മ്യൂച്വല്‍ ഫണ്ടുകള്‍ വിവിധ തരം
Posted on: 09 Jul 2011

ഒരാള്‍ക്ക് വ്യക്തവും തീവ്രവുമായ ചില ലക്ഷ്യങ്ങള്‍ ഉണ്ടാവുമ്പോള്‍ മുഴുവന്‍ പ്രപഞ്ചവും അയാളെ അതിനു സഹായിക്കുമെന്ന് പ്രശസ്ത സാഹിത്യകാരനായ പൗലോ കൊയ്‌ലോ. ആല്‍ക്കമിസ്റ്റ് എന്ന പ്രശസ്തമായ നോവലില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മനുഷ്യന്റെ ഇച്ഛാശക്തിക്കു മുന്നില്‍ വഴി മാറാത്തതെന്തുണ്ട്?
ഫിനാന്‍ഷ്യല്‍ പ്ലാനിങ്ങിന്റേയും ആദ്യപടി തീവ്രമായ ആഗ്രഹവും വ്യക്തമായ ലക്ഷ്യവും തന്നെ. ഇത്തരം ലക്ഷ്യപ്രാപ്തിക്കായി സാമ്പത്തികാസൂത്രണം നടത്തുമ്പോള്‍ ഒരു കാര്യം ഓര്‍മിക്കുക. മറ്റുള്ളവര്‍ എന്തു ചെയ്തു അഥവാ എന്തു ചെയ്യുന്നു എന്ന് ആസ്പദമാക്കിയാവരുത് നിങ്ങളുടെ നിക്ഷേപം. ഈ ലോകത്തില്‍ ഒരാളെപ്പോലെ മറ്റൊരാള്‍ ഇല്ല എന്നു പറയുംപോലെ, നിങ്ങളുടെ കഴിവുകള്‍, പ്രശ്‌നങ്ങള്‍, അവസരങ്ങള്‍, ആഗ്രഹങ്ങള്‍, മാനസികവും ശാരീരികവുമായ ബലം ഇവയൊക്കെ നിങ്ങള്‍ക്കു മാത്രം സ്വന്തം. അതുകൊണ്ടു തന്നെ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞതിനു ശേഷം തീരുമാനമെടുക്കേണ്ടത് നാം ഓരോരുത്തരുമാണ്.
മ്യൂച്വല്‍ഫണ്ടുകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഓപ്പണ്‍ എന്‍ഡഡ്, ക്ലോസ് എന്‍ഡഡ് സ്‌കീമുകളെക്കുറിച്ച് പറഞ്ഞു കഴിഞ്ഞു.
ചില അടിസ്ഥാന നിറങ്ങളുണ്ട്. വിവിധ രീതിയിലും അനുപാതത്തിലുമുളള അവയുടെ സമന്വയംകൊണ്ട് പുതിയ നിറങ്ങള്‍ നാം സൃഷ്ടിച്ചെടുക്കും. അതുപോലെതന്നെയാണ് മ്യൂച്വല്‍ഫണ്ടുകളും. ഓരോ കമ്പനികളും ചില പ്രത്യേകതകള്‍ ചാലിച്ചെടുത്ത് വിവിധ നിറങ്ങളില്‍ തങ്ങളുടെ ഫണ്ടുകള്‍ അവതരിപ്പിക്കും. വിവിധ പേരുകളില്‍ പ്രത്യക്ഷപ്പെടുന്ന ഈ ഫണ്ടുകള്‍ തങ്ങള്‍ക്കിണങ്ങുന്നതാണോ എന്നു തിരിച്ചറിഞ്ഞ് നിക്ഷേപിക്കേണ്ട ബാധ്യത നിക്ഷേപകനു തന്നെയാണ്.
ഏറ്റവും ലളിതമായി, മ്യൂച്വല്‍ഫണ്ടുകളെ ഇങ്ങനെ തരംതിരിക്കാം.
Equity Funds - ഇക്വിറ്റി ഫണ്ട്‌സ്
Bond Funds - ബോണ്ട് ഫണ്ട്‌സ്
Hybrid Funds - ഹൈബ്രിഡ് ഫണ്ട്‌സ്
Money Market Funds - മണി മാര്‍ക്കറ്റ് ഫണ്ട്‌സ്
ആദ്യത്തെ ഇനമായ Equity Fundsല്‍, പേരില്‍ പറയുംപോലെ, നിക്ഷേപം നടത്തുന്നത് ഓഹരികളിലാണ്. ഇനി ഇതേ വിഭാഗം തന്നെ പല പേരില്‍ വിവിധ കമ്പനികള്‍ അവതരിപ്പിക്കും. ഗ്രോത്ത് ഫണ്ട്‌സ് (Growth Funds), വാല്യു ഫണ്ട്‌സ് (Value Funds), മിഡ് കാപ് ഫണ്ട്‌സ് (Mid Cap Funds), ഇക്വിറ്റി ഇന്‍കം ഫണ്ട്‌സ് (Equity Income Funds), ഇന്‍ഡക്‌സ് ഫണ്ട്‌സ് (Index Funds), സെക്റ്റര്‍ ഫണ്ട്‌സ് (Sector Funds), ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം (Equity Linked Savings Schemes) എന്നിങ്ങനെ പോകുന്നു ഇക്വിറ്റി ഫണ്ട്‌സിന്റെ തരംതിരിവുകള്‍.
മൂലധന വളര്‍ച്ച ലക്ഷ്യമാക്കിയാണ് ഗ്രോത്ത് ഫണ്ട്‌സ് സ്‌കീം ആവിഷ്‌കരിച്ചിരിക്കുന്നത്. തങ്ങളുടെ റിസര്‍ച്ച് ടീമിന്റെ പഠനശേഷം മികച്ച മൂലധനവളര്‍ച്ച കൈവരിക്കും എന്നു പ്രതീക്ഷിക്കുന്ന കമ്പനികളുടെ ഓഹരികളിലാണ് നിക്ഷേപം നടത്തുന്നത്. അല്പം റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്ന, മൂലധന വളര്‍ച്ച മൂന്നോ അഞ്ചോ വര്‍ഷങ്ങള്‍ക്കകം പ്രതീക്ഷിക്കുന്നൊരു നിക്ഷേപകന് ഇവിടെ നിക്ഷേപമാവാം. വിവിധ തരം ഇക്വിറ്റി ഫണ്ടുകളെക്കുറിച്ച് അടുത്ത അധ്യായത്തില്‍ വിശദീകരിക്കാം.
Tags: Different types of Mutual Funds