
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കോര്‍ ബാങ്കിങ്ങിന്റെ മാതൃകയില്‍ കോര്‍ ഫിനാന്‍ഷ്യല്‍ സൊലൂഷന്‍ നടപ്പാക്കുന്നു. ഒരു മാസത്തിനകം ഇത് പൂര്‍ണമായും സജ്ജമാകുമെന്ന് കെഎഫ്‌സി ഇന്‍-ചാര്‍ജ് മാനേജിങ് ഡയറക്ടര്‍ കെ.എം.നായര്‍ വെളിപ്പെടുത്തി.
എംബി4ഫിന്‍ ഡോട്ട് കോമുമായുള്ള അഭിമുഖത്തില്‍ കെഎഫ്‌സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കോര്‍ ഫിനാന്‍ഷ്യല്‍ സൊലൂഷനെക്കുറിച്ച് വ്യക്തമാക്കാമോ?
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ആണ് കോര്‍ ഫിനാന്‍ഷ്യല്‍ സൊലൂഷന്‍ നടപ്പാക്കുന്നത്. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയോട് കിടപിടിക്കത്തക്കവണ്ണം കെഎഫ്‌സിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്ക്കരണം നടപ്പാക്കുന്നത്. കോര്‍ ഫിനാന്‍ഷ്യല്‍ സൊലൂഷന്‍ നടപ്പാക്കുന്നതോടെ മേഖലാ, ശാഖാ തലങ്ങളില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനാകും. ഇതുവഴി ഇടപാടുകാര്‍ക്കുള്ള സേവനവും കൂടുതല്‍ മെച്ചപ്പെടുത്താനാകും. ഏതാണ്ട് രണ്ട് കോടി രൂപയാണ് കോര്‍ ഫിനാന്‍ഷ്യല്‍ സൊലൂഷനായി ചെലവാക്കുന്നത്.
ഇതിന്റെ മറ്റു നേട്ടങ്ങള്‍?
ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും ഒരുപോലെ ഗുണകരമാണ് കോര്‍ ഫിനാന്‍ഷ്യല്‍ സൊലൂഷന്‍. കെഎഫ്‌സിയുടെ ഇടപാടുകാരായ സംരംഭകര്‍ക്ക് ഓണ്‍ലൈനായി തന്നെ വായ്പയ്ക്ക് അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. വായ്പാ കണക്കുകള്‍ പരിശോധിക്കുകയും ചെയ്യാം. വായ്പകള്‍ വേഗത്തില്‍ ലഭ്യമാക്കാമെന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ മേന്മ. കോര്‍പ്പറേഷന്റെ അപ്രൈസല്‍ സംവിധാനം കാര്യക്ഷമമാക്കാനും പുതിയ കേന്ദ്രീകൃത കമ്പ്യൂട്ടര്‍വത്ക്കരണം സഹായിക്കും. മാനേജ്‌മെന്റ് ഡാറ്റാ കളക്ഷനും എളുപ്പമാകും.
കെഎഫ്‌സി ആര്‍ക്കൊക്കെയാണ് വായ്പ നല്‍കുന്നത്?
കേരളത്തിലെ ചെറുകിട - ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കുള്ള വായ്പകളാണ് കെഎഫ്‌സി മുഖ്യമായും ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ 40,000ത്തോളം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി 4,300 കോടി രൂപയുടെ വായ്പ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രകടനം എങ്ങനെയുണ്ടായിരുന്നു?
എല്ലാ പ്രവര്‍ത്തന മേഖലകളിലും മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2009-10ല്‍ 615.93 കോടി രൂപയുടെ വായ്പയാണ് കോര്‍പ്പറേഷന്‍ അനുവദിച്ചത്. 2008-09ല്‍ ഇത് 373.14 കോടി രൂപയായിരുന്നു. 65 ശതമാനം വളര്‍ച്ച. വായ്പ വിതരണം ചെയ്യുന്ന കാര്യത്തിലും മികച്ച വളര്‍ച്ച കൈവരിച്ചു. 43 ശതമാനമാണ് ഇതിലെ വര്‍ധന. 293.39 കോടി രൂപയില്‍ നിന്ന് 419.53 കോടി രൂപയായാണ് ഇത് ഉയര്‍ന്നത്. ലാഭം 33.72 കോടി രൂപയായി ഉയര്‍ന്നു. തൊട്ടു മുന്‍ വര്‍ഷം ഇത് 11.70 കോടി രൂപ മാത്രമായിരുന്നു. മികച്ച പ്രവര്‍ത്തന ഫലത്തെതുടര്‍ന്ന് കെഎഫ്‌സി ചരിത്രത്തിലാദ്യമായി 7.91 കോടി രൂപ സര്‍ക്കാരിന് ലാഭവീതമായി നല്‍കി. അത് മൂലധനമായി സര്‍ക്കാര്‍ മടക്കി നല്‍കി. ഈ തുക ഉപയോഗിച്ച് നിര്‍മാണ മേഖലയിലെ വ്യവസായങ്ങള്‍ക്ക് ഏഴ് ശതമാനം പലിശ നിരക്കില്‍ വായ്പ അവതരിപ്പിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തെ വായ്പാ ലക്ഷ്യം?
ഈ സാമ്പത്തിക വര്‍ഷം 750 കോടി രൂപയുടെ വായ്പ അനുവദിക്കാനാണ് ലക്ഷ്യമിടുന്നത്. വായ്പാവിതരണ ലക്ഷ്യം 650 കോടി രൂപയാണ്.
കിട്ടാക്കടം കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?
2.41 ശതമാനമാണ് 2009-10ലെ അറ്റനിഷ്‌ക്രിയാസ്തി. 2006-07ല്‍ ഇത് 48.52 ശതമാനമായിരുന്നു. ഈ വര്‍ഷമിത് രണ്ട് ശതമാനത്തിനും താഴെയെത്തിക്കാനാകും.
ഇതെങ്ങനെ സാധ്യമായി?
കടക്കെണിയിലായ കമ്പനികളെ ഏറ്റെടുത്ത് വില്‍ക്കുന്ന ഏര്‍പ്പാട് നിര്‍ത്തി; പകരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി കാര്യക്ഷമമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 100 കോടിയിലധികം രൂപയുടെ കിട്ടാക്കടമാണ് തീര്‍പ്പാക്കിയത്. കിട്ടാക്കടം (നിഷ്‌ക്രിയാസ്തി) കുറയ്ക്കുന്നതിന്റെ ഭാഗമായി അപ്രൈസല്‍ സംവിധാനവും കാര്യക്ഷമമാക്കി. വായ്പ അനുവദിക്കുമ്പോള്‍ തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങി. വായ്പ അനുവദിക്കുമ്പോള്‍ തന്നെ ആ സംരംഭത്തിന്റെ ലാഭക്ഷമതയെക്കുറിച്ചും മറ്റും പരിശോധിക്കുന്നുണ്ട്.
കോര്‍പ്പറേഷന്റെ മൂലധന അടിത്തറ എത്രമാത്രം ശക്തമാണ്?
മൂലധന അടിത്തറയുടെ കാര്യത്തില്‍ കെഎഫ്‌സി വളരെ ശക്തമായ നിലയിലാണ് ഇപ്പോള്‍. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും 9 ശതമാനമെങ്കിലും മൂലധന പര്യാപ്തതാ അനുപാതം വേണമെന്നാണ് റിസര്‍വ് ബാങ്ക് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ കെഎഫ്‌സിയുടെ അനുപാതം 27.88 ശതമാനമുണ്ട്. കോര്‍പ്പറേഷന്റെ ശക്തമായ സാമ്പത്തിക അടിത്തറയെയാണ് ഇത് സൂചിപ്പിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 150 കോടി രൂപയുടെ മൂലധനം സര്‍ക്കാര്‍ നല്‍കി. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയ്ക്കായാണ് ഇത് മുഖ്യമായും വിനിയോഗിച്ചത്. ഇതുവഴി ബാലന്‍സ് ഷീറ്റ് ക്ലീനാക്കാന്‍ സാധിച്ചു.
ഏതൊക്കെ തരം വായ്പകളാണ് കെഎഫ്‌സി ലഭ്യമാക്കുന്നത്?
ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കുള്ള വിവിധയിനം വായ്പകളാണ് കോര്‍പ്പറേഷന്‍ ലഭ്യമാക്കുന്നത്. ടേം ലോണ്‍, വര്‍ക്കിങ് കാപ്പിറ്റല്‍ ടേം ലോണ്‍ എന്നിവയാണ് മുഖ്യമായും നല്‍കുന്നത്. ഇവയ്ക്ക് 10.5 ശതമാനമാണ് പലിശ. ഊര്‍ജ സംരക്ഷണ പദ്ധതികള്‍ക്കായി കുറഞ്ഞ നിരക്കില്‍ വായ്പ, വസ്തു ജാമ്യം നല്‍കാന്‍ കഴിയാത്തവര്‍ക്കായി ക്രെഡിറ്റ് ഗാരന്റി പദ്ധതി, വനിതാ വ്യവസായ സംരംഭകര്‍ക്കായി കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്ന പദ്ധതി എന്നിവയും നടപ്പിലാക്കിയിട്ടുണ്ട്. ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനുള്ള പദ്ധതി ഭക്ഷ്യമന്ത്രാലയത്തിന്റെയും സിഡ്ബിയുടെയും സഹകരണത്തോടെ നടപ്പാക്കിവരുന്നു. മൈക്രോഫിനാന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വായ്പ നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്.
പ്രവാസി മലയാളികള്‍ക്കുള്ള വായ്പാ പദ്ധതി എങ്ങനെയുണ്ട്?
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസി മലയാളികള്‍ക്കായി നടപ്പാക്കിയ പദ്ധതിയാണിത്. ഏഴ് ശതമാനം നിരക്കിലാണ് വായ്പ നല്‍കുന്നത്. പദ്ധതിയ്ക്ക് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചിട്ടില്ല. ഇതുവരെ 92 സംരംഭങ്ങള്‍ക്കാണ് വായ്പ നല്‍കിയത്.
കെഎഫ്‌സി നല്‍കുന്ന മറ്റു സേവനങ്ങള്‍?
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി കണ്‍സള്‍ട്ടന്‍സി ഡിവിഷന്‍ തുടങ്ങിയിട്ടുണ്ട്. പുതുതായി വ്യവസായ സംരംഭം തുടങ്ങുന്ന സംരംഭകര്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതു മുതല്‍ വായ്പ ലഭ്യമാക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ സഹായമെത്തിക്കുകയാണ് ലക്ഷ്യം.