
'ബജറ്റിനെക്കുറിച്ച് ഇതിനുമുന്‍പും പലതവണ കേട്ടിട്ടുണ്ട്. പക്ഷെ, ഇവയെക്കുറിച്ചെഴുതുന്നവരൊക്കെ ശമ്പളക്കാരെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് തോന്നുന്നു. കൃത്യമായ മാസവരുമാനം മുന്‍കൂട്ടി പറയാന്‍ സാധിക്കാത്ത ഞങ്ങള്‍ക്കെങ്ങനെ ഒരു ബജറ്റുണ്ടാക്കാന്‍ സാധിക്കും?' - ടൗണില്‍ സ്വന്തമായി ബിസിനസ് നടത്തുന്ന രാമകൃഷ്ണന്റെ വാക്കുകള്‍.
ശരിയാണ് ബജറ്റിനെക്കുറിച്ച് പറയുമ്പോള്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കുന്നത് കൃത്യമായ വരവിനെക്കുറിച്ചും 'കൃത്യ'മാക്കേണ്ട ചിലവുകളെക്കുറിച്ചുമാണ്. അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞവരെ പോലെയുള്ളവര്‍ ഇതിന്റെ പരിധിയ്ക്കു പുറത്തുപോകുന്നു. ഇത്തരക്കാര്‍ക്ക് ബജറ്റ് ഉണ്ടാക്കാനാകുമോ?
ബിസിനസുകാര്‍ക്കും, വരുമാനം കൃത്യമായി പ്രവചിക്കാനാവാത്തവര്‍ക്കും ബജറ്റ് ഉണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ ഇവരുടെ ബജറ്റ് ആദ്യ ബജറ്റില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. മൂന്ന് തരത്തിലുള്ള ബജറ്റ് ഇക്കൂട്ടര്‍ക്ക് അനിവാര്യമാകുന്നു. കഴിഞ്ഞ നാളുകളുടെ അവലോകനം ഇവര്‍ക്ക് ഒരു കാര്യം സാധ്യമാക്കുന്നു. തങ്ങള്‍ക്ക് ലഭ്യമായേക്കാവുന്ന കുറഞ്ഞ വരുമാനവും ഉണ്ടായേക്കാവുന്ന പരമാവധി ചെലവും എത്രയെന്ന് ഇത്തരമൊരു അവലോകനത്തിലൂടെ ഒരാള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ മൂന്ന് തരത്തിലുള്ള ബജറ്റുകളാണുണ്ടാക്കേണ്ടത്.
പ്രതീക്ഷിക്കുന്ന ഏറ്റവും കുറഞ്ഞവരുമാനവും ഉണ്ടായേക്കാവുന്ന ഏറ്റവും ഉയര്‍ന്ന ചെലവുകളും സമന്വയിപ്പിച്ചാണ് ആദ്യ ബജറ്റ് ഒരുക്കേണ്ടത്. കൃത്യവരുമാനം മുന്‍കൂട്ടി പറയാന്‍ സാധിക്കാത്തൊരാളെ സംബന്ധിച്ച് ഏറ്റവും പ്രതികൂലമായ സാഹചര്യത്തില്‍ ഉണ്ടാക്കപ്പെടുന്നൊരു ബജറ്റായി ഇതിനെ കാണണം.
അപ്പോള്‍ മറ്റേതോ? അത് ഇതിന് നേര്‍വിപരീതം. ലഭ്യമായേക്കാവുന്ന ഏറ്റവും ഉയര്‍ന്ന വരുമാനവും ഏറ്റവും കുറഞ്ഞ ചിലവുകളും ഇവിടെ സമന്വയിപ്പിക്കപ്പെടുന്നു. എല്ലാകാര്യങ്ങളും അനുകൂലമായ ഘട്ടത്തില്‍ ഉണ്ടാക്കപ്പെടുന്നൊരു ബജറ്റായി വേണം ഇതിനെ കാണാന്‍.
ഈ രണ്ടുകാര്യങ്ങളും പറഞ്ഞുകഴിയുമ്പോള്‍ മൂന്നാമത്തേത് ഏത് തരത്തിലുള്ളതായിരിക്കുമെന്ന് ഊഹിക്കാമല്ലോ? ഏറ്റവും മികച്ചതോ, മോശമായതോ അല്ലാത്ത അവസ്ഥയില്‍ ഉണ്ടാക്കപ്പെടുന്നൊരു ബജറ്റ്. ആദ്യം പറഞ്ഞ രണ്ടു ബജറ്റുകളുടെയും ആവറേജ് ആണ് ഇവിടെ എടുക്കുക എന്നതിനാല്‍ ഈ ബജറ്റിനെ ആവറേജ് കേസ് ബജറ്റ് എന്നു വിളിക്കാം.
ഇത്തരത്തില്‍ ഓരോ വിഭാഗത്തിനും (കൃത്യമായ വരുമാനം പ്രതീക്ഷിക്കാവുന്നവര്‍ക്കും അല്ലാത്തവര്‍ക്കും) അനുയോജ്യമായ ബജറ്റുണ്ടാക്കിയതിനു ശേഷം ഇനി എന്താണ് ചെയ്യേണ്ടതെന്നും കൃത്യമായി അറിഞ്ഞിരിക്കണം.
ബജറ്റിലൂടെ വകയിരുത്തപ്പെടുന്ന കാഷ് റിസര്‍വ് എന്തൊക്കെ കാര്യങ്ങള്‍ക്കാവണം ഉപയോഗിക്കേണ്ടത്?
എമര്‍ജന്‍സി അഥവാ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടുന്ന കരുതല്‍ ധനം തന്നെയാണ് കാഷ് റിസര്‍വ്. ബജറ്റിലൂടെ നേരത്തെ നിശ്ചയിക്കപ്പെട്ട ചിലവുകള്‍, ഇന്‍വെസ്റ്റ്‌മെന്റുകള്‍ ഇവയ്‌ക്കൊക്കെ ഈ കരുതല്‍ ധനം ആവശ്യമായി വരുന്നു. അതുകൊണ്ടുതന്നെ ലിക്വിഡിറ്റി ഏറ്റവും കൂടിയിരിക്കണം കാഷ് റിസര്‍വിന്. ബാങ്കുകളിലെ സേവിങ്‌സ് ബാങ്ക് (എസ്ബി) അക്കൗണ്ട് തന്നെ ഇതിന് ഏറ്റവും ഉചിതം. ഇത്തവണ ഏപ്രില്‍ ഒന്നോടുകൂടി പരിഷ്‌കരിക്കപ്പെട്ട പലിശയുടെ വരവ് വയ്ക്കല്‍ ഇത് കൂടുതല്‍ ആകര്‍ഷകമാക്കുന്നു. എന്നാല്‍ എസ്ബി അക്കൗണ്ടില്‍ ആവശ്യമില്ലാതെ വലിയ ബാലന്‍സ് ഉണ്ടായിട്ടുകാര്യമില്ല. സ്ഥിര നിക്ഷേപത്തിനെ അപേക്ഷിച്ച് ഇതിന്റെ നിരക്ക് കുറവാണെന്നതിനാലാണിത്.
എസ്ബി അക്കൗണ്ടില്‍ ഉണ്ടാവേണ്ട പരമാവധി തുക എന്തിനെയൊക്കെ ആസ്പദമാക്കി വേണം നിശ്ചയിക്കാന്‍? ഈ അക്കൗണ്ടില്‍ വരുന്ന തുകകളുടെ / പോകുന്ന തുകകളുടെ ഇടവേളകളേയും, ബാങ്ക് നിഷ്്കര്‍ഷിക്കുന്ന മിനിമം ബാലന്‍സും (അതില്ലാത്ത പക്ഷം ഈടാക്കുന്ന ചാര്‍ജ് ഒഴിവാക്കാന്‍), നിക്ഷേപകന്റെ കംഫര്‍ട്ട് ലെവലും ആധാരമാക്കി വേണം ഈ തുക നിശ്ചയിക്കാന്‍. ബാങ്കുകള്‍ നല്‍കുന്ന ക്രെഡിറ്റ് കാര്‍ഡുകളേയും ഓവര്‍ഡ്രാഫ്റ്റിനേയും കാഷ് റിസര്‍വിനായി ആശ്രയിക്കുന്ന മറ്റു ചിലരുണ്ട്. ഇവയ്ക്ക് ഈടാക്കപ്പെടുന്ന പലിശ താരതമ്യേന കൂടുതലാണെന്നതിനാല്‍ അച്ചടക്കതോടെ സാമ്പത്തികാസൂത്രണം നടത്തുന്നൊരാള്‍ ഇത് ഒഴിവാക്കുകതന്നെ വേണം. ഒരാള്‍ക്കു മൂന്ന് മുതല്‍ ആറ് മാസങ്ങള്‍ വരെ വേണ്ടിവരുന്ന കുടുംബ ചിലവുകള്‍ ഇത്തരം എമര്‍ജന്‍സി ഫണ്ടില്‍ നീക്കിവയ്ക്കുന്ന രീതിയും നിലവിലുണ്ട്.