സാമ്പത്തിക ലക്ഷ്യം കൈവരിക്കാന്‍

Posted on: 30 Sep 2010



''1200 സ്‌ക്വയര്‍ഫീറ്റില്‍ ഒരു നില വീട് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കി. ഏതാണ്ട് 18 ലക്ഷം രൂപയായി എല്ലാം കൂടി. 12 ലക്ഷം രൂപയുടെ ഭവനവായ്്പയും നാളിതുവരെയുള്ള സമ്പാദ്യവും എല്ലാം ചേര്‍ന്നാണ് ഒരു വിധത്തില്‍ ഇത്രയും തട്ടിക്കൂട്ടിയത്. 800 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുള്ള രണ്ടാം നില എന്റെ സ്വപ്‌നത്തിന്റെ മട്ടുപ്പാവില്‍ ഇപ്പോഴുമുണ്ട്. 5 വര്‍ഷം കഴിഞ്ഞ് അത് തീര്‍ക്കണമെന്നും ഒരു ചെറിയ കുടുംബത്തിന് വാടകയ്ക്ക് നല്‍കണമെന്നും ആഗ്രഹിക്കുന്നു'' അധ്യാപകനായ ശ്രീകുമാറിന്റെ സ്വപ്നം.

അധ്യാപികയായ ഭാര്യയ്ക്കും ശ്രീകുമാറിനും കൂടി 34,000 രൂപയ്ക്കുമേല്‍ മാസശമ്പളം. ഭവനവായ്പ എടുത്ത വകയിലെ തിരിച്ചടവ് 11,520 രൂപ. വീട്ടുചിലവുകള്‍ക്കും മറ്റുമായി പ്രതിമാസം കുടുംബ ബജറ്റില്‍ മാറ്റിവയ്ക്കുന്നത് 10,000 രൂപ. പ്രൊവിഡന്റ് ഫണ്ട് - ഇന്‍ഷുറന്‍സ് ഇനത്തില്‍ പ്രതിമാസം 3400 രൂപയ്ക്കടുത്ത് വേറെ വേണം. ഇങ്ങനെയൊരു ഘട്ടത്തില്‍ ശ്രീകുമാറിന്റെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമോ?

ഒരു സാമ്പത്തികലക്ഷ്യം ഉണ്ടായിരിക്കുക എന്നത് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ ആദ്യ ഘട്ടമാണെന്നും, ഇപ്പോഴുള്ള അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലാണ് രണ്ടാം ഘട്ടമെന്നും മുമ്പ് തന്നെ പറഞ്ഞല്ലോ? ഇത്തരത്തിലുള്ള വിലയിരുത്തലില്‍ കൂടി കിട്ടിയ ഡാറ്റ സ്വയം അനലൈസ് ചെയ്യേണ്ടതുണ്ട്. ഇതാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ മൂന്നാം ഘട്ടം.

സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യഘട്ടത്തില്‍ തയ്യാറാക്കിയ ആസ്തി-ബാധ്യതാ ലിസ്റ്റ്, ഇപ്പോള്‍ ലഭ്യമായ വരുമാന-ചിലവ് കണക്കുകള്‍ ഇവ കണക്കിലെടുത്ത് നേരത്തെ മനസ്സില്‍ കണ്ട സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാവുമോ എന്ന് പരിശോധിക്കുന്നു. ഇത്തരം അനാലിസിസില്‍ കൂടി തങ്ങള്‍ തങ്ങളുടെ വരുമാനത്തിന് അനുസൃതമാണോ ജീവിക്കുന്നത്. ഭാവിയിലെ സാമ്പത്തികലക്ഷ്യം കൈവരിക്കുന്നതിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനത്തില്‍ നിന്നുള്ള നീക്കിയിരുപ്പ് മതിയാകുമോ എന്നും മറ്റും ഒരാള്‍ക്ക് സ്വയം പരിശോധിക്കാനാകുന്നു.

ഒരുദാഹരണം പറയാം. കുടുംബത്തിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സിനായി മാത്രം വര്‍ഷം 12,000 രൂപ പ്രീമിയം ഇനത്തില്‍ നല്‍കുന്നു ഒരു കുടുംബ നാഥന്‍. സൂക്ഷിച്ച് ചിലവുകള്‍ അനാലൈസ് ചെയ്ത ഈ നിക്ഷേപകന് ബോധ്യമായി; സീരിയസ് ആയുള്ള അസുഖങ്ങളുള്‍പ്പെടെ തനിക്ക് എന്തെങ്കിലും വന്നാന്‍ 100 ശതമാനം റീ ഇംബേഴ്‌സ്‌മെന്റും ഫാമിലിയില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ 90 ശതമാനം റീ ഇംബേഴ്‌സ്‌മെന്റും എംപ്ലോയര്‍ (തൊഴില്‍ദാതാവ്) തരുമ്പോള്‍ താനെന്തിന് ഒരു പോളിസി കൂടി എടുക്കണം. ഇത്തരം പരിരക്ഷ ലഭ്യമല്ലാത്തവര്‍ക്കല്ലേ ഇമ്മാതിരി പോളിസിയുടെ ആവശ്യം?

ഇനി മറ്റൊരാളുടെ അനുഭവം. ഭവന വായ്പയെടുത്ത് വീടു പണിയില്ല എന്ന് വാശി പിടിച്ചയാളിന് അവസാനം വീട് പണി തീര്‍ക്കാന്‍ തന്റെ പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കേണ്ടി വന്നു. ഇന്‍കം ടാക്‌സ് ഇളവുകള്‍ ഇക്കാരണത്താല്‍ തന്നെ നഷ്ടമായ ഇയാള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപയ്ക്ക് മേല്‍ ടാക്‌സ് നല്‍കേണ്ടി വരുന്നു. വ്യക്തമായൊരു സാമ്പത്തിക ആസൂത്രണത്തില്‍ വന്ന അഭാവത്തിന് നല്‍കേണ്ടി വന്ന വില. ഇതിനു പുറമേ അറിയാതെ മറ്റൊരു അബദ്ധവും അയാള്‍ ചെയ്തു. ബാങ്കില്‍ ഇന്‍കംടാക്‌സ് ഇനത്തില്‍ ഇളവ് ലഭിക്കുകയായിരുന്ന പ്രത്യേക സ്ഥിര നിക്ഷേപത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാതെ, അതിനെക്കുറിച്ച് അറിയാതെ, സാധാരണ നിക്ഷേപത്തില്‍ പണം ഇന്‍വെസ്റ്റ് ചെയ്ത ഇദ്ദേഹത്തിന് അങ്ങനെ കിട്ടേണ്ടിയിരുന്ന ഇളവും ലഭ്യമല്ലാതായി.

ഇത്തരത്തിലുള്ള അവലോകനം ഒരാളെ രണ്ട് രീതിയില്‍ സഹായിക്കുന്ന ഒന്ന് തന്റെ ആസൂത്രണത്തില്‍ വന്ന പാകപ്പിഴകളെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കുന്നു. രണ്ടാമത്തേത് തന്റെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനായി ചെയ്യേണ്ടുന്ന ചില അത്യാവശ്യ 'കറക്ഷനുകള്‍' മുന്‍കൂട്ടി ചെയ്യാന്‍ അയാളെ പ്രാപ്തനാക്കുന്നു.

ഇത്രയുമായിക്കഴിഞ്ഞാല്‍ ഇനി വേണ്ടത് സാമ്പത്തിക ലക്ഷ്യം കൈവരിക്കാനുതകുന്ന വ്യക്തമായ ഒരു പ്ലാന്‍ തയ്യാറാക്കുക എന്നതാണ്. ഇത്തരം പ്ലാന്‍ തയ്യാറാക്കുമ്പോള്‍ ഒന്നോര്‍മ്മിക്കണം. രണ്ട് വ്യക്തികള്‍ ഒരിക്കലും ഒരേ പോലെയല്ല. അതുപോലെ തന്നെയാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങും. ഒരാള്‍ക്ക് അനുയോജ്യമായ പ്ലാന്‍ വേറൊരാള്‍ക്ക് ഇണങ്ങിക്കൊള്ളണമെന്നില്ല. ഓരോരുത്തരുടെയും ആവശ്യങ്ങള്‍, കഴിവ്, ലക്ഷ്യം എന്നിവയൊക്കെ കണക്കിലെടുത്ത് വേണം പ്ലാന്‍ തയ്യാറാക്കാന്‍.

ഇത്തരം പ്ലാനിങ്ങില്‍ ലക്ഷ്യം (സാമ്പത്തിക ലക്ഷ്യം) നേടാന്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്നും, അത് എപ്പോഴാണ് എന്തൊക്കെ സ്രോതസ്സുകള്‍ ഉപയോഗിച്ചാണ് ചെയ്യേണ്ടതെന്നുമുള്ള വ്യക്തമായ രൂപരേഖ ഉണ്ടായിരിക്കണം. ഇത്തരം പ്ലാന്‍ ഒരു ഡോക്യുമെന്റ് പോലെ എഴുതി തയ്യാറാക്കുന്നത് അതിന്റെ ഗൗരവവും പ്രാധാന്യവും വര്‍ധിപ്പിക്കാനിടയാക്കും.

വര്‍ഷാരംഭത്തില്‍, അടുക്കും ചിട്ടയോടും കൂടി താന്‍ ഈ വര്‍ഷം പഠിക്കും എന്ന് പ്രതിജ്ഞയെടുത്ത് അതിനനുസരിച്ച് ടൈംടേബിള്‍ എഴുതി തയ്യാറാക്കുന്ന ചില കുട്ടികളുണ്ട്. ആരംഭശൂരത്വം ഇവരില്‍ പലരും കാണിക്കാറുണ്ടെങ്കിലും, കാലക്രമേണ ഈ ടൈംടേബിള്‍ അവര്‍ അവഗണിക്കുന്നു. ഒടുവില്‍ ഇത് കാണുമ്പോഴുളവാകുന്ന ജാള്യത ഒഴിവാക്കാനായി ടൈംടേബിള്‍ തന്നെ അവര്‍ കീറിക്കളയുന്നു. ഇതു പോലെയാവരുത് നിങ്ങള്‍ ഉണ്ടാക്കുന്ന പ്ലാന്‍. ഈപ്ലാനില്‍ പറയും പോലെ, പണം മാറ്റി വയ്ക്കാനും, മാറ്റി വയ്ക്കുന്ന പണം പ്ലാനില്‍ അനുശാസിക്കും പോലെ നിക്ഷേപിക്കാനും കഴിയണം. എങ്കില്‍ മാത്രമേ എഴുതപ്പെട്ട പ്ലാനിന് സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിലൂടെ പൂര്‍ണ്ണതയുണ്ടാകൂ.
Tags: Financial Planning, Goals, Money Guru, Manoj Thomas
»  News in this Section