്ചിരുന്നു.

വരവ്-ചെലവ് കണക്കുകളുടെ സംക്ഷിപ്തരൂപമാണ് ഇനി വേണ്ടത്. പ്രതീക്ഷിക്കുന്ന വരുമാനത്തില്‍ (ശമ്പളം, വാടക, ബിസിനസ്, കാര്‍ഷികാദായം, ഡിവിഡന്റ്, പലിശ അങ്ങനെ ഏതുമാവാം) നിന്നും പ്രതീക്ഷിക്കുന്ന ചെലവ് (പലിശയിനത്തില്‍ നല്‍കേണ്ടത്, വീട്ടുചെലവ്, ടാക്‌സ് മുതലായവ) കിഴിച്ചാല്‍ ബാക്കിവരുന്നതിന് ില േരമവെ ളഹീം എന്നുപറയാം. തങ്ങള്‍ക്കു ലഭിക്കാവുന്ന വരുമാനവും ഉണ്ടായേക്കാവുന്ന ചെലവും കൃത്യമായിട്ടല്ലെങ്കില്‍കൂടി ഏകദേശ രൂപത്തില്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കും.

ടാക്‌സ്ഇനത്തില്‍ വന്നുകൊണ്ടിരിക്കുന്ന ബാധ്യത, ഭാവിയില്‍ വരാനിരിക്കുന്ന ബാധ്യത എന്നിവയെക്കുറിച്ചും പ്ലാനില്‍ വ്യക്തമായി പറഞ്ഞിരിക്കണം.

റിസ്‌ക് മാനേജ്‌മെന്റിനെക്കുറിച്ചാണ് അടുത്തത്. ബിസിനസ്, ലൈഫ്, ആരോഗ്യം, പ്രോപ്പര്‍ട്ടി അങ്ങനെ ഏതാണ്ടെല്ലാ കാര്യങ്ങളിലും റിസ്‌ക് (നഷ്ടസാധ്യത) അടങ്ങിയിരിക്കുന്നു. ഇനി ഇവയുടെ പരിരക്ഷയുടെ കാര്യം. ഇപ്പോള്‍ ലഭ്യമായ കവറേജ്, യഥാര്‍ഥത്തില്‍ ആവശ്യമായ റിസ്‌ക് കവറേജ് ഇവയെക്കുറിച്ച് പറയേണ്ടത് അനിവാര്യമാകുന്നു.

അടുത്തത് തങ്ങളുടെ കൈവശമുള്ള നിക്ഷേപശേഖരം. ഇപ്പോഴുള്ള നിക്ഷേപങ്ങളുടെ ലിക്വിഡിറ്റി, വൈവിധ്യവത്കരണം, റിസ്‌ക്, തങ്ങളുടെ സാമ്പത്തികലക്ഷ്യം കൈവരിക്കാനുതകുന്നതാണോ ഇവ എന്ന അവലോകനം ഈ ഘട്ടത്തില്‍ അത്യന്താപേക്ഷിതം. തങ്ങളാല്‍ മാനേജ് ചെയ്യാവുന്ന, വൈവിധ്യമാര്‍ന്ന, ലിക്വിഡിറ്റിക്ക് പ്രാധാന്യം നല്‍കുന്ന, തങ്ങളുടെ അഭിരുചിക്കിണങ്ങുന്ന നിക്ഷേപങ്ങളാവണം ഒരാളുടെ നിക്ഷേപശേഖരത്തില്‍ ഉണ്ടാവേണ്ടത്.

ചില പ്രത്യേക ഘട്ടങ്ങളില്‍ ആവശ്യമായി വന്നേക്കാവുന്ന ചില കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റുകള്‍ (മൂലധന നിക്ഷേപങ്ങള്‍). മക്കള്‍ക്കായി നല്‍കേണ്ടിവരുന്ന വിദ്യാഭ്യാസ-വിവാഹ ചെലവുകള്‍, വീട്, കാര്‍ എന്നിവയൊക്കെ ഇത്തരം ചെലവുകള്‍ക്ക് ഉദാഹരണം. ഭാവിയില്‍ ആവശ്യമായിവരുന്ന ഇത്തരം ചെലവുകള്‍ എപ്പോഴൊക്കെയാവും എന്ന് കൃത്യമായല്ലെങ്കിലും ഒരേകദേശരൂപത്തില്‍ മുന്‍കൂട്ടി പറയാനാവും. ഇവയെക്കുറിച്ചും പ്ലാനില്‍ കൃത്യമായി പറഞ്ഞിരിക്കണം.

ഫിനാന്‍ഷ്യല്‍ പ്ലാനില്‍ അവസാനമായി വരിക എസ്റ്റേറ്റ് പ്ലാനിങ് തന്നെ. തങ്ങളുടെ കാലശേഷം തങ്ങളുടെ സ്വത്തുക്കള്‍ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തങ്ങള്‍ ആഗ്രഹിക്കുന്നവരിലേക്ക് എത്തിച്ചേരുക എന്ന ഉദ്ദേശ്യത്തോടെയാണ് ഒരാള്‍ എസ്റ്റേറ്റ് പ്ലാനിങ് നടത്തുന്നത്. അങ്ങനെ തങ്ങള്‍ക്ക് കൈമാറ്റം ചെയ്യേണ്ടുന്ന സ്വത്തുക്കള്‍, അവ കൈമാറ്റം ആരിലേക്ക് എങ്ങനെ നിയമപരമായി കൈമാറ്റംചെയ്യാം എന്നത് ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇനമായ കാഷ് ഫ്‌ളോ മാനേജ്‌മെന്റിനെക്കുറിച്ച് (cash flow management) വരും ലക്കത്തില്‍ പറയാം.
Tags: How to prepare personal financial plan
»  News in this Section