സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കായി അല്പസമയം

Posted on: 18 Sep 2010



തിരക്ക് ഇന്നിന്റെ പ്രത്യേകതയാണ്. എന്തിനും ഏതിനും, ആര്‍ക്കും എപ്പോഴും തിരക്ക് തന്നെ. ഒന്നാംക്ലാസ്സില്‍ പഠിക്കുന്ന ഒരു കൊച്ചു കുട്ടിയും വിരമിച്ചതിനുശേഷം വിശ്രമജീവിതം നയിക്കുന്നു എന്ന് കരുതപ്പെടുന്നൊരാള്‍ക്കും ഒരുപോലെ അനുഭവപ്പെടുന്നൊരു കാര്യമുണ്ട് - 'സമയക്കുറവ്'.

ഈ തിരക്കിലും സമയക്കുറവിലുമൊക്കെ എല്ലാറ്റിനും അതിന്റേതായ സമയം കണ്ടെത്തുന്നവരുമുണ്ട്. അവരാണ് ജീവിതത്തില്‍ വിജയിക്കുന്നതും.

സാമ്പത്തിക ആസൂത്രണത്തിന് തയ്യാറെടുക്കുന്നൊരാള്‍ അല്പസമയം ഇതിനായി മാറ്റിവച്ചേ തീരൂ. സാമ്പത്തികലക്ഷ്യം ആണ് സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപടി എന്നു പറഞ്ഞു കഴിഞ്ഞു. ഇപ്പോഴുള്ള അവസ്ഥയുടെ വിലയിരുത്തലാണ് ഇതിന്റെ രണ്ടാംഘട്ടം. തന്റെ ഇപ്പോഴുള്ള അവസ്ഥ, ഭാവിയില്‍ എന്തൊക്കെ ചെയ്യാനാണ് ആഗ്രഹിക്കുന്നത്, എപ്പോഴൊക്കെയാണ് അത് നേടേണ്ടത്, എന്നൊക്കെയുള്ള ഒരു സ്വയം വിലയിരുത്തലാണ് വേണ്ടത്.

കേള്‍ക്കുമ്പോള്‍ വളരെ നിസ്സാരമെന്നു തോന്നാമെങ്കിലും അല്പസമയം ഇതിനായി നീക്കിവച്ചേ തീരൂ. ഇപ്പോഴത്തെ ആസ്തി ബാധ്യതയുടെ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ് ആദ്യം വേണ്ടത്.

ലണ്ടനില്‍ ജോലി ചെയ്യുന്ന സോണി വര്‍ഗ്ഗീസിന്റെ ആസ്തി - ബാധ്യതകള്‍ ഒന്നു പരിശോധിക്കാം. ബാങ്കിലെ സ്ഥിര നിക്ഷേപമായ പതിനെട്ട് ലക്ഷം രൂപയ്ക്കു പുറമെ ഒന്നരലക്ഷം രൂപ ഇദ്ദേഹത്തിന്റെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലുണ്ട്. കഴിഞ്ഞവര്‍ഷം നാട്ടില്‍ വന്നപ്പോള്‍ മാരുതി സ്വിഫ്റ്റ് കാര്‍ വാങ്ങിയതിന് ഒരു ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. വിവാഹസമയത്ത് വാങ്ങിയ 50 പവന്‍ സ്വര്‍ണവും കുടുംബസ്വത്തായി ലഭിച്ച 7 സെന്റ് സ്ഥലവും വീടും കൂടി കണക്കിലെടുത്താല്‍ സോണിയുടെ ആസ്തി - ബാധ്യതാ ലിസ്റ്റ് പൂര്‍ണമാകാന്‍ 13 ലക്ഷം രൂപയുടെ ഒരു എല്‍.ഐ.സി. പോളിസി കൂടി മാത്രം മതി. ഏതാണ്ട് ഒരു ബാലന്‍സ് ഷീറ്റ് മോഡലില്‍ ഇവ ഒന്ന് നിരത്തി നോക്കാം.

ഇവിടെ കാറിന്റെ വില തേയ്മാനം (depreciation) കഴിഞ്ഞുള്ളതും, എല്‍.ഐ.സി. പോളിസിയുടേത് സറണ്ടര്‍ വാല്യവും, കാര്‍ വായ്പയില്‍ കാണിച്ചിരിക്കുന്നത് തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുകയും, സ്വര്‍ണ്ണം - വീട് എന്നിവ ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയുമാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

ഇത്രയും ആയിക്കഴിഞ്ഞാല്‍ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന വരുമാനവും ചിലവുകളുമാണത്. ഇപ്പോഴത്തെ അവസ്ഥയില്‍ സോണിയ്ക്കും ജോലിക്കാരിയായ ഭാര്യയ്ക്കും കൂടി മാസാമാസം 2500 പൗണ്ടിനടുത്ത് ശമ്പളം (ഏതാണ്ട് 1,75,000 രൂപയ്ക്കുമേല്‍) ലഭിക്കുന്നുണ്ട്. വാടക, വീട്ട് ചിലവുകള്‍ ഉള്‍പ്പെടെ 85,000 രൂയാണ് പ്രതിമാസമുണ്ടാകുന്ന ശരാശരി ചിലവ്. 90,000 രൂപയുടെ സേവിങ്‌സ്. ഇവിടെ പ്രതിമാസം സാധ്യമാകുമെങ്കിലും വര്‍ഷാവര്‍ഷം നാട്ടില്‍ വരുമ്പോള്‍ ഏതാണ്ട് 4 ലക്ഷം രൂപയ്ക്കടുത്ത് ചിലവ് യാത്രാക്കൂലിയടക്കം ഉണ്ടാകുന്നുണ്ട്. അതായത് ഈ ചിലവ് കഴിഞ്ഞാല്‍ പ്രതിവര്‍ഷം ഏതാണ്ട് 5.50 ലക്ഷം രൂപയ്ക്കടുത്ത് മിച്ചം വയ്ക്കാന്‍ സോണിയ്ക്കാകുന്നു. നാട്ടിലെ ബാങ്ക് നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന പലിശ കൊണ്ട് എല്‍.ഐ.സി. പ്രീമിയം അടഞ്ഞു പോകുന്നുണ്ട്.

10 വര്‍ഷങ്ങള്‍ക്കു ശേഷം പ്രവാസിജീവിതം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ എറണാകുളത്ത് ഒരു വീട് എന്നതും, പ്രതിമാസം ജീവിക്കാന്‍ പെന്‍ഷന്‍ പോലൊരു തുക ലഭിക്കണമെന്നതും ഈ കമ്പനികളുടെ സ്വപ്‌നങ്ങളില്‍പ്പെടുന്നു.

ഈ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി അല്പസമയം നീക്കിവച്ചേ തീരൂ. എറണാകുളത്ത് ഒരു ഭവനം എന്നതില്‍നിന്നും അല്പം കൂടി മുന്നോട്ട് വരേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ 40 ലക്ഷം രൂപയ്ക്കടുത്താണ് ഇത്തരം ഒരു വീടിന്റെ വില എങ്കില്‍ അതെപ്പോഴാണ് വാങ്ങേണ്ടതെന്ന തീരുമാനമാണ് ആദ്യം കൈക്കൊള്ളേണ്ടത്. ആ തീരുമാനത്തിനൊപ്പം മറ്റൊന്നുകൂടി ആലോചിക്കേണ്ടിയിരിക്കുന്നു. 40 ലക്ഷം രൂപയില്‍ എത്ര തുക ബാങ്ക് വായ്പ എടുക്കേണ്ടിവരും? അതിന് വേണ്ടുന്ന നടപടിക്രമങ്ങളും തിരിച്ചടവും എപ്രകാരമായിരിക്കും? ഇപ്പോള്‍ വീട് വാങ്ങിയാല്‍, തങ്ങള്‍ നാട്ടില്‍ വരുംവരെ ഈ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്നും എന്തെങ്കിലും ആദായം (വാടകയോ മറ്റോ) തങ്ങള്‍ക്കു ലഭിക്കുമോ? സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങളും ചിലവുകളും എത്ര ആയിരിക്കും?

ഇപ്പോഴത്തെ അവസ്ഥയില്‍ 25 ലക്ഷം രൂപ ഭവനവായ്പ എടുക്കേണ്ടിവരും എന്നു കരുതുക. അങ്ങനെയെങ്കില്‍ പ്രതിമാസം ഏതാണ്ട് 24,000 രൂപയ്ക്കടുത്തുള്ള തിരിച്ചടവാണ് 20 വര്‍ഷത്തേക്ക് ഈ നിക്ഷേപകന്‍ പ്രതീക്ഷിക്കുന്നത്. പ്രതിമാസം വാടകയിനത്തില്‍ 7000 രൂപാ ഈ വീടിന് ലഭിക്കുമെന്നിരിക്കട്ടെ. അതായത് ബാങ്ക് വായ്പാ തിരിച്ചടവിന് 24,000 രൂപ പ്രതിമാസം കണ്ടെത്തണമെങ്കിലും 7000 രൂപാ വാടകഇനത്തില്‍ ലഭിക്കുമെന്നതിനാല്‍, ഇപ്പോഴുള്ള തന്റെ പ്രതിമാസ നീക്കിയിരിപ്പില്‍ നിന്നും 17,000 രൂപ സോണിയ്ക്ക് കണ്ടെത്തിയാല്‍ മതി. തന്റെ ഇപ്പോഴത്തെ സാമ്പത്തികാവസ്ഥ അതിന് അനുവദിക്കുന്നുണ്ടോ എന്ന് സ്വയം വിലയിരുത്തണം.

ഒപ്പം പ്രതിമാസം പെന്‍ഷന്‍ ലഭിക്കേണ്ടത്തുന്ന തുക എത്രയാണെന്നും അത്തരത്തിലൊരു പെന്‍ഷന്‍ തുക പത്തുവര്‍ഷങ്ങള്‍ക്കുശേഷം ലഭിക്കാന്‍ ഇപ്പോള്‍ എത്രയാണ് മാറ്റിവയേ്ക്കണ്ടതെന്നും അറിയണം. ബാങ്കിന്റെ റെക്കറിങ് ഡെപ്പോസിറ്റ്, മ്യൂച്വല്‍ ഫണ്ട്, പെന്‍ഷന്‍ പ്ലാന്‍ എന്നിവയ്ക്കായി പ്രതിമാസം 25,000 രൂപ കൂടി ഈ നിക്ഷേപകന്‍ മാറ്റിവയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. പ്രതിമാസം ഇദ്ദേഹത്തിന്റെ വരവ് -ചിലവ് കണക്കുകള്‍ ഇങ്ങനെ സംഗ്രഹിക്കാം.

ഇപ്പോള്‍ പറഞ്ഞ നിക്ഷേപങ്ങള്‍ക്കും ചിലവുകള്‍ക്കുമൊടുവിലും നിക്ഷേപകന്റെ നീക്കിയിരുപ്പ് 16,165 രൂപയാണ്. 58,165 രൂപയുടെ നീക്കിയിരിപ്പില്‍ നിന്നും 16,165 രൂപയായി കുറയുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഒന്നാമത്തേത് ലിക്വിഡിറ്റിയില്‍ വരുന്ന വ്യതിയാനം, രണ്ടാമത്തേത് റിസ്‌ക് എടുക്കുന്നതിനോടുള്ള നിക്ഷേപകന്റെ താത്പര്യം. അവയെക്കുറിച്ച് പിന്നാലെ...

Tags: Financial Planning, Money Guru, Manoj Thomas, Time
»  News in this Section