
ബിസിനസ് രംഗത്ത് മൂന്ന് വ്യാഴവട്ടം പിന്നിടുകയാണ് ഒബറോണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.മുഹമ്മദ്. കൊച്ചി ഇടപ്പള്ളിയിലെ ഒബറോണ്‍ മാള്‍, ദുബായ് ആസ്ഥാനമായുള്ള ഫ്‌ളോറ ഹോട്ടല്‍സ് എന്നിവയുടെ സാരഥിയായ ഇദ്ദേഹം പുതിയ സംരംഭങ്ങളെക്കുറിച്ച് എംബി4ഫിന്‍ ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ വിശദീകരിച്ചു. ഈ വര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഫ്‌ളോറ ഗ്രൂപ്പ് ഹോട്ടല്‍സ് ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഹോട്ടല്‍ കൊച്ചിയിലെ നെടുമ്പാശ്ശേരിയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നില്‍ ആരംഭിക്കുകയാണ്. ഇതിനോട് ചേര്‍ന്ന് കണ്‍വെന്‍ഷന്‍ സെന്ററുമുണ്ടാവുമെന്ന് എം.എ.മുഹമ്മദ് വ്യക്തമാക്കി.
അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍:
കൊച്ചിയിലെ ഹോട്ടല്‍ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കാമോ?
നെടുമ്പാശ്ശേരിയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലാണ് ഫ്‌ളോറ എയര്‍പോര്‍ട്ട് ഹോട്ടല്‍ എന്ന പേരില്‍ ഹോട്ടല്‍ നിര്‍മിക്കുന്നത്. 4 സ്റ്റാര്‍ കാറ്റഗറിയിലുള്ളതാണ് ഈ ഹോട്ടല്‍. 60 റൂമുകളും 9 സ്യൂട്ടുകളുമുണ്ടാവും. 1500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്ററും 700 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളുമാണ് എയര്‍പോര്‍ട്ട് ഹോട്ടലിലെ പ്രത്യേകത. ഒബറോണ്‍ ഗ്രൂപ്പിന്റെ ഫുഡ് സര്‍ക്കിള്‍ ഹോട്ടലിലുണ്ടാവും. എട്ട് മാസത്തിനുള്ളില്‍ ഫ്‌ളോറ എയര്‍പോര്‍ട്ട് ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാകും. 20 കോടി രൂപയാണ് മുതല്‍മുടക്ക്.
ഫ്‌ളോറയ്ക്ക് നിലവില്‍ എവിടെയൊക്കെയാണ് ഹോട്ടലുകളുള്ളത്?
ദുബായിലാണ് ഞങ്ങളുടെ ആസ്ഥാനം. നിലവില്‍ യുഎഇയില്‍ ആറ് ഹോട്ടലുകളാണുള്ളത്. ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടല്‍, ഹോട്ടല്‍ ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍, ഫ്‌ളോറിഡ ഹോട്ടല്‍ ദുബായ്, ഫ്‌ളോറ ക്രീക്ക് ഹോട്ടല്‍ അപാര്‍ട്‌മെന്റ്‌സ്, ഫ്‌ളോറ പാര്‍ക്ക് ഹോട്ടല്‍ അപാര്‍ട്‌മെന്റ്‌സ്, ഫ്‌ളോറ ഹോട്ടല്‍ അപാര്‍ട്‌മെന്റ്‌സ് എന്നിവയാണിത്. ഇതില്‍ ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടല്‍ 4 സ്റ്റാര്‍ ഹോട്ടലാണ്. ഫ്‌ളോറ ക്രീക്ക് ഹോട്ടല്‍ അപാര്‍ട്‌മെന്റ്‌സ്, ഫ്‌ളോറ പാര്‍ക്ക് ഹോട്ടല്‍ അപാര്‍ട്‌മെന്റ്‌സ്, ഫ്‌ളോറ ഹോട്ടല്‍ അപാര്‍ട്‌മെന്റ്‌സ് എന്നിവ അപാര്‍ട്‌മെന്റ് ഹോട്ടലുകളാണ്. ഏഴാമത്തെ ഹോട്ടല്‍ പദ്ധതിയാണ് കൊച്ചിയിലേത്. ഇന്ത്യയിലെ ആദ്യത്തേതും.
ഒബറോണ്‍ മാള്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയല്ലോ?
വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കേരളത്തിലെ ഷോപ്പര്‍ടെയിന്‍മെന്റ് ഡെസ്റ്റിനേഷനായി മാറാന്‍ ഒബറോണ്‍ മാളിന് കഴിഞ്ഞിട്ടുണ്ട്. 3.55 ലക്ഷം ചതുരശ്രയടിയില്‍ തീര്‍ത്തിരിക്കുന്ന മാള്‍ സെന്‍ട്രലി എയര്‍കണ്ടീഷന്‍ഡാണ്. വിവിധ തരത്തിലുള്ള ഷോപ്പുകള്‍, ബ്രാന്‍ഡഡ് ഷോറൂമുകള്‍, ഫുഡ് സര്‍ക്കിള്‍, വാനില ഷോപ്‌സ് (കിയോസ്‌കുകള്‍), മള്‍ട്ടിപ്ലെക്‌സ്, കുട്ടികളുടെ വിനോദ കേന്ദ്രം, സ്‌കേറി ഹൗസ്, മിറര്‍ മേസ്, സ്പാ എന്നിവയൊക്കെ അടങ്ങുന്ന സമ്പൂര്‍ണ ഷോപ്പിങ് മാളാണ് ഒബറോണ്‍. റിലയന്‍സ് റീട്ടെയിലിന്റെ അഞ്ച് ഫോര്‍മാറ്റ് സ്‌റ്റോറുകള്‍ മാളിലുണ്ട്. റിലയന്‍സ് ട്രെന്‍ഡ്‌സ്, റിലയന്‍സ് ഫൂട്ട്പ്രിന്റ്, റിലയന്‍സ് ടൈംഔട്ട്, റിലയന്‍സ് ഹൈപ്പര്‍ മാര്‍ക്കറ്റ്, റിലയന്‍സ് കിച്ചന്‍ എന്നിവയാണിത്. നാലാം നിലയിലാണ് കുട്ടികളുടെ കളിസ്ഥലമായ ബൂമറാങ്. വിവിധ തരത്തിലുള്ള ഗെയിം സോണുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഫുഡ് സര്‍ക്കിള്‍ എങ്ങനെയുണ്ട്?
നാലാം നിലയില്‍ 13,500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഫുഡ് സര്‍ക്കിള്‍ തീര്‍ത്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഫുഡ് കോര്‍ട്ടാണിത്. 375 സീറ്റുകളുണ്ട്. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും നല്ല തിരക്കാണ്. വിവിധ തരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ ഫുഡ് സര്‍ക്കിളില്‍ ഒരുക്കിയിട്ടുണ്ട്. ഒബറോണ്‍ മാളിന് പുറത്തേക്കും 'ഫുഡ് സര്‍ക്കിള്‍' വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി കൊച്ചിയില്‍ പനമ്പിള്ളി നഗറില്‍ ഫുഡ് സര്‍ക്കിള്‍ തുടങ്ങി. നെടുമ്പാശ്ശേരിയില്‍ കൊച്ചി വിമാനത്താവളത്തിന് മുന്നില്‍ ഞങ്ങള്‍ തുടങ്ങുന്ന ഹോട്ടലിലും ഫുഡ് സര്‍ക്കിളുണ്ടാവും. കേരളത്തിലെ മറ്റു നഗരങ്ങളിലേക്കും ഫുഡ് സര്‍ക്കിളുകള്‍ വ്യാപിപ്പിക്കും.
ഒബറോണ്‍ മാളില്‍ പുതുതായി എന്തൊക്കെയാണ് തുടങ്ങുന്നത്?
സ്‌പൈസ് റൂട്ട് എന്ന പേരില്‍ എത്‌നിക് തീം റെസ്‌റ്റോറന്റ് ജൂലായോടെ തുടങ്ങും. നാലാം നിലയില്‍ 4,500 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ഇത് ഒരുക്കുന്നത്. മൊത്തം 129 സീറ്റുകളുണ്ടാവും. ഇരുണ്ട പാതയും ഹുക്കകളും സ്‌കൈ വ്യൂവുമൊക്കെയായി പ്രത്യേക തരം അനുഭവം തന്നെയാവുമിവിടെ. തറയില്‍ വെള്ള ഇറ്റാലിയന്‍ മാര്‍ബിള്‍. ഇതിന് മധ്യത്തിലായി നിഴലില്‍ ചലിക്കുന്ന ക്ലോക്ക് കൗതുകം പകരും.
ഹോം സ്‌റ്റൈല്‍ എന്ന പേരില്‍ വീട്ടിലേക്ക് ആവശ്യമായ ഫര്‍ണീഷിങ് ഉത്പന്നങ്ങളുടെ സ്റ്റോറും ഉടന്‍ ആരംഭിക്കും. ഫര്‍ണീച്ചര്‍, ആര്‍ട്ടിഫിഷ്യല്‍ പ്ലാന്റുകള്‍, ഇന്റീരിയര്‍ - എക്സ്റ്റീരിയര്‍ ഉത്പന്നങ്ങള്‍, കിച്ചന്‍ കാബിനറ്റ്, ബാത്ത് റൂം ലിനന്‍, കാര്‍പെറ്റ്, മാട്രസ്, പില്ലോസ്, പെയിന്റിങ്ങുകള്‍ എന്നിവയൊക്കെ 'ഹോം സ്‌റ്റൈലി'ല്‍ ഉണ്ടാവും.
കഴിഞ്ഞ മാസങ്ങളില്‍ മള്‍ട്ടിപ്ലെക്‌സും സ്പായും ആരംഭിച്ചു. സിനിമാക്‌സിന്റേതാണ് മള്‍ട്ടിപ്ലെക്‌സ്. കേരളത്തിലെ ആദ്യ മള്‍ട്ടിപ്ലെക്‌സാണിത്. മൊത്തം നാല് സ്‌ക്രീനുകളാണുള്ളത്. അവധി ദിവസങ്ങളില്‍ നല്ല തിരക്കുണ്ട്.
എടിഇ ഗ്രൂപ്പുമായി ചേര്‍ന്നാണ് 'ഇല' എന്ന പേരിലുള്ള സ്പാ തുടങ്ങിയിരിക്കുന്നത്. ജിം, സോന, ജാക്വിസി, ബ്യൂട്ടി സലൂണ്‍, ഹെല്‍ത്ത് ഫുഡ് കഫെ എന്നിവയൊക്കെ 'ഇല'യുടെ പ്രത്യേകതകളാണ്.