ആശങ്കകളില്‍ നിന്ന് സ്വപ്‌നം കാണാം

Posted on: 29 Aug 2010



നിങ്ങള്‍ സ്വപ്നങ്ങള്‍ കാണണം എന്ന് കുട്ടികളോട് പറഞ്ഞത് ഇന്ത്യയുടെ മുന്‍ പ്രസിഡന്റായ അബ്ദുള്‍ കലാമാണ്. ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനേക്കുറിച്ച് പറയുമ്പോള്‍ ആദ്യപടി എന്നത് ഇത് തന്നെയാണ്. 'സ്വപ്‌നങ്ങള്‍' എന്നതിനെ കുറച്ച് കൂടി വിശദമാക്കേണ്ടതുണ്ട്. സ്വപ്‌നം കാണുന്നൊരാള്‍ക്കേ ലക്ഷ്യം ഉണ്ടാവൂ. നല്ലൊരു ജോലി, കാറ്, വീട് - അങ്ങനെ ഒരാളുടെ സ്വപ്നങ്ങള്‍ എന്തുമാവാം! അതെന്തു തന്നെ ആയിക്കൊള്ളട്ടെ ഇത്തരം സ്വപ്‌നങ്ങളാണ് ഒരാളെ ലക്ഷ്യബോധമുണ്ടാക്കാന്‍ പ്രാപ്തനാകുന്നത്.

നിങ്ങള്‍ അവധിക്കാലയാത്രകള്‍ നടത്തുന്നവരല്ലേ? യാത്ര തുടങ്ങുന്നതിന് നാളുകള്‍ മുന്‍പേ ഇത്തവണ എവിടെയാണ്, എങ്ങനെയാണ് പോകേണ്ടത് എന്നും മറ്റുമുള്ള രൂപരേഖ നിങ്ങളുടെ മനസില്‍ തയ്യാറായിക്കഴിഞ്ഞിരിക്കും. അല്പം കൂടി അച്ചടക്കം ആഗ്രഹിക്കുന്നവര്‍ ഇത് എഴുതിതന്നെ തയ്യാറാക്കിയിരിക്കും. ഏത് സമയത്ത് എവിടെ നിന്ന് പുറപ്പെടും, എത്തിച്ചേരുന്ന സ്ഥലങ്ങള്‍, അവിടങ്ങളിലെ താമസം, കാണേണ്ട സംഗതികള്‍, ഇവയ്ക്ക് വരുന്ന ചിലവുകള്‍.... ഇവയുടെയെല്ലാം തന്നെ കൃത്യമായ രൂപരേഖ കൈവശം വയ്ക്കുന്നവരുടെ യാത്ര സുഗമമായിരിയ്ക്കും.

ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റെ തുടക്കവും ഇങ്ങനെ തന്നെ ആയിരിക്കണം. എന്താണ് നിങ്ങളുടെ ലക്ഷ്യം? പലപ്പോഴും വ്യക്തമായൊരു ലക്ഷ്യം നമുക്കുണ്ടാവാറില്ലെന്നതൊരു വസ്തുതയാണ്. കൃത്യമായ ലക്ഷ്യം ഇല്ലായെങ്കില്‍ പോലും അത്രയൊന്നും കൃത്യതയില്ലാത്ത ചില കാര്യങ്ങള്‍ നാം മനസ്സില്‍ വിചാരിക്കുകയും ചെയ്യും.

'ശമ്പളമൊക്കെ മികച്ചതു തന്നെ, പക്ഷേ മടുത്തു ഈ മത്സരയോട്ടവും ആവേശവുമൊക്കെ ആദ്യകാലങ്ങളില്‍ ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ഇന്നിപ്പോ പ്രായം നാല്പതു കഴിഞ്ഞപ്പോ ജോലിയില്‍ പഴയതുപോലെ ത്രില്‍ ലഭിക്കുന്നില്ല. കുറച്ച് നാള്‍ കഴിഞ്ഞ് ഈ ജോലിയില്‍ നിന്ന് മാറി സ്വന്തമായി എന്തെങ്കിലും ആരംഭിക്കണമെന്നു കരുതുകയാ. പക്ഷേ ഇത്രയും നാള്‍ ലഭിച്ചതുപോലെയുള്ള കൃത്യമായ മാസവരുമാനം ഉണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് ആശങ്ക. ജോലിയില്‍ നിന്ന് വിരമിച്ചാലും സാമാന്യം ഭേദമായി ജീവിക്കാന്‍ ലഭിക്കേണ്ടുന്ന വരുമാനം, മകന്റേയും മകളുടേയും വിദ്യാഭ്യാസത്തിന് വേണ്ടുന്ന ചിലവുകള്‍, മകളുടെ വിവാഹത്തിന് വേണ്ടിവരുന്ന തുക. ഇവയൊക്കെയാണ് ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിനേക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ വരുന്നത്'' -പറയുന്നത് മെഡിക്കല്‍ റെപ്രസന്റേറ്റീവ് ആയ സിബിച്ചന്‍.

സാമ്പത്തിക ആസൂത്രണത്തേക്കുറിച്ചും, സാമ്പത്തിക ലക്ഷ്യങ്ങളെക്കുറിച്ചുമൊക്കെ അവബോധമുള്ളയാളാണെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ ഒരു കാര്യം വ്യക്തമാകും. സാമ്പത്തിക ലക്ഷ്യങ്ങളേക്കാളുപരി ഇദ്ദേഹം നിരത്തിയത് സാമ്പത്തികമായുള്ള അദ്ദേഹത്തിന്റെ ആശങ്കകളാണ്. ഇത്തരം ആശങ്കകള്‍ ലക്ഷ്യങ്ങളാക്കി മാറ്റുക എന്നതാണ് സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപടി.

ഈ ആശങ്കകളെ പ്ലാനുകള്‍ ആക്കി മാറ്റുക എങ്ങനെ എന്നു നോക്കാം. വയസ് നാല്പത് കഴിഞ്ഞു. ഈ നെട്ടോട്ടം അവസാനിപ്പിക്കണം എന്നതിനു പകരം ഏത് വയസ്സില്‍ വിരമിക്കണം എന്നതിന് കൃത്യമായ ഒരു ഉത്തരം ആദ്യമേ കണ്ടെത്തണം. 50 വയസ്സോ 55 വയസ്സോ ആണ് മുന്നില്‍ കാണുന്നതെങ്കില്‍ അവിടെ നിന്നു വേണം ആരംഭിക്കാന്‍.

ഇനി അടുത്ത ആശങ്ക -റിട്ടയര്‍മെന്റിന് ശേഷവും സാമാന്യം ഭേദമായി ജീവിക്കാന്‍ വേണ്ടുന്ന വരുമാനം മാസാമാസം ലഭിക്കണം. എന്താണ് സാമാന്യം ഭേദമായുള്ള ജീവിതം? അല്ലെങ്കില്‍ ഇത്തരം ഒരു ജീവിതത്തിന് മാസാമാസം എത്ര രൂപ ലഭിക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്? ഇത്തരം ലക്ഷ്യം കണക്കാക്കുമ്പോള്‍ പണത്തിന്റെ മൂല്യശോഷണം കൂടി കണക്കിലെടുക്കണമെന്നത് ഓര്‍മ്മിപ്പിക്കട്ടെ. ഇപ്പോഴത്തെ പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്ത് കഴിഞ്ഞാല്‍ മാസം 25,000 രൂപ വരുമാനം ഉണ്ടാവണമെന്ന് പ്രതീക്ഷിക്കുന്നത് കൃത്യതയാര്‍ന്ന സാമ്പത്തിക ലക്ഷ്യം.

ഇനി കുറച്ചുകൂടി വ്യക്തമായ ലക്ഷ്യത്തിലെത്താം. ഇപ്പോള്‍ 40 വയസ്സുള്ളയാള്‍ 50 വയസ്സെത്തുമ്പോള്‍ ജോലിയില്‍ നിന്നും സ്വയം വിരമിക്കാന്‍ ആഗ്രഹിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 10 വര്‍ഷങ്ങള്‍ ബാക്കി. ഈ പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഇയാള്‍ ജോലി അവസാനിപ്പിക്കുമ്പോള്‍ അത്ര 'മോശമല്ലാത്ത' രീതിയില്‍ ജീവിക്കാന്‍ അയാള്‍ക്ക് മാസാമാസം 25,000 രൂപ ലഭിക്കണം. അതായത് ഇത്തരത്തിലുള്ള വരുമാനം ലഭ്യമാക്കുന്ന റിട്ടയര്‍മെന്റ് പ്ലാനുകളേക്കുറിച്ചറിഞ്ഞ് ഇപ്പോള്‍ മുതല്‍ അതില്‍ നിക്ഷേപിച്ചു തുടങ്ങണം എന്നര്‍ത്ഥം. ഇപ്പോള്‍ മുതല്‍ 10 വര്‍ഷത്തേക്കാണ് ഇത്തരത്തിലുള്ള നിക്ഷേപം അയാള്‍ക്കു നടത്താനാവുക.

ഇനി ഒരു പ്രവാസിയുടെ ആഗ്രഹം '4 വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ നാട്ടിലേക്കു മടങ്ങും. പ്രവാസി അല്ലാതായാല്‍ ടാക്‌സ് നല്‍കേണ്ടി വരുമെന്നതിനാല്‍, ടാക്‌സ് നല്‍കിയതിനു ശേഷം എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാനമുണ്ടാവണമെന്നതാണ് എന്റെ ലക്ഷ്യം. ഞാന്‍ ജീവിച്ചിരിക്കുവോളം ഇത് ലഭിക്കുകയും എന്റെ നിക്ഷേപം അങ്ങനെ തന്നെ തുടരുകയും വേണം!''

ഇത്തരം ലക്ഷ്യങ്ങള്‍ കൃത്യമായി ഉണ്ടായിരിക്കുക എന്നതാണ് സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപടി. ഒന്നില്‍ കൂടുതല്‍ ലക്ഷ്യങ്ങള്‍ ഒരാള്‍ക്കുണ്ടാവുക സ്വാഭാവികം. അങ്ങനെയുള്ള അവസരത്തില്‍ ഇത്തരം ലക്ഷ്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ രൂപപ്പെടുത്തണം.

ഇത്രയുമായാല്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

Tags: Financial Planning, Dream Big, Manoj Thomas, Savings
»  News in this Section