ആവശ്യങ്ങള്‍ക്കൊത്ത് സാമ്പത്തിക ആസൂത്രണം

Posted on: 31 Jul 2010''ഹോ മാര്‍ച്ച് മാസം പണത്തിന് വലിയ ബുദ്ധിമുട്ടാ. ഇന്‍കംടാക്‌സ് ഇനത്തില്‍ നല്ലൊരു തുക പിടിച്ചതിനുശേഷം കൈയ്യില്‍ കിട്ടുന്ന ശമ്പളം വളരെ കുറവായിരിക്കും. ക്രെഡിറ്റ് കാര്‍ഡിന്റെ കൂടെ ബലത്തിലാണ് പലപ്പോഴും ആ മാസം കടത്തിവിടുന്നത്''-പറയുന്നത് ഒരു സ്വകാര്യ കമ്പനിയുടെ ബാംഗ്ലൂര്‍ റീജണല്‍ മാനേജര്‍ റോബി.

സാമ്പത്തിക ആസൂത്രണത്തിന്റെ അഭാവം ഈ വാക്കുകളില്‍ വ്യക്തം. എന്നാല്‍ ചിലരെങ്കിലും ഇത്തരം ചില അപകടം മുന്നില്‍ക്കണ്ട് വേണ്ട ചില മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. ''ഞാന്‍ മാര്‍ച്ച് മാസം ഒന്നാം തീയതി തന്നെ എന്റെ പേരില്‍ ഒരു റെക്കറിങ് ഡെപ്പോസിറ്റ് ആരംഭിക്കും. പ്രതിമാസം 1500 രൂപാ നിരക്കില്‍ 12 മാസത്തേക്ക് ആരംഭിക്കുന്ന ഈ ഡെപ്പോസിറ്റ് എല്ലാ മാര്‍ച്ചിലും കാലാവധിയെത്തുമ്പോള്‍ 20,000 രൂപയ്ക്കടുത്ത് ലഭിക്കും. അതുകൊണ്ട് തന്നെ ടാക്‌സ് ബാധ്യത ഒഴിവാക്കാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടുണ്ടാകാറില്ല'' -പറയുന്നത് പ്രൊവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥയായ ജോളി.

അറിയാതെയാണെങ്കിലും സാമ്പത്തിക ആസൂത്രണം തന്നെയാണ് ജോളി നടത്തുന്നത്. പക്ഷേ ഇവിടെ ഒരൊറ്റ ലക്ഷ്യം മാത്രമാണ് മുന്നില്‍ കാണുന്നത്. മാര്‍ച്ച് മാസം വരുന്ന ഭാരിച്ച ടാക്‌സ് ബാധ്യത വലിയ പ്രയാസം കൂടാതെ മറികടക്കുക. ഒരൊറ്റ ലക്ഷ്യം മാത്രമാക്കി നടത്തുന്ന ഇത്തരം സാമ്പത്തികാസൂത്രണത്തിന് ഇംഗ്ലീഷില്‍ SINGLE PURPOSE VIEW OF FINANCIAL PLANNING എന്നാണ് പറയുക.

ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ റീജണല്‍ ഹെഡായ ബിനു ജോസഫിന്റെ വാക്കുകള്‍ ശ്രദ്ധിക്കാം. ''വര്‍ഷാവര്‍ഷം അമ്പതിനായിരം രൂപാ ഞാന്‍ എല്‍.ഐ.സി.യുടെ പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നുണ്ട്. ചെറിയൊരു തുക നല്‍കി റൈഡര്‍ ഓപ്ഷന്‍ കൂടി എടുത്തിരിക്കുന്നതിനാല്‍ ഈ നിക്ഷേപത്തിന് മൂന്ന് ഉദ്ദേശ്യങ്ങളാണുള്ളത്. എനിക്ക് പെന്‍ഷന്‍ ലഭിക്കാത്ത ജോലി ആയതിനാല്‍ റിട്ടയര്‍മെന്റ് സമയത്ത് പെന്‍ഷന് തത്തുല്യമായൊരു തുക മാസാമാസം ലഭിക്കുക. ടാക്‌സ് ഇനത്തില്‍ ഓരോവര്‍ഷവും വേണ്ട കിഴിവ് നേടിയെടുക്കുക. ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക.''

ബിനു ജോസഫും സാമ്പത്തികാസൂത്രണം നടത്തുന്നൊരാള്‍ തന്നെ. പക്ഷേ, ആദ്യത്തെ ആളില്‍ നിന്നും വിഭിന്നമായി ഈയൊരു നിക്ഷേപത്തില്‍ കൂടി ബിനുവിന് ഒന്നില്‍ക്കൂടുതല്‍ ഉദ്ദേശ്യങ്ങളുണ്ട്. ഇത്തരം സാമ്പത്തികാസൂത്രണത്തിന് ഇംഗ്ലീഷില്‍ MULTIPLE PURPOSE VIEW OF FINANCIAL PLANNING എന്നാണ് പറയുക.

''40 വയസ് കഴിഞ്ഞ എനിക്ക് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരുവീട് പണിയണം. ഏതാണ്ട് 20 ലക്ഷം രൂപ കണ്ടെത്തിയേ തീരൂ അതിന്. 12 ലക്ഷത്തിന്റെ ബാങ്ക് വായ്പയും 8 ലക്ഷത്തിന്റെ സേവിങ്‌സും കൊണ്ട് അതിനു സാധിയ്ക്കുമെന്നു കരുതുന്നു. ഇത്രയും ഭാരിച്ച ലോണ്‍ ബാധ്യത വരുമെന്നതിനാല്‍ ഒരു ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി വേണമെന്നുണ്ട്. 8 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മകന്റെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിവരുന്ന നീക്കിയിരുപ്പാണ് അടുത്തത്. 30 ശതമാനം ടാക്‌സ് ബ്രാക്കറ്റില്‍ വരുന്നതിനാല്‍ കഴിയുന്നത്ര ടാക്‌സ് ഇളവുകള്‍ ലഭ്യമാക്കേണ്ടതും ആവശ്യം തന്നെ. അടുത്ത വര്‍ഷം അവസാനത്തോടെ ഒരു കാര്‍ വാങ്ങണമെന്നും കരുതുന്നു. അതിനായി 5 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. 3.50 ലക്ഷം രൂപാ കാര്‍ ലോണ്‍ ഇനത്തിയും ബാക്കി കൈയ്യില്‍നിന്നും മാര്‍ജിനായി നല്‍കാമെന്നും കരുതുകയാണ്. 32,000 രൂപാ മാസവരുമാനത്തില്‍ ഇന്‍ഷുറന്‍സ്, പ്രൊവിഡന്റ് ഫണ്ട് തുകകള്‍ കിഴിച്ചാല്‍ 28,000 രൂപയാണ് കൈയ്യില്‍ കിട്ടുക. എന്റെ ഇപ്പോഴത്തെ പരിതസ്ഥിതി, സാമ്പത്തിക ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്ത് അവയ്ക്കുതകുന്ന ഒരു പ്ലാന്‍ തയ്യാറാക്കണം''-പറയുന്നത് ബാങ്കുദ്യോഗസ്ഥനായ മുരളി.

ഇദ്ദേഹവും അറിഞ്ഞോ അറിയാതെയോ പ്ലാനിങ് തന്നെയാണ് നടത്തുന്നത്. പക്ഷേ ഇവിടെ എന്തൊക്കെ കാര്യങ്ങള്‍ അദ്ദേഹം കണക്കിലെടുത്തു! ഇപ്പോള്‍ ലഭിക്കുന്ന വരുമാനം, വര്‍ഷാവര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്ന അഥവാ നിറവേറ്റാനാഗ്രഹിക്കുന്ന സാമ്പത്തിക ആവശ്യങ്ങള്‍, അതിനായി വേണ്ടിവരുന്ന പണം, എടുക്കേണ്ടിവരുന്ന ലോണുകള്‍, ടാക്‌സ് ബാധ്യത എന്നിങ്ങനെ ഏതാണ്ടെല്ലാവശങ്ങളും ഇദ്ദേഹം പരിഗണിക്കുന്നുണ്ട്. COMPREHENSIVE VIEW OF FINANCIAL PLANNING എന്നാണ് ഇത്തരം സാമ്പത്തിക ആസൂത്രണം അറിയപ്പെടുന്നത്.

എങ്ങനെയാണ് ഒരാള്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ് നടത്തേണ്ടത്. എന്തൊക്കെ കാര്യങ്ങളാണ് സാമ്പത്തിക ആസൂത്രണം നടത്തുമ്പോള്‍ ഒരാള്‍ പരിഗണിക്കേണ്ടത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അടുത്ത ലക്കത്തില്‍ പ്രതിപാദിയ്ക്കാം.Tags: Financial Planning
»  News in this Section