|
റിസര്‍ച്ച് ഇന്‍ മോഷന്‍ ഇന്ത്യാ
മാനേജിങ് ഡയറക്ടര്‍ സുനില്‍ ദത്ത്
|
ബ്ലാക്‌ബെറി സ്മാര്‍ട്ട്‌ഫോണുകളുടെ നിര്‍മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) കമ്പനിയെക്കുറിച്ച് ആഗോളതലത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ് ഇപ്പോള്‍. ലോക മാധ്യമങ്ങളിലെങ്ങും ഈ കനേഡിയന്‍ കമ്പനിയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ജൂണില്‍ അവസാനിക്കുന്ന ത്രൈമാസത്തിലും ആഗോളപ്രവര്‍ത്തനം നഷ്ടത്തിലായിരിക്കുമെന്ന് റിം സൂചിപ്പിച്ചതോടെയാണ് കമ്പനിയുടെ ഭാവി തന്നെ ആശങ്കയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്.
മറ്റേതെങ്കിലുമൊരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കമ്പനിയെ വില്‍ക്കുക എന്നതുമാത്രമാണ് റിമ്മിന് മുന്നിലുള്ള മാര്‍ഗം എന്നുവരെ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുകയാണ് കമ്പനിയുടെ ഇന്ത്യാ മാനേജിങ് ഡയറക്ടറായ സുനില്‍ ദത്ത്.
പ്രതിസന്ധിയെ തുടര്‍ന്ന് ഏതെങ്കിലുമൊരു എതിരാളിക്ക് കമ്പനിയെ വില്‍ക്കുമെന്നു വരെ റിപ്പോര്‍ട്ടുകളുണ്ടല്ലോ? ഇന്ത്യന്‍ മേധാവി എന്ന നിലയില്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
കമ്പനിയുടെ ആഗോള പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. വെറും ഊഹാപോഹങ്ങളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഊഹാപോഹങ്ങളെക്കുറിച്ച് കമ്പനി സാധാരണ പ്രതികരിക്കാറില്ല. ദീര്‍ഘകാല വളര്‍ച്ച, ലക്ഷ്യംവച്ചുള്ള സ്ട്രാറ്റജിയാണ് കമ്പനി ഒരുക്കുന്നത്. അതിനാല്‍ ഏതാനും മാസങ്ങളിലെ പ്രകടനം വച്ച് ഭാവിയെ വിലയിരുത്തുന്നത് ശരിയല്ല. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ താത്ക്കാലികമാണ്.
ചെലവുചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ടല്ലോ?
ചെലവുചുരുക്കലിന്റെ ഭാഗമായി ഇന്ത്യയില്‍ ഒരു ജീവനക്കാരനെ പോലും പിരിച്ചുവിടില്ല. ഏതാണ്ട് 120 ജീവനക്കാരാണ് നിലവില്‍ കമ്പനിക്ക് ഇന്ത്യയിലുള്ളത്.
ഇന്ത്യയില്‍ നിന്ന് മികച്ച വില്‍പന ലഭിക്കുന്ന സാഹചര്യത്തില്‍ ഇവിടെ നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ പദ്ധതിയുണ്ടോ?
ഇന്ത്യയില്‍ തത്കാലം നിര്‍മാണ പ്ലാന്റ് തുടങ്ങാന്‍ ഉദ്ദേശ്യമില്ല. എന്നാല്‍, ഇന്ത്യയിലുള്ള സോഫ്റ്റ്‌വേര്‍-മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാരുടെ സേവനം കമ്പനി പ്രയോജനപ്പെടുത്തുന്നുണ്ട്. നിലവില്‍ ഇന്ത്യയില്‍ നിന്ന് 30, 000 ഡെവലപ്പര്‍മാര്‍ റിമ്മിനു വേണ്ടി ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് ഇത് 4, 000 മാത്രമായിരുന്നു.
ഇന്നവേഷന്‍ സോണ്‍ തുടങ്ങാനായി കൊച്ചിയെ തിരഞ്ഞെടുത്തത്?
കമ്പനിയുടെ ഏഷ്യാ-പസഫിക് മേഖലയിലെ ആദ്യ ഇന്നവേഷന്‍ സോണാണ് കൊച്ചിയില്‍ കളമശ്ശേരി കിന്‍ഫ്രാ പാര്‍ക്കിലുള്ള സ്റ്റാര്‍ട്ട്അപ് വില്ലേജില്‍ തുടങ്ങിയിരിക്കുന്നത്. വിദ്യാഭ്യാസം, സംരംഭകതാത്പര്യം, പുതിയ ആശയങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള വൈദഗ്ധ്യം എന്നിവയിലെല്ലാം മലയാളികള്‍ ഏറെ മുന്നിലാണ്. അതിനാലാണ് കൊച്ചിയില്‍ തന്നെ ഇന്നവേഷന്‍ സോണ്‍ തുടങ്ങിയത്. യുവാക്കളിലും വിദ്യാര്‍ഥികളിലും പുത്തന്‍ ആശയങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് റൂബസ് ലാബ്‌സ് എന്ന പേരിലുള്ള സോണിന്റെ ഉദ്ദേശ്യം. ആശയങ്ങള്‍ രൂപപ്പെടുത്താനുള്ള സാങ്കേതിക സഹായം റിം ഒരുക്കിക്കൊടുക്കും.
കേരളത്തിലെ നിക്ഷേപ അന്തരീക്ഷത്തെക്കുറിച്ച്?
മികച്ചൊരു നിക്ഷേപസൗഹൃദ സംസ്ഥാനം തന്നെയാണ് കേരളം. മാത്രമല്ല, സാക്ഷരതയുടെ കാര്യത്തിലും സംരംഭക മികവിലുമൊക്കെ കേരളം വളരെ മുന്നിലല്ലേ?
പുതിയ ഉത്പന്നങ്ങള്‍?
ബ്ലാക്‌ബെറി കേര്‍വ് സീരീസില്‍ 9220, 9230 എന്നീ ഹാന്‍ഡ്‌സെറ്റുകള്‍ കഴിഞ്ഞമാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3ജി എനേബിള്‍ഡ് ഫോണാണ് 9230. ഇതിനുപുറമെ, മിക്ക മോഡലുകളുടെയും വില കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ ഓപ്പറേറ്റിങ് സിസ്റ്റം?
'ബ്ലാക്‌ബെറി 7' സീരീസിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇപ്പോള്‍ ബ്ലാക്‌ബെറി ഫോണുകളില്‍ ഉപയോഗിക്കുന്നത്. 'ബ്ലാക്‌ബെറി 10' വികസിപ്പിച്ചുവരികയാണ്. ഈ വര്‍ഷം തന്നെ ഇത് അവതരിപ്പിക്കാനാവും.
സുരക്ഷ മുന്‍നിര്‍ത്തി ബ്ലാക്‌ബെറി സന്ദേശങ്ങള്‍ കൈമാറണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നല്ലോ?
ഓരോ രാജ്യത്തെയും നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അതിനാല്‍ തന്നെ, സന്ദേശങ്ങള്‍ സര്‍ക്കാരിന് കൂടി ലഭ്യമാകുന്ന തരത്തില്‍ നിയമപരമായ മാര്‍ഗ്ഗം ഒരുക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച സൊല്യൂഷന്‍ സര്‍ക്കാരിന് കൈമാറിയിട്ടുമുണ്ട്.